മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. വലതുപക്ഷ ഹിന്ദുത്വ പേജുകളുടെ വിദ്വേഷ പോസ്റ്റുകള്‍ക്ക് ഇരയാവുകയാണ് മമ്മൂട്ടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന അഭിമുഖത്തിന് പിന്നാലെയാണ് താരത്തിനെതിരെ വിവാദമുയര്‍ന്നത്.
മമ്മൂട്ടി ഹിന്ദു സമൂഹത്തെ മനഃപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ വേണ്ടി സംവിധായികയെ കൊണ്ട് പുഴു എന്ന സിനിമ മനഃപ്പൂര്‍വ്വം ചെയ്തുവെന്ന സംവിധായികയുടെ ഭര്‍ത്താവിന്റെ വാക്കുകളാണ് മമ്മൂട്ടിയെ വിവാദത്തിലാക്കിയത്.
റത്തീനയുടെ ഭര്‍ത്താവിന്റെ അഭിമുഖമാണ് ചര്‍ച്ചയായത്. റത്തീന മമ്മൂട്ടിയോട് പറഞ്ഞ സിനിമയുടെ കഥ വേറെയായിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടി റത്തീനയെ കൊണ്ട് നിര്‍ബന്ധിച്ച് പുഴു എന്ന സിനിമ ചെയ്യിപ്പിച്ചുവെന്നാണ് ആരോപണം.
സംഭവം ചര്‍ച്ചയായതോടെ താരത്തിനെതിരെ വലതുപക്ഷ ആശയം പിന്തുടരുന്ന ഗ്രൂപ്പുകളും പേജുകളും വലിയ രീതിയില്‍ മമ്മൂട്ടി ഹേറ്റ് ക്യാമ്പയിന്‍ ആരംഭിച്ചു. എന്നാല്‍ ഒത്തിരി പേരാണ് താരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ ബിജെപി നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എഎന്‍ രാധാകൃഷ്ണനും മമ്മൂട്ടിയെ പിന്തുണച്ചെത്തിയിരിക്കുകയാണ്.
മമ്മൂട്ടിയെ പോലെയൊരു മഹാനടനെ മതതീവ്ര ആശയങ്ങളുമായോ അജണ്ടയുമായോ കൂട്ടിക്കെട്ടേണ്ട ആവശ്യമില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. സിനിമയെ പോലുള്ള കലാരൂപത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെയെല്ലാം അകറ്റി നിര്‍ത്താന്‍ ശ്രമിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
മമ്മൂട്ടിയെ ചെളിവാരിയെറിയാന്‍ അവസരം ഉണ്ടാക്കിയ സിനിമ സംവിധായികയും എഴുത്തുകാരനും ആണ് ഇതിന് മറുപടി പറയേണ്ടത്. കഴിഞ്ഞ 5 പതിറ്റാണ്ടായി മലയാളി പൊതു സമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടിയെന്ന മഹാനടനെന്നും രാധാകൃഷ്ണന്‍ പറയുന്നു.