ബിഗ് ബോസ് മലയാളത്തിന് ഇപ്പോൾ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികൾക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോൾ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ ലഭിച്ചത്. ഇരുപത് മത്സരാർഥികളുമായി നടന്ന നാലാം സീസണിൽ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.
അതേസമയം, ബിഗ് ബോസ് നാലാം സീസണിൽ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസൺ ബിഗ് ബോസ് പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. മുൻ സീസണുകളിലേതു പോലെ തന്നെ ആരൊക്കെയാണ് ഈ സീസണിൽ പങ്കെടുക്കുന്നത് എന്നത് സംബന്ധിച്ച് രഹസ്യമായി തുടരുകയാണ്.
ആദ്യ എപ്പിസോഡിന്റെ ദിനത്തിലായിരിക്കും മത്സരാർത്ഥികളെ പരിചയപ്പെടുത്തുക. ഇനി മണിക്കൂറുകൾ മാത്രമാണ് അഞ്ചാം സീസൺ തുടങ്ങാനായി ബാക്കിയുള്ളത്. എല്ലാവരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്ന് ചർച്ച ചെയ്യുകയാണ്. സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമെല്ലാം ഇക്കൂട്ടത്തിൽ ചർച്ചയിൽ നിറഞ്ഞുനിൽക്കുകയാണ്. മത്സരാർത്ഥികളെ സംബന്ധിച്ച ചെറിയ സൂചനകൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്ന പ്രൊമോയിലൂടെ പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇനി ഏതാനും നിമിഷങ്ങൾക്കകം മത്സരാർത്ഥികളെ വെളിപ്പെടുമെന്നതിനാൽ കൂടുതൽ ഊഹങ്ങൾക്ക് ഇനിയധികം ആയുസില്ല.
അതേസമയംാ എല്ലാ സീസണുകളും താൻ ഒറിജിനൽ ആയാണ് നിന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകാണ് അവതാരകനായ മോഹൻലാൽ. ഷോ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് മോഹൻലാൽ ഇക്കാര്യം തുറന്നുപറഞ്ഞത്.
‘ഞാൻ എല്ലാ സീസണിലും ഒറിജിനൽ ആയിട്ട് തന്നെയാണ് നിൽക്കുന്നത്. കാരണം ഈ ഷോയിൽ നമുക്ക് കള്ളത്തരങ്ങൾ ഒന്നും കാണിക്കാൻ പറ്റില്ല. എല്ലാവരും പറയും ഇത് സ്‌ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല. കാരണം ഇതൊരു ഭാഷയിൽ മാത്രം നടക്കുന്ന ഷോ അല്ല. ഒരാളുടെ മനസിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ നേരത്തെ സ്‌ക്രിപ്റ്റ് ചെയ്യാൻ നമുക്ക് പറ്റില്ലല്ലോ. അതൊന്നും ലോകത്താർക്കും സ്‌ക്രിപ്റ്റ് ചെയ്യാൻ പറ്റില്ല’
‘അത്തരം കാര്യങ്ങളിൽ ഏറ്റവും ഒറിജിനൽ ആയി പ്രവർത്തിക്കാൻ തന്നെയാണ് എനിക്ക് താല്പര്യം. അങ്ങനെ തന്നെയാണ് ഞാൻ ചെയ്തിട്ടുള്ളത്. ഒരാളെ സപ്പോർട്ട് ചെയ്യുക, അയാൾക്ക് വേണ്ടി നിൽക്കുകയൊന്നും ഞാൻ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാൻ പറയുന്ന ദിവസം ഞാൻ ഇവിടുന്ന് ഇറങ്ങി പോകുകയും ചെയ്യും. അങ്ങനെ എന്തായാലും ഒരിക്കലും പറയേണ്ടി വരില്ല’, മോഹൻലാൽ പറയുന്നു.
സിനിമയും ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നതും റിസ്‌ക് നിറഞ്ഞ കാര്യങ്ങളാണെന്നും മോഹൻലാൽ പറയുന്നു. ‘ ഞാൻ ഒരു പെർഫോമർ ആണ്. വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്നു.ബിഗ് ബോസ് പോലൊരു ഷോയിൽ ചാൻസ് കിട്ടിയത് സന്തോഷമാണ്. വ്യത്യസ്തമായൊരു പ്ലാറ്റ് ഫോമാണത്. രണ്ടും റിസ്‌ക് എന്ന് പറയുന്നില്ല. പക്ഷേ രണ്ടു കാര്യങ്ങളും ഏറ്റവും എൻജോയ് ചെയ്താണ് ഞാൻ ചെയ്യുന്നത്’ എന്നാണ് മോഹൻലാൽ പറയുന്നത്.