ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. പിന്നീട് നായകന്‍, സഹനടന്‍, വില്ലന്‍, കോമഡി കഥാപാത്രങ്ങള്‍ എല്ലാം തന്നെ തനിക്ക് വഴങ്ങുമെന്ന് സൈജു കുറുപ്പ് തെളിയിക്കുകയും ചെയ്തു.
ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള പടങ്ങള്‍ സൈജു കുറുപ്പിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. എഞ്ചിനിയറിങ് പഠിച്ച് എയര്‍ടെല്ലിലെ സെയില്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൈജു സിനിമയിലേക്ക് ചേക്കേറിയത്.
ഇപ്പോഴിതാ സിനിമയിലുണ്ടായ പരാജയത്തെ കുറിച്ചും അത് മാനസികമായി തളര്‍ത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് സൈജു കുറുപ്പ്. തനിക്ക് സിനിമയില്‍ വിജയം നേടാന്‍ കഴിയാത്തതില്‍ ഒത്തിരി കരഞ്ഞിട്ടുണ്ടെന്നും സിനിമകള്‍ കിട്ടാതിരുന്ന സമയത്ത് താന്‍ സങ്കടത്തിലായിരുന്നുവെന്നും സൈജു പറയുന്നു.
പിന്നീട് സിനിമകളില്‍ സജീവമായതോടെ നൈഗറ്റീവ് ട്രോളുകള്‍ വന്ന് തുടങ്ങി. അത് തനിക്ക് ഒത്തിരി ഇഷ്ടമായിരുന്നുവെന്നും സിനിമ കിട്ടാതായപ്പോഴും അച്ഛന്‍ മരിച്ചപ്പോഴുമായിരുന്നു താന്‍ ഇങ്ങനെ കരഞ്ഞതെന്നും സൈജു പറയുന്നു.
സ്വന്തം വീട്ടിലിരുന്നേ കരയാറുള്ളൂ. ഒരിക്കലും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കരയാറില്ലെന്നും സിനിമയില്‍ ചാന്‍സ് ചോദിച്ചിട്ട് കിട്ടാതാവുമ്പോള്‍ കരയുന്നതാണെന്നും കരഞ്ഞുതീര്‍ക്കാനല്ലേ പറ്റൂ, മറ്റൊന്നും ചെയ്യാനാവില്ലല്ലോ എന്നും താരം പറയുന്നു.