തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ അഭിനയ മികവുകൊണ്ട് ഞെട്ടിച്ച താരമാണ് നരേന്‍. മലയാളി താരമാണെങ്കിലും നായകനായി നരേന്‍ തിളങ്ങിയത് തമിഴ് സിനിമകളിലാണ്. നായകനായും വില്ലനായുമെല്ലാം താരം കയ്യടി നേടിയിട്ടുണ്ട്. ഒടുവിലെത്തിയ ഹിറ്റ് ചിത്രം വിക്രത്തിലും പ്രധാന വേഷങ്ങളിലൊന്നില്‍ നരേന്‍ എത്തിയിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ ഒരിടവേളയ്ക്ക് ശേഷം നരേയ്‌ന്റെ ചിത്രം റിലീസായിരിക്കുകയാണ്. ‘അദൃശ്യം’ ചിത്രമാണ് തിയേറ്ററുകളിലെത്തിയത്.
ഷറഫുദ്ദീന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നരേന്‍ എത്തുന്നത്. ‘അദൃശ്യം’ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രമോഷന്‍ പരിപാടിക്കിടെ നരേന്‍ സഹതാരമായിരുന്ന ഭാവനയെ കുറിച്ചും സിനിമകളില്‍ പ്രധാന വേഷങ്ങളിലെത്തുന്നതിനെ കുറിച്ചും തുറന്നു പറയുകയാണ്.
മിഷ്‌കിന്റെ സിനിമയിലേക്ക് അപ്രതീക്ഷിതമായി സുഹൃത്ത് വഴിയാണ് എത്തുന്നത്. മിഷ്‌കിന്‍ പലപ്പോഴും ടെറര്‍ ആണ്. പക്ഷേ എനിക്ക് അത് പുതുമയല്ലാത്തത് കൊണ്ട് കുഴപ്പമില്ല. സിനിമാറ്റോഗ്രഫിക്ക് പഠിക്കുമ്പോള്‍ എന്റെ ഒരു ഫ്രണ്ട് ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അഭിനയിക്കാന്‍ ഇഷ്ടമുള്ള താന്‍ സിനിമാറ്റോഗ്രഫി പഠിക്കാന്‍ വന്നതിനെ പലരും കളിയാക്കുമായിരുന്നു. വെറുതെ സീറ്റ് പാഴാക്കി, നീ കാരണം വേറെ ഒരാളുടെ ഭാവി പോയി എന്നൊക്കെയായിരുന്നു കളിയാക്കലുകള്‍.
പിന്നീട് സുഹൃത്ത് ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത് കൊണ്ട് ദിവാകറും മിഷ്‌കിനും ഒന്നിച്ച് ഒരു സിനിമയില്‍ വന്നപ്പോള്‍ ദിവാകര്‍ മിഷ്‌കിനോട് തന്നെക്കുറിച്ച് പറഞ്ഞതാണ് ആ വേഷം കിട്ടാന്‍ കാരണം. പക്ഷേ അദ്ദേഹം എന്നെ നോക്കി പറഞ്ഞത് ഞാന്‍ ഉദ്ദേശിച്ച നടന്‍ അല്ല നിങ്ങളെന്നായിരുന്നു. നിങ്ങള്‍ക്ക് സോഫ്റ്റ് മുഖമാണ്, സോഫ്റ്റ് നേച്ചറാണ്. എന്റെ കഥാപാത്രം അടിക്കാന്‍ നടക്കുന്ന ആളാണ് എന്നായിരുന്നുവെന്നും നരേന്‍ പറയുന്നു. താന്‍ താടിയും മുടിയും നീട്ടുന്നതിനെക്കുറിച്ച് ചോദിച്ചുവെങ്കിലും അതിനൊക്കെ ഒരു പരിധിയില്ലേ എന്നായിരുന്നു മിഷ്‌കിന്റെ പ്രതികരണമെന്നും നരേന്‍ പറയുന്നു.
രണ്ട് മാസം കഴിഞ്ഞ് മുടിയും താടിയും നീട്ടി കാണാന്‍ ചെന്നപ്പോള്‍ മിഷ്‌കന്‍ ഓടി വന്ന് തന്നെ കെട്ടിപ്പിടിച്ചുവെന്നാണ് നരേന്‍ പറയുന്നത്. ഞാന്‍ ഒരുപാട് സിനിമ മിസ് ചെയ്തിട്ടുണ്ട്. ആ സമയത്ത് ആരു വിളിക്കുമ്പോഴും ഞാന്‍ ഈ സിനിമയുടെ ലൊക്കേഷനിലാണ്. മലയാളം സിനിമ ചെയ്യുന്നില്ലേ എന്ന് പലരും ചോദിക്കാന്‍ വരെ തുടങ്ങി.
ഇതിനിടെ, നരേനും ഭാവനയും ആദ്യമായി ഒന്നിച്ചെത്തിയ തമിഴ് ചിത്രമാണ് ‘ചിത്തിരം പേസുതേ’. മിഷ്‌ക്കിന്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ അനുഭവമാണ് ഭാവനയെ കുറിച്ച് പറയുമ്പോള്‍ എന്താണ് ഓര്‍മ വരുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി നരേന്‍ പറയുന്നത്.
60 ദിവസത്തെ ഷൂട്ടിങ് നീണ്ട് പോയിരുന്നു. സിനിമ ഷൂട്ടിങ് ആരംഭിച്ച് ഒമ്പത് മാസം കഴിഞ്ഞ് ലാസ്റ്റ് ഷെഡ്യൂളിന്റെ സമയത്ത് ഭാവന ഒരു പാട്ട് സീനിന് വേണ്ടി വന്നിരുന്നു. ഈ സിനിമ ഇതുവരെ കഴിഞ്ഞില്ലേ, ഞാന്‍ നാല് സിനിമ അതിനിടക്ക് അഭിനയിച്ചു .അതില്‍ ഒരു സിനിമ ഇറങ്ങുകയും ചെയ്തു എന്നും പറഞ്ഞ് അവള്‍ എന്നെ കളിയാക്കാന്‍ തുടങ്ങിയെന്നും നരേന്‍ വെളിപ്പെടുത്തി.