മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ബിഗ് ബോസ് മലയാളം പതിപ്പില്‍ അവതാരകനായി എത്തുന്നതായി റിപ്പോര്‍ട്ടുകല്‍. ഹിന്ദിയിലേയും തമിഴിലേയും മികച്ച ടെലിവിഷന്‍ ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ബിഗ് ബോസിന് മലയാളം കൂടെ വരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ, മലയാളം പതിപ്പില്‍ അവതാരകനായി എത്തുന്നത് മോഹന്‍ലാല്‍ ആണെന്ന് സൂചനകള്‍. നേരത്തെ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെയും അവതാരകരായി പരിഗണിച്ചിരുന്നെങ്കിലും അവസാനം മോഹന്‍ലാലിനെ തന്നെ നിര്‍മ്മാതാക്കള്‍ നിശ്ചയിക്കുകയായിരുന്നു. ജൂണ്‍ മാസത്തോടെ പരിപാടി ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. പൂനെയിലെ ലോണാവാലയിലാണ് ഷൂട്ടിംഗ് സെറ്റ്. അതേ സെറ്റില്‍ തന്നെയാണ് മലയാളം പതിപ്പും ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
മലയാളം സിനിമയിലെ രണ്ടാം നിരക്കാരെയും ടെലിവിഷന്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും ആദ്യ സീസണ്‍ ഷൂട്ടിംഗ് നടത്തുക. സുരേഷ്‌ഗോപിയെയും നിര്‍മ്മാതാക്കള്‍ പരിഗണിച്ചിരുന്നു. ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ എന്ന ക്വിസ് പ്രോഗ്രാമിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരനാണ് സുരേഷ്‌ഗോപി. എന്നാല്‍ ഒരു സക്‌സസ്ഫുള്‍ ഷോയുടെ അവതാരകനെ വീണ്ടും ഇതിലേക്ക് കൊണ്ടുവരേണ്ടെന്ന തീരുമാനത്തിലായിരുന്നു ബിഗ്‌ബോസ് നിര്‍മ്മാതാക്കള്‍.
മോഹന്‍ലാല്‍ ഇപ്പോള്‍ ഒരു ടിവി ഷോ ചെയ്യുന്നുണ്ട്. അമൃതയില്‍ ‘ലാല്‍സലാം’ എന്ന ഷോ വിജയവുമാണ്. എന്നാല്‍ ബിഗ് ബോസ് ഫോര്‍മാറ്റുമായി ലാല്‍സലാമിന് ബന്ധമൊന്നുമില്ല. അതുതന്നെയാണ് മോഹന്‍ലാലിനെ സമീപിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചതും.
അമേരിക്കന്‍ ടി വി ഷോയായ ബിഗ് ബ്രദറിന്റെ ഇന്ത്യന്‍ രൂപമാണ് ബിഗ്‌ബോസ്. ഒരു കൂട്ടം ആളുകള്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴെ കുറച്ചുകാലത്തേക്ക് ജീവിക്കാന്‍ വിടുന്നു. അവരുടെ ബന്ധുക്കളുമായോ കൂട്ടുകാരുമായോ ബന്ധപ്പെടാന്‍ അനുവദിക്കുന്നതല്ല. പുറംലോകവുമായി ബന്ധമില്ലാതിരിക്കുന്ന അവരുടെ ദൈനം ദിന ജീവിതം ഷൂട്ട് ചെയ്യുകയാണ് പരിപാടി. എല്ലാ ആഴ്ചയും ഒരാള്‍ വീതം ഷോയില്‍ നിന്ന് പുറത്താകും. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാള്‍ ഷോയിലെ വിജയിയാകും.
ബിഗ് ബോസ് എല്ലാ ഭാഷയിലും വന്‍ വിജയമാണ് നേടിയത്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറും അവതരിപ്പിച്ചു.