ഏതാനും ദിവസം മുമ്പാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കളക്ഷനില്‍ കുതിക്കുകയാണ് ചിത്രം. കേരളത്തില്‍ നിന്ന് വെറും 12 ദിവസങ്ങള്‍ കൊണ്ട് പൃഥ്വിരാജിന്റെ ആടുജീവിതം റെക്കോര്‍ഡിട്ടിരുന്നുവെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബില്‍ വേഗത്തില്‍ എത്തിയെന്നതാണ് റെക്കോര്‍ഡ്.
ആടുജീവിതം ആഗോളതലത്തില്‍ ആകെ 116 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. വേഗത്തില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിന് സ്വന്തം.
ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്‌ഫോമേഷന്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കാസ്റ്റിംഗിനെ കുറിച്ച് സംവിധായകന്‍ ബ്ലെസ്സി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ആടുജീവിതത്തെ കുറിച്ച് ചിന്തിച്ചിരുന്ന നാളുകളില്‍ പലരും പൃഥ്വിരാജിനെ ചിത്രത്തിലെ പ്രധാന കഥാപാത്രമാക്കിയതിനെ ചോദ്യം ചെയ്തിരുന്നുവെന്ന് ബ്ലെസ്സി പറയുന്നു.
അന്നത്തെ കാലത്ത് പൃഥ്വിക്കുണ്ടായിരുന്ന ഇമേജാണ് ചോദ്യം ചെയ്യാന്‍ കാരണം. സുമുഖനായ ചെറുപ്പക്കാരന്‍, ഒരു ചോക്ലേറ്റ് ബോയ് ഇമേജായിരുന്നു അന്ന് പൃഥ്വിക്കെന്നും എന്നാല്‍ താന്‍ അയാളില്‍ കണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് അയാളുടെ ഡെഡിക്കേഷന്‍ എന്നും കഥാപാത്രത്തിനായി രണ്ടോ മൂന്നോ വര്‍ഷം മാറ്റിവെക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ടെന്നും ബ്ലെസ്സി പറയുന്നു.
കഥാപാത്രത്തിന് വേണ്ടി സ്വന്തം ശരീരത്തില്‍ പരീക്ഷണം നടത്താന്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണല്‍ വാരല്‍ ജോലി ചെയ്യുന്ന തടിച്ച ശരീരമുള്ള നജീബില്‍ നിന്നും മെലിഞ്ഞ ശരീരത്തിലെത്താന്‍ പൃഥ്വിരാജിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും ബ്ലെസ്സി പറയുന്നു.