ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടിയായിരുന്നു മോഹനി. തമിഴിലും തെലുങ്കിലും എല്ലാം ഗ്ലാമറസ്സ് വേഷങ്ങളിലും തിളങ്ങിയ മോഹിനി വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെയും മനം കവര്‍ന്ന നായികയാണ്. വിനീത് നായകനായി പുറത്തിറങ്ങിയ ഗസല്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തില്‍ എത്തിയത്.
ഗസല്‍ ഹിറ്റായി മാറിയതിന് പിന്നാലെ പരിണയം, നാടോടി, പട്ടാഭിഷേകം, പഞ്ചാബി ഹൗസ് എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി താരം. ഇപ്പോള്‍ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് മോഹിനി. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനിയുടെ ജീവിതം മറ്റു നടിമാരില്‍ നിന്നും അല്പം വ്യത്യസ്തമാണ്.
കോയമ്പത്തൂരിലെ ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാര്‍ത്ഥ പേര്. എന്നാല്‍ സിനിമയില്‍ എത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റി. തമിഴ് ഹിന്ദി കന്നഡ തെലുഗു മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2011ല്‍ കളക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ഭരത് കൃഷ്ണസ്വാമി എന്നയാളെ വിവാഹം ചെയ്ത് അമേരിക്കയിലാണ് മോഹിനി ഇപ്പോള്‍. ബിസിനസ്സുകാരനാണ് ഇദ്ദേഹം. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹിനി. തന്റെ ദാമ്പത്യ ജീവിതം പലപ്പോഴും തകര്‍ന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് മോഹിനി പറയുന്നു.
എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. താന്‍ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തനിക്ക് തന്നെ തന്നോട് വെറുപ്പ് തോന്നിയിട്ടുണ്ടെന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ച് ജീവിതം അവസാനിപ്പിക്കാന്‍ വരെ തോന്നിയിട്ടുണ്ടെന്നും മോഹിനി പറയുന്നു.
വല്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നുപോയത്. അന്ന് തനിക്ക് ബുക്കുകളാണ് തുണയായതെന്നും പുസ്തകങ്ങളില്‍ ബൈബിളും ഉള്‍പ്പെടുത്തിയെന്നും അതോടെ തനിക്ക് നഷ്ടമായ ജീവിതം തിരികെ ലഭിച്ചുവെന്നും സുവിശേഷ പ്രസംഗിയായി മാറിയതോടെ തന്റെ ജീവിതത്തില്‍ സന്തോഷം തിരിച്ചുവന്നുവെന്നും മോഹിനി പറഞ്ഞു.