ബോളിവുഡിന്റെ മസിൽ ഖാൻ സല്ലുഭായിക്ക് ആരാധകർക്ക് നന്ദി പറഞ്ഞ് മതിയാവുന്നില്ല .
ചിത്രത്തിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും ആരാധകർക്ക് എല്ലാ നന്ദിയും നൽകുന്നതായും സൽമാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
അതീവ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണിതെന്നും താരം കൂട്ടിച്ചേർത്തു. തുടർച്ചയായ 14-ാം ചിത്രവും 100 കോടി ക്ലബ്ബിലെത്തിച്ച ആദ്യ താരമെന്ന റെക്കോർഡും സൽമാന് സ്വന്തം.
വെറും അഞ്ച് ദിവസം കൊണ്ട് 150 രൂപയാണ് സൽമാനും കത്രീനയും ഒന്നിച്ച ‘ഭാരത്’ ,തിയേറ്ററുകളിൽ നിന്നും നേടിയത്. ഈദ് റിലീസായെത്തിയ ചിത്രം അലി അബ്ബാസാണ് സംവിധാനം ചെയ്തത്.
ഈ വർഷം തിയേറ്ററുകളിലെത്തിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഭാരത് എന്നതിൽ സംശയമില്ലെന്നാണ് ചലച്ചിത്രനിരൂപകരും പറയുന്നത്.
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്കിടയിലും ചിത്രം കാണുന്നതിനായി പ്രേക്ഷകർ സമയം കണ്ടെത്തുന്നത് സന്തോഷകരമാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
കത്രീനയുടെ വേഷം അവതരിപ്പിക്കുന്നതിനായി ആദ്യം പ്രിയങ്കാ ചോപ്രയെയാണ് സമീപിച്ചിരുന്നത്.
എന്നാൽ വിവാഹത്തിന്റെ തിരക്കുകളിലായിരുന്നതിനാൽ അവർ ചിത്രത്തിൽ നിന്നും അവസാന സമയത്ത് പിൻമാറുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ദിഷാ പത്താനി, സുനിൽഗ്രോവർ, ജാക്കി ഷ്റോഫ്, നോറ ഫത്തേഹി, സൊനാലി കുൽക്കർണി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ച മറ്റ് താരങ്ങൾ.
‘ ഓഡ് ടു മൈ ഫാദർ’ എന്ന കൊറിയൻ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ചതാണ് ഭാരത്.
പ്രഭുദേവയുടെ ‘ധബാങ്-3, സഞ്ജയ് ലീല ബൻസാലിയുടെ ‘ ഇൻഷാ അല്ലാഹ്’ എന്നിവയാണ് സൽമാൻ ഖാന്റെ അടുത്ത ചിത്രങ്ങൾ.