മലയാള സിനിമയില്‍ ഇത് മാറ്റത്തിന്റെ കാലമാണ്. ചെറിയ ആശയങ്ങള്‍ വെച്ച് മനോഹരമായ സിനിമകളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ഈ ശ്രേണിയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുകയാണ് ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തിയ ജയ ജയ ജയ ജയഹേ.
ചിത്രം തീയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്തി കൈയ്യടി നേടുകയാണ്. ഇതിനിടെ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍മീഡിയയില്‍ ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ ചിത്രത്തെ അഭിനന്ദിച്ചും പ്രശംസ അറിയിച്ചും എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് ജയ ജയ ജയ ജയഹേയിലെ അഭിനേതാക്കളേയും സംവിധായകന്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിച്ച് ബെന്യാമിന്‍ കുറിപ്പിട്ടത്.
ജയ ജയ ജയ ജയഹേയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം എന്നാണ് ബെന്യാമിന്‍ പറയുന്നത്. സിനിമ കണ്ട് ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും എന്നാണ് അദ്ദേഹം തമാശ രൂപേണെ തന്റെ പോസ്റ്റില്‍ ചോദിക്കുന്നത്.
ബേസില്‍ ജോസഫിനേയും ദര്‍ശന രാജേന്ദ്രനേയും പ്രകടനത്തെ പ്രത്യേകം പരാമര്‍ശിക്കുന്ന കുറിപ്പില്‍ സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങളും അ്ദദേഹം നേര്‍ന്നു.
‘ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചുചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ടപരിഹാരം തരും?’
‘എന്തായാലും തിയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചുമറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ സൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍’.-
‘സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍.’
എന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം ബെന്യമിന്റെ പോസ്റ്റിന് താഴെ ബേസില്‍ ജോസഫ് കമന്റുമായി എത്തിയിട്ടുണ്ട്. ലവ് റിയാക്ഷനാണ് ബെന്യാമിന്റെ പോസ്റ്റിന് ബേസില്‍ മറുപടിയായി നല്‍കിയിരിക്കുന്നത്.
ജയ ഭാരതി എന്ന കഥാപാത്രത്തെയാണ് ദര്‍ശന സിനിമയില്‍ അവതരിപ്പിക്കുന്നത്. ജയയുടെ ജീവിതവും അതിലുണ്ടാകുന്ന ട്വിസ്റ്റുകളുമാണ് ചിത്രം പറയുന്നത്.
ജയയുടെ ഭര്‍ത്താവായ രാജേഷിന്റെ വേഷത്തിലാണ് ബേസിലിന്റെ അമ്പരപ്പിക്കുന്ന പ്രകടനം. ജയ ജയ ജയ ജയഹേയുടെ റിലീസിന് മുന്നോടിയായി പുറത്തുവന്ന ടീസറും ട്രെയ്ലറും പ്രൊമോഷണല്‍ സോങ്ങുമെല്ലാം വൈറലുമായിരുന്നു. ഇന്‍സ്റ്റ റീലുകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ജയ ജയ ജയ ജയ ഹേ ഗാനം.