അതിഥികള്‍ എന്നും നമുക്ക് പ്രിയപ്പെട്ടവരാണ്. സിനിമയിലായാലും അങ്ങനെതന്നെ. കഥാഗതിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിക്കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ചിലര്‍ അതിഥികളായെത്തിയിട്ടുണ്ട്. അതില്‍ പലതും സിനിമാ പ്രേമികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും. മലയാള സിനിമയിലെ ഏറ്റവും മികച്ചതും വ്യത്യസ്തയാര്‍ന്നതുമായ അഞ്ച് അതിഥി വേഷങ്ങളെയാണ് ചുവടെ പറയുന്നത്.
1. മോഹന്‍ലാല്‍- സമ്മര്‍ ഇന്‍ ബത്‌ലഹേം
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍ അതിഥിയായെത്തിയത് സാക്ഷാല്‍ മോഹന്‍ലാലായിരുന്നു. അദ്ദേഹത്തിന്റെ നിരഞ്ജന്‍ എന്ന ജയില്‍പ്പുള്ളിയുടെ കഥാപാത്രം മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല.
2. മമ്മൂട്ടി- നരസിംഹം
രഞ്ജിത്തിന്റെ തിരക്കഥയില്‍ 2000-ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മോഹന്‍ലാല്‍ ചിത്രമായിരുന്നു നരസിംഹം. ചിത്രത്തില്‍ ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തുന്ന മമ്മൂട്ടിയുടെ അഡ്വ.നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രം നായകനോളം തന്നെ കയ്യടി നേടി. ഈ കഥാപാത്രത്തിന്റെ ചുവട് പിടിച്ച് നിരവധി വക്കീല്‍ കഥാപാത്രങ്ങള്‍ പിന്നീട് മലയാളത്തില്‍ വന്നു.
3. കമല്‍ഹാസന്‍-ഫോര്‍ ഫ്രണ്ട്‌സ്
കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിന്റെ പ്രധാന സവിശേഷത ഉലകനായകന്‍ കമല്‍ഹാസന്റെ അതിഥി വേഷമായിരുന്നു. ചിത്രത്തില്‍ കമല്‍ഹാസന്‍ അഭിനയിച്ച രംഗം പിന്നീട് കാന്‍സര്‍ രോഗികള്‍ക്കുള്ള പ്രചോദനം എന്ന രീതിയിലും മാറ്റപ്പെട്ടു.
4. സുരേഷ് ഗോപി- മനു അങ്കിള്‍
മമ്മൂട്ടി നായകനായി ഡെന്നീസ് ജോസഫിന്റെ സംവിധാനത്തില്‍ 1988-ല്‍ പുറത്തുവന്ന ചിത്രമായിരുന്നു മനു അങ്കിള്‍. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തില്‍ മിന്നല്‍ പ്രതാപന്‍ എന്ന പോലീസ് കഥാപാത്രമായി അവസാനരംഗത്തിലാണ് സുരേഷ് ഗോപിയെത്തിയത്. അല്‍പ്പം നര്‍മ്മം കൂടുതലുള്ള കഥാപാത്രം ഭംഗിയായിത്തന്നെ അദ്ദേഹം അവതരിപ്പിച്ചു. മോഹന്‍ലാല്‍ നടന്‍ മോഹന്‍ലാലായിത്തന്നെ ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
5. പൃഥ്വിരാജ്- മുന്നറിയിപ്പ്
മമ്മൂട്ടി നായകനായി വേണു സംവിധാനം ചെയ്ത് 2014-ല്‍ പുറത്തുവന്ന ചിത്രമാണ് മുന്നറിയിപ്പ്. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയത് പൃഥ്വിരാജായിരുന്നു. രണ്ടേ രണ്ട് രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.