മലയാളം മിനിസ്ക്രീൻ സീരിയൽ ആരാധകരായ മലയാളികൾക്ക് ഏറെ സുപരിചിതനാണ് ദീപൻ മുരളി എന്ന താരം. ടെലിവിഷൻ രംഗത്ത് നിറയെ ആരാധകരുള്ള താരം ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷായയാ ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയിരുന്നു. ബിഗ്ബോസ് ഷോയിൽ എത്തിയതോടെയാണ് മലയാളികൾക്കിടയിൽ ദീപൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ദീപൻ.
മലയാളം ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് താരം പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിലായിരുന്നു തന്റെ ബിഗ് ബോസ് പ്രവേശനം എന്നാണ് താരം വെളിപ്പെടുത്തുന്നത്. ഏറെ കാലം ഷോയിൽ പിടിച്ചു നിൽക്കാതെ താരം പെട്ടെന്ന് തന്നെ തിരിച്ചെത്തിയെങ്കിലും ബിഗ് ബോസ് ആരാധകരുടെ ഉള്ളിൽ ഇന്നും ദീപൻ ഉണ്ട്.
നിലവിൽ തൂവൽസ്പർശം സീരിയലിൽ അഭിനയിക്കുകയാണ് താരം. അന്ന് ബിഗ് ബോസ് ആദ്യ സീസണിലേക്ക് പോയശേഷം തന്റെ ജീവിതം മാറിയതെങ്ങനെയാണെന്ന് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ദീപൻ മുരളി. പണത്തിന് വേണ്ടി തന്നെയാണ് ബിഗ് ബോസ് ഷോയിലേക്ക് പോയതെന്ന് താരം പറയുന്നുണ്ട്.
‘എന്റെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം മുപ്പത് ദിവസമായപ്പോഴാണ് ബിഗ് ബോസിൽ നിന്നുള്ള ക്ഷണം വരുന്നത്. ആദ്യം ചിന്തിച്ചത് ആ ഷോ യിൽ പോയാൽ അത്യാവശ്യം കാശ് കിട്ടുമല്ലോ എന്നായിരുന്നു. കാരണം കല്യാണത്തിന് കാശ് പൊട്ടിച്ച്, കുറച്ച് ദാരിദ്ര്യ അവസ്ഥയിൽ നിൽക്കുകയായിരുന്നു ഞാൻ. പോയി കുറച്ച് കാശുണ്ടാക്കിയിട്ട് വരാമെന്നാണ് ബിഗ് ബോസിനെ കുറിച്ച് ആദ്യം ചിന്തിച്ചതെന്ന്’-ദീപൻ പറയുന്നു.
‘രണ്ടാമത്തെ കാര്യം ലാലേട്ടനാണ്. അദ്ദേഹത്തിന്റെ കൂടെയൊരു നിമിഷം കിട്ടുമല്ലോന്ന് കരുതി. എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ലലേട്ടന്റെയോ മമ്മൂക്കയുടെയോ കൂടെ വേദി പങ്കിടണമെന്നായിരുന്നു. അക്കാര്യം അമ്മ ജീവിച്ചിരുന്നപ്പോൾ നടന്നില്ല. പിന്നീട് സിനിമയിൽ അല്ലെങ്കിലും അദ്ദേഹത്തിന്റെ കൂടെ വേദി പങ്കിടാൻ സാധിച്ചു’- എന്നും താരം വ്യക്തമാക്കുന്നു.
ബിഗ് ബോസിൽ പോയതോടെ ഉണ്ടായ ലാഭത്തെ കുറിച്ച് നടൻ പറഞ്ഞു.. ‘ഷോ യിൽ നിന്നും വലിയൊരു സ്വീകാര്യതയാണ് എനിക്ക് ലഭിച്ചത്. ഒരു മാസമേ ഷോ യിൽ നിന്നുള്ളു. എങ്കിലും ദീപൻ മുരളി എന്ന പേര് എല്ലാ ആൾക്കാരുടെ ഇടയിലും പ്രചരിച്ചു. അതിന് ബിഗ് ബോസിനോടും ഏഷ്യാനെറ്റിനോടും നന്ദി പറയുന്നു. പിന്നെ മോശം പേര് ഒന്നും ഉണ്ടാക്കാതെ തിരിച്ച് വരാൻ തനിക്ക് സാധിച്ചു. അതാണ് വലിയ കാര്യമെന്നും’ നടൻ വ്യക്തമാക്കുന്നു.
‘കല്യാണം കഴിഞ്ഞ ഉടനെയാണ് ഷോയിലേക്ക് പോവുന്നത്. എന്തെങ്കിലും ചീത്തപ്പേരുണ്ടാക്കിയാൽ പ്രേക്ഷകരും എന്റെ ബന്ധുക്കളും ഇവനാണല്ലോ പെണ്ണ് കെട്ടിച്ച് കൊടുത്തതെന്ന് ചോദിക്കും. അതുകൊണ്ട് അധികം ഡാമേജില്ലാതെ താൻ തിരിച്ച് വന്നു’, ബിഗ് ബോസിലേക്ക് പോവുന്നതിന് മുൻപുള്ള ഏറ്റവും വലിയ ടെൻഷൻ ചീത്തപ്പേര് ഉണ്ടാവുമോ എന്നതായിരുന്നെന്നുമാണ് ദീപൻ പറയുന്നത്.
വിവാഹം കഴിഞ്ഞ് കുറച്ചുദിവസത്തിനുള്ളിൽ ഷോയിലേക്ക് പോകുന്നതിനെ ചൊല്ലി ഭാര്യയ്ക്ക് ഭയമുണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട്. തമിഴിലെ ബിഗ് ബോസിൽ ഒരു പ്രണയം ഉണ്ടായിരുന്നു. അത് കണ്ടതോടെ നിങ്ങൾ പോവണമെന്നുണ്ടോ എന്നാണ് ഭാര്യ ചോദിച്ചത്. താൻ അവിടെ ചെന്നിട്ട് ആരെയെങ്കിലും പ്രേമിച്ചിട്ട് വരുമോന്നും ഭാര്യ ചോദിച്ചു. കല്യാണം കഴിഞ്ഞുവന്ന സമയത്ത് ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് തമിഴ് ബിഗ് ബോസ് കണ്ടു. ആ സീസണിലാണ് ഓവിയയുടെ പ്രണയം കാണിച്ചത്. അതുകൊണ്ടാണ് അവൾക്ക് അങ്ങനൊരു പേടി ഉണ്ടായത് എന്നാണ് ദീപൻ വെളിപ്പെടുത്തുന്നത്.