എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വിഖ്യാത നോവലായ രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിച്ചതായി നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി.
എംടിയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കും നിലനില്‍ക്കുന്നതിനാലാണ് സിനിമ നിര്‍മിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റാരുടെയെങ്കിലും തിരക്കഥയില്‍ മഹാഭാരതം സിനിമയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോനെ എതിര്‍ കക്ഷിയാക്കി എംടി കോടതിയെ സമീപിച്ചിരുന്നു.
തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംടി കോടതിയെ സമീപിച്ചത്. കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്നും എംടി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസില്‍ ആര്‍ബിട്രേറ്റര്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം ഈയടുത്ത് കോടതി തള്ളിയിരുന്നു. കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് സംവിധായകന്റെ ആവശ്യം തള്ളിക്കളഞ്ഞത്.
ഇതേത്തുടര്‍ന്ന് ശ്രീകുമാര്‍ മേനോനെതിരെ നിലവില്‍ തിരക്കഥ ഉപയോഗിക്കരുതെന്ന വിലക്ക് നിലനില്‍ക്കുന്നുണ്ട്.