ബിഗ് ബോസ് മലയാളംഅഞ്ചാം സീസൺ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നാല് ദിവസങ്ങൾക്കപ്പുരം ഗ്രാൻഡ് ഫിനാലെ എത്തി നിൽക്കെ വീട്ടിൽ നടക്കുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്.
പണപ്പെട്ടി ടാസ്‌കിൽ നിന്നും നല്ലൊരു തുക എടുത്ത് അവസാന ഏഴുപേരിലെ ഒരാളായ നാദിറ പുറത്തിറങ്ങിയെന്നാണ് ഏറ്റവും ഒടുവിലെ വാർത്ത. പ്രശസ്തിക്ക് ഒപ്പം തന്നെ പണവും പ്രതീക്ഷിച്ചാണ് മത്സരാർത്ഥികൾ ബിഗ് ബോസിലെത്തുന്നത് എന്നതിനാൽ തന്നെ നാദിറയുടെ പടിയിറക്കത്തെ പിന്തുണയ്ക്കുകയാണ് പ്രേക്ഷകരും.
അതുപോലെ തന്നെ ബിഗ്‌ബോസ് താരങ്ങളുടെ ഹൗസിനുള്ളിൽ നിൽക്കുന്നതിനുള്ള പ്രതിഫലവും ചർച്ചയായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഓരോ ദിവസവും പതിനായിരങ്ങളാണ് ഓരോരുത്തും പ്രതിഫലമായി വാങ്ങുന്നത് എന്നാണ് വിവരം.
അമ്പരപ്പിക്കുന്ന കണക്കുകളാണ് പുറത്തെത്തുന്നത്. ആദ്യദിവസം മുതൽ ഷോയുടെ ഭാഗമായിരുന്നവരും വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയവരും അടക്കം 22 മത്സരാർത്ഥികളാണ് ബിഗ് ബോസ് സീസൺ ഫൈവിൽ വന്നത്. ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ മത്സരാർത്ഥികളുടെയും ദിവസവരുമാന കണക്കുകൾ ഞെട്ടിക്കുന്നത് തന്നെയാണ്.
വുഷു എന്ന് വിളിക്കുന്ന അനിയൻ മിഥുൻ കഴിഞ്ഞ എവിക്ഷനിൽ പുറത്തായിരുന്നു. അനിയൻ മിഥുന് ഒരു ദിവസം വരുമാനമായി ഹൗസിൽ നിന്ന് ലഭിച്ചിരുന്നത് 30000 രൂപ ആയിരുന്നെന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന കണക്ക്.
മിഥുന്റെ അടുത്ത സുഹൃത്തായിരുന്ന അസുഖം കാരണം ക്വിറ്റ് ചെയ്ത റിനോഷ് ജോർജിന് മുപ്പതിനായിരം രൂപ പ്രതിഫലമാണ് ഒരു ദിവസം ബിബി ഹൗസിൽ നിന്നും ലഭിച്ചിരുന്നത്. ബിസിനസുകാരി കൂടിയായ ശോഭാ വിശ്വനാഥിന് ഒരു ദിവസം ലഭിക്കുന്നത് 35,000 രൂപയും, പുറത്തുപോയ വിഷ്ണു ജോഷിക്ക് ഒരു ദിവസം ലഭിച്ചിരുന്ന വരുമാനം 20000 രൂപയും ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
മറ്റ് ബിഗ് ബോസ് ഷോയിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ബിഗ് ബോസിൽ എത്തി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു കോമണറായ ഗോപിക. തുടക്കത്തിൽ തന്നെ എവിഷൻ പ്രക്രിയയിലൂടെ പുറത്തുപോയ ഗോപികക്ക് ബിഗ് ബോസ് വീട്ടിൽ നിന്ന് പ്രതിഫലമായി ലഭിച്ചിരുന്നത് ദിവസം 15,000 രൂപയായിരുന്നുവെന്നാണ് വിവരം.
ഏറ്റവും കുറവ് പ്രതിഫലം ലഭിച്ച മത്സരാർത്ഥികളിൽ ഒരാളും ഗോപികയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഹൗസിനു പുറത്തേക്ക് പോയ ലച്ചുവിന് ദിവസം ലഭിച്ചിരുന്നത് 25000 രൂപയാണെന്നാണ് കണക്ക്. ടിക്കറ്റ് ഫിനാലെ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന നാദിറയ്ക്ക് ദിവസവും 25000 രൂപയായിരുന്നു പ്രതിഫലം.
തട്ടിയും മുട്ടിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മനീഷക്ക് ലഭിച്ചുകൊണ്ടിരുന്നത് മുപ്പതിനായിരം രൂപയും അഭിനേത്രിയായി സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ ശ്രുതിലക്ഷ്മിക്ക് നാൽപതിനായിരം രൂപയുമാണ് ദിവസം ലഭിച്ചിരുന്നത്. പുറത്തായ വൈബർ ഗുഡ് ദേവു എന്ന ബ്ലോഗർക്ക് ബിഗ് ബോസ് ഹൗസിൽ നിന്ന് 30,000 രൂപയായിരുന്നു ദിവസ പ്രതിഫലം.
വളരെ ചുരുങ്ങിയ ദിവസം നിന്ന ഹനാനും ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു ദിവസം ഇരുപതിനായിരം രൂപ സ്വന്തമാക്കിയിരുന്നു. തട്ടിയും മുട്ടിയും പരമ്പരയിലൂടെയും സിനിമകളിലൂടെയും സുപരിചിതനായി മാറിയ സാഗർ സൂര്യയ്ക്ക് 30000 രൂപയും ബ്ലോഗർ ആയ ജുനൈസിന് ഇരുപതിനായിരം രൂപയും മോഡലിങ്ങിലൂടെ അഭിനയരംഗത്തെത്തിയ അഞ്ചു റോഷിന് ഇരുപതിനായിരം രൂപയുമാണ് ഓരോ ദിവസത്തേയും പ്രതിഫലം.
വൈൽഡ് കാർഡ് എൻട്രിയിലൂടെ വീട്ടിലെത്തിയ അനുജോസഫിന് 35000 രൂപയായിരുന്നു. 2022ലെ മിസ്‌ക്വീൻ കേരള സൗന്ദര്യമത്സര വിജയിയായി എത്തിയ സെറീനയ്ക്ക് ദിവസവും പ്രതിഫലമായി കിട്ടുക 35,000 രൂപയാണ്. റെനീഷ റഹ്‌മാന് പ്രതിഫലമായി ഇരുപത്തിഅയ്യായിരം രൂപയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം മോഡൽ, നടി എന്നീ നിലകളിൽ ശ്രദ്ധേയയായ എയ്ഞ്ചലീന മരിയയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത് ഇരുപത്തിഅയ്യായിരം രൂപയായിരുന്നു.
അതേസമയം, ഏറ്റവും കൂടുതൽ ആരാധകർ ഉള്ള, ടൈറ്റിൽ വിന്നർ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അഖിൽമാരാർക്ക് ഒരു ദിവസം ലഭിക്കുന്നത് 35,000 രൂപയാണെന്നാണ് കണക്കിലെ വിവരം.
വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ ഷിജുവിനാകട്ടെ അഖിലിനേക്കാൾ പ്രതിഫലമുണ്ട്. 40,000 രൂപയാണ് ലഭിക്കുന്നത് എന്നാണ് കണക്കുകൾ. അതേസമയം, ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ വ്യക്തി ഷിജു ആണെന്നാണ് പറയപ്പെടുന്നതും.