മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജനാർദ്ദനൻ. വ്യത്യസ്തമായ ശബ്ദത്തിനുടമയായ താരം. മമ്മൂട്ടി , മോഹൻലാൽ, ജയറാം, സുരേഷ്ഗോപി തുടങ്ങിയ സൂപ്പർ താരങ്ങൾ മുതൽ ഇപ്പോഴുള്ള യുവനടന്മാർ വരെയുള്ള തലമുറകൾക്കൊപ്പം യാതൊരു കോട്ടവും തട്ടാതെ ക്യാരക്ടർ, കോമഡി റോളുകളിലെല്ലാം ജനാർദ്ദനൻ നിറഞ്ഞ് നിന്നിട്ടുണ്ട്.
ജനാർദ്ദനൻ എന്ന നടൻറെ കരിയർ ഗ്രാഫ് സംഭവബഹുലമാണ്. സ്ത്രീ പ്രേക്ഷകരുടെ പേടി സ്വപ്നമായിരുന്നു ഒരുകാലത്ത് ജനാർദ്ദനൻ. എന്നാൽ ഇന്ന് ആ നടനെ സ്ത്രീകൾ ഏറെ ഇഷ്ടപെടുന്നു. അതിന് കാരണം അഭിനയത്തിലെ മിതത്വവും ലാളിത്യവും തന്നെയാണ്.
സിബിഐ ഡയറിക്കുറിപ്പ് എന്ന കെ മധു ചിത്രം നൽകിയ പുതിയ പരിവേഷം ജനാർദ്ദനന് വഴിത്തിരിവാകുകയായിരുന്നു. സാധാരണ ചിരിവേഷങ്ങളിൽ മാത്രമൊതുങ്ങുന്നില്ല എന്ന് കെ. മധുവിൻറെ തന്നെ ക്രൈം ഫയലിൽ കൂടി അഭിനയിച്ച് പിന്നീട് അദ്ദേഹം തെളിയിച്ചു. വൈക്കം ഉല്ലല ഗ്രാമത്തിൽ കൊല്ലറക്കാട് വീട്ടിൽ കെ.ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും എട്ട് മക്കളിൽ ഇളയതായി 1946 മെയ് 15ന് ആണ് ജനാർദ്ദനൻ ജനിച്ചത്.
മുപ്പത് വർഷത്തിലധികമായി അഭിനയരംഗത്തുള്ള ജനാർദ്ദനൻ പി.എൻ മേനോൻ സംവിധാനം ചെയ്ത ഗായത്രിയിലെ മഹാദേവൻ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധിയ്ക്കപ്പെട്ടത്. വെച്ചൂർ എൻ.എസ്.എസ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് ചങ്ങനാശേരി എൻ.എസ്.എസ് കോളജിൽ പ്രീ യൂണിവേഴ്‌സിറ്റിക്ക് ചേർന്നു. ആ വർഷം പരീക്ഷ എഴുതിയില്ല. തുടർന്ന് എയർഫോഴ്‌സിൽ ചേർന്നു. ഒരു വർഷത്തെ ട്രെയിനിങ് കഴിഞ്ഞ് വ്യോമസേന വിട്ടു.
ALSO READ
സാർ വിളിച്ചില്ലെങ്കിലും ഞാൻ നടിയാകും; ലാൽ ജോസിന്റെ മുഖത്ത് നോക്കി അന്ന് അനുശ്രീ പറഞ്ഞത്
നാട്ടിൽ തിരിച്ചെത്തി ബിസിനസിൽ ശ്രദ്ധിച്ചു. അതിനിടെ പ്രീയൂണിവേഴ്‌സിറ്റി പാസായി. തീരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ സോഷ്യാളജി ഡിഗ്രിക്ക് ചേർന്നെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയില്ല. പിന്നീട് ധനുവച്ചപുരം എൻ.എസ്.എസ് വേലുത്തമ്പി മെമ്മോറിയൽ കോളജിൽ നിന്ന് ബി.കോം പാസായി. ഇവിടെ വെച്ച് ശ്രീവരാഹം ബാലകൃഷ്ണനുമായി പരിചയപ്പെടുകയും അദ്ദേഹം വഴി അടൂരുമായി അടുക്കുകയും ചെയ്തു.
കുടുംബാസൂത്രണത്തെപ്പറ്റി നിർമിച്ച പ്രതിസന്ധി എന്ന ഡോക്യുമെൻററിയിൽ നാഷണൽ സാമ്പിൾ സർവ്വേയിലെ ഉദ്യോഗസ്ഥനായി അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചായം, മോഹം തുടങ്ങിയ ഒരു പിടി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഗോവിന്ദൻകുട്ടി, ജോസ്പ്രകാശ്, കെ.പി ഉമ്മർ തുടങ്ങിയ പക്കാ വില്ലന്മാർ സ്വഭാവവേഷങ്ങളിലേയ്ക്ക് കടന്നപ്പോൾ ജനാർദ്ദനൻ സിനിമയിലെ സ്ഥിരം വില്ലനായി.
ജാഗ്രത, ഇരുപതാം നൂറ്റാണ്ട്, ആധാരം, മേലേപ്പറമ്പിൽ ആൺവീട്, സി.ഐ.ഡി. ഉണ്ണികൃഷ്ണൻ, വാർധക്യപുരാണം, അനിയൻബാവ ചേട്ടൻബാവ, മാന്നാർ മത്തായി സ്പീക്കിങ്, നരേന്ദ്രൻ മകൻ ജയകാന്തൻ വക തുടങ്ങി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സിനിമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ നന്മ നിറഞ്ഞ വ്യക്തിയാണ് ജനാർദ്ദൻ. താൻ എന്തുകൊണ്ടാണ് വിവാഹമോചിതയായ സ്ത്രീയെ കല്യാണം കഴിച്ചത് എന്ന് ജനാർദ്ദനൻ വെളിപ്പെടുത്തിയിരുന്നു.
‘എന്റെ ബന്ധുവായിരുന്നു അവൾ. ചെറുപ്പം മുതൽ എനിക്ക് അവളെ ഇഷ്ടമായിരുന്നു. പക്ഷെ വീട്ടുകാർ അവളെ വിവാഹം ചെയ്ത് തന്നില്ല. ശേഷം അവൾ വേറെ വിവാഹം കഴിച്ചു. പക്ഷെ രണ്ട് വർഷം മാത്രമെ ബന്ധം നീണ്ടുനിന്നുള്ളൂ. അവൾ വിവാഹമോചിതയായി തിരികെ വീട്ടിലെത്തി. വീട്ടിൽ വന്ന ശേഷം അതീവ ദുഖത്തിലായിരുന്നു. അന്ന് അവൾക്ക് ഒരു മകളുണ്ട്. അവളുടെ സങ്കടം എനിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല.
അങ്ങനെയാണ് ഞാൻ അവളുടെ സമ്മതത്തോടെ അവളെ വിവാഹം ചെയ്ത് എന്റെ ഭാര്യയാക്കുന്നത്. ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിച്ചത്. അവൾക്കൊപ്പം അധികനാൾ ജീവിക്കാൻ സാധിച്ചില്ല. അവൾ മരിച്ചിട്ട് പതിനഞ്ച് വർഷം പിന്നിടുന്നു. ആ മരണം എന്ന വല്ലാതെ തളർത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളിൽ എനിക്കുണ്ടായ മകളും സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്. ഇനി എനിക്കുള്ള ആഗ്രഹം ആർക്കും ഭാരമാകാതെ മരിക്കണം എന്നത് മാത്രമാണ്’ എന്നും ജനാർദ്ദനൻ പറയുന്നുണ്ട്.