മലയാളത്തിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. 1989 ൽ യുവി രവീന്ദ്രനാഥ് സംവിധാനംചെയ്ത ‘എൻക്വയറി’ എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ് ചലച്ചിത്രഗാനരചനാരംഗത്തേക്കു വരുന്നത്. എന്നാൽ ആ ഗാനങ്ങൾ വേണ്ടത്രജനശ്രദ്ധ നേടിയില്ല. 1992ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനംചെയ്ത ജോണിവാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്നഗാനം ഏറെ ജനശ്രദ്ധയേറ്റുവാങ്ങി.
344 ചിത്രങ്ങളിലായി 1600ലേറെ ഗാനങ്ങൾ അദ്ദേഹമെഴുതിയിട്ടുണ്ട്. എഴുതവണ സംസ്ഥാനസർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്ക് വെച്ചിരിക്കുകയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യ ബീന. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റെലിൽ എഴുതിയ കുറിപ്പിലാണ് ഓർമ്മകൾ പങ്ക് വെച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
റേഡിയോയിലൊക്കെ പാടാറുള്ള കലാകാരനായിരുന്നു എന്റെ അച്ഛൻ. അച്ഛന് നാല് ചേച്ചിമാരാണ്. അതിൽ മൂത്ത ചേച്ചി മീനാക്ഷിയുടെ മകനാണ് ഗിരീഷേട്ടൻ. അച്ഛന് കൂട്ടായി പാട്ടും സംഗീതവുമെല്ലാം ഉള്ളതുകൊണ്ടാകണം ചെറുപ്പം മുതലേ ഗിരീഷേട്ടന് അച്ഛനെ വലിയ കാര്യമായിരുന്നു. പാട്ടിനോടുള്ള പ്രിയമാകണം ഇരുവരേയും തമ്മിലടുപ്പിച്ചത്. നാൽപ്പത്തിയെട്ടാം വയസിലാണ് അച്ഛൻ ഞങ്ങളെ വിട്ടു പോകുന്നത്. എന്റെ അച്ഛന്റെ മരണ ശേഷമാണ് ബീനയെ വിവാഹം കല്യാണം കഴിപ്പിച്ച് തരണമെന്ന ആവശ്യവുമായി ഗിരീഷേട്ടൻ വീട്ടിൽ വരുന്നത്. ബന്ധുക്കളായിരുന്നുവെങ്കിലും ഞങ്ങൾ പ്രണയിച്ച് നടന്നിട്ടൊന്നുമില്ല. എന്നെ ആദ്യമേ ഇഷ്ടമായിരുന്നുവെന്ന് കല്യാണത്തിന് ശേഷം പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ചെല്ലുമ്പോഴുള്ള കാഴ്ച ഇന്നും എന്റെ മനസിലുണ്ട്.
പുസ്തകം വെക്കുന്ന പെട്ടിയും ചെറിയൊരു കട്ടിലും ഒരു മണ്ണെണ്ണ വിളക്കും മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ. മണ്ണെണ്ണ തീർന്ന് വെളിച്ചം കെട്ടു പോകുന്നത് വരെ ഇരുന്ന് വായിക്കും. വിളക്കണയുമ്പോൾ വലിയ സങ്കടമാണ്. ഒരു ദിവസം ഞാൻ ചോദിച്ചു, അല്ല ഗിരീഷേട്ടാ പുലരുവോളമിങ്ങനെ വായ്യിച്ചിരുന്നാൽ മാത്രം മതിയോ? എന്തെങ്കിലുമൊരു ജോലിക്ക് പോകണ്ടേ? വലിയ വിശദീകരമണൊന്നും നൽകാതെ ആ പോകണം എന്നോ മറ്റോ പറഞ്ഞു കിടന്നു.
പിറ്റേന്ന് രാവിലെ പുറത്തേക്ക് പോകാനിറങ്ങുമ്പോൾ എന്നെ വിളിച്ചു. എന്റെ കയ്യിലൊരു എഴുത്തു തന്നു. അഞ്ച് പേജുള്ള ആ കത്തിൽ ഗിരീഷേട്ടന്റെ സ്വപ്നങ്ങൾ വിവരിച്ചിരുന്നു. അക്ഷരങ്ങളുടെ കരുത്തിൽ സിനിമ ലക്ഷ്യം വച്ച് ഇറങ്ങിപ്പുറപ്പെടാനുള്ള ശക്തമായ തീരുമാനമായിരുന്നു വരികളിൽ നിറയെ. പാട്ടെഴുത്തിലേക്കും തിരക്കഥാ രചനയിലേക്കുമുള്ള യാത്രയിലാണെന്നും അതിനായി ഏറെ വായിക്കേണ്ടതുണ്ടെന്നും നല്ലൊരു എഴുത്തുകാരനാവുക എന്ന തന്റെ ലക്ഷ്യത്തെക്കുറിച്ചും ആവർത്തിച്ചു വിവരിച്ചു.ആ കത്ത് വായിച്ച നിമിഷത്തിൽ ഞാൻ തീരുമാനിച്ചു എത്ര കഷ്ടപ്പെട്ടാലും അദ്ദേഹത്തിനൊപ്പം നിൽക്കുമെന്ന്, സ്വപ്നം യഥാർത്ഥ്യമാക്കാനുള്ള യാത്രയിൽ ഒരല്ലലുമുണ്ടാക്കാതെ കൂടെയുണ്ടാകുമെന്ന്. പിന്നീട് ആ വളർച്ച തൊട്ടരികിലിരുന്ന് ഞാൻ നോക്കിക്കണ്ടു.
ദേവാസുരത്തിന് ഗാനങ്ങളെഴുതിയതിന് ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തിരക്കോട് തിരക്കായി. രാവിലെ ഫ്‌ളൈറ്റിനെത്തി, രാത്രിയിലെ ഫ്‌ളൈറ്റഇന് തിരിച്ചു പോകുന്ന ആ തിരക്കിലാണ് മദ്യപാനം മൂർദ്ധന്യത്തിലെത്തിയത്. ഓരോതവണ ആശുപത്രി വിട്ട് പോരുമ്പോഴും ഡോക്ടർമാർ ഇനി കുടിക്കരുതെന്ന് താക്കീത് നൽകും. ഇനിയില്ലെന്ന് സത്യം ചെയ്യും. കുറച്ച് ദിവസം കഴിഞ്ഞാൽ പിന്നേയും തുടങ്ങും. എന്തും ഗിരീഷേട്ടനോട് പറയാം. പക്ഷെ മദ്യപാനത്തെക്കുറിച്ച് മിണ്ടിയാൽ തെറ്റും. അതിന് മാത്രമേ ഞങ്ങൾ ജീവിതത്തിൽ തെറ്റിയിട്ടുള്ളൂ എന്നും ബീന വ്യക്തമാക്കി.