മലയാളം സിനിമാ ടിവി പ്രേക്ഷകരെ ആകെമാനം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു മിമിക്രി കലാകാരനും നടനും ടിവി ആർട്ടിസ്റ്റുമായ കോല്ലം സുധിയുടെ അപകട മരണം. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്.
അതേ സമയം മിമിക്രി ലോകത്തു നിന്ന് സിനിമയിൽ എത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുള്ള ആളായിരുന്നു കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെ ആണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.
പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. അതേ സമയം കൊല്ലം സുധിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കുമെന്ന് ഫ്ളവേഴ്സ് ചാനൽ മേധവി ശ്രീകണ്ഠൻ നായരും അറിയിച്ചിരുന്നു. ഇപ്പോഴിതാ സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിനെ കുറിച്ച് പ്രതികരിക്കുകയാണ് അവതാരക ലക്ഷ്മി നക്ഷത്ര. സുധിയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ചും ബിനു അടിമാലിയുടെയും മറ്റുള്ളവരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചും താരം സംസാരിക്കുന്നതിങ്ഹനെ.
”കൂട്ടത്തിലൊരാൾ പോകുമ്പോൾ, അതിന്റെ ഒരു വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എനിക്ക് ആ പരിപാടിയിൽ എല്ലാവരെക്കാളും ഒരുപടി മുകളിൽ ഇഷ്ടമുണ്ടായിരുന്നത് സുധിച്ചേട്ടനോടാണ്. ഇതുവരെ സുധിച്ചേട്ടനിൽ നിന്നും നോ എന്ന വാക്കോ ദേഷ്യപ്പെടുന്നൊരു മുഖമോ ഞാൻ കണ്ടിട്ടില്ല. സുധിച്ചേട്ടന് തുല്യം സുധിച്ചേട്ടൻ മാത്രമാണ്. സുധി ചേട്ടൻ അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു.
എന്റെ മുഖമൊന്ന് വാടി കഴിഞ്ഞാൽ ആദ്യം മനസിലാക്കിയിരുന്നതും സുധി ചേട്ടനാണ്. എന്തുപറ്റി എന്റെ പൊന്നിന് എന്ന് ചോദിക്കുമായിരുന്നു. സുധി ചേട്ടന്റെ ഫാമിലിയുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഭാര്യ രേണുവും മകൻ കിച്ചുവും ഷൂട്ടിന് അദ്ദേഹത്തോടൊപ്പം വരുമ്പോൾ വിശ്രമിച്ചിരുന്നത് എന്റെ മുറിയിലാണ്. ഫാമിലി കഴിഞ്ഞേ സുധി ചേട്ടന് മറ്റെന്തും ഉള്ളു.”- ലക്ഷ്മി നക്ഷത്ര പറയുന്നു.
സുധി ചേട്ടൻ നല്ലൊരു കലാകാരൻ കൂടിയായിരുന്നു. ആത്മാവിന് ശാന്തി കിട്ടട്ടേ. അപകടത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ ചേട്ടനെ കണ്ടതാണ്. അന്ന് ഞാൻ ചേട്ടനെ കുറെ ഉപദേശിച്ച് വിട്ടതാ. കാരണം സുധി ചേട്ടൻ അടുത്തിടെയായി വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണിൽ മഞ്ഞ നിറവും വന്നിരുന്നു. ബോഡി ചെക്കപ്പ് നടത്തി എന്താണെന്ന് നോക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് പോയതെന്നും അവതാരക വെളിപ്പെടുത്തി.
നമുക്ക് ഇത്രയും വിഷമമുണ്ടെങ്കിൽ വീട്ടുകാരുടെ അവസ്ഥ ചിന്തിക്കാൻ വയ്യ. ആ കുടുംബത്തിന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഞാനും ചെയ്യും. സുധി ചേട്ടന് ഷൂട്ടിന് ഇടാൻ ഷർട്ടൊക്ക ഞാനാണ് സെലക്ട് ചെയ്ത് കൊടുത്തിരുന്നത്. കഴിഞ്ഞ ദിവസം ബിനു ചേട്ടനെ കണ്ടിരുന്നു. അദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്. സമയമെടുക്കും. എല്ലാവരും ഉറക്കത്തിലായിരുന്നപ്പോഴാണ് അപകടം നടക്കുന്നത്. ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത് സുധി ചേട്ടന്റെ വേദനകളും ബുദ്ധിമുട്ടുകളുമാണ്. എല്ലാം നേരിട്ട് കണ്ടതിന്റെ ഒരു ട്രോമ ബിനു ചേട്ടനുണ്ട്. മഹേഷിന്റെ സർജറി കഴിഞ്ഞു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം.- ലക്ഷ്മി നക്ഷത്ര പറയുന്നു.