പ്രശസ്ത സീരിയല്‍ താരം അപര്‍ണ നായരുടെ വിയോഗം മലയാള സീരിയല്‍ മേഖലയെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തൂങ്ങമരിച്ച നിലയിലാണ് അപര്‍ണയെ കണ്ടത്. കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടിലാണ് അപര്‍ണയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കുടുംബപ്രശ്‌നങ്ങളാണ് അപര്‍ണയുടെ മരണകാരണമെന്നാണ് നിഗമനം. സീരിയലില്‍ മാത്രമല്ല, നിരവധി സിനിമകളിലും അപര്‍ണ വേഷമിട്ടിട്ടുണ്ട്. അപര്‍ണയുടെ മരണത്തോടെ മകള്‍ക്ക് അച്ഛനും അമ്മയും ഇല്ലാതായിരിക്കുകയാണ്.
ജീവിതത്തില്‍ തനിച്ചായിപ്പോയ അപര്‍ണയുടെ മകളെ ദത്തെടുക്കാന്‍ സീരിയല്‍ താരം അവന്തിക മോഹന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് പറയുകയാണ് സീരിയല്‍ താരം ബീന ആന്‍ണിയും മനോജ് കുമാറും. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബീന ആന്റണി ഇക്കാര്യം പറഞ്ഞത്.
അപര്‍ണ നല്ല കഥാപാത്രങ്ങളൊക്കെ ചെയ്യാന്‍ കഴിവുള്ള ഒരു അഭിനേത്രിയായിരുന്നു. എല്ലാവരോടും നല്ല ബഹുമാനമൊക്കെയുള്ള കുട്ടിയായിരുന്നുവെന്നും അപര്‍ണയുടെ വിയോഗം തന്നെ തളര്‍ത്തിക്കളഞ്ഞുവെന്നും രണ്ട് മക്കളാണ് അപര്‍ണക്കുള്ളതെന്നും ബീന ആന്റണി പറയുന്നു.
ആദ്യ കുട്ടിയുടെ അച്ഛന്‍ കൂടെയില്ല. രണ്ടാമത്തെ കുട്ടി രണ്ടാമത്തെ വിവാഹത്തിലുണ്ടായതാണ്. അപര്‍ണയുടെ മരണത്തിന് ശേഷം ഇളയ കുട്ടിയെ പിതാവ് കൊണ്ടുപോയി എന്നും എന്നാല്‍ മൂത്ത കുട്ടിക്ക് ആരുമില്ലാതായി എന്നും അമ്മൂമ്മക്കൊപ്പമാണ് കുട്ടി കഴിയുന്നതെന്നും ബീന ആന്റണി പറയുന്നു.
അപര്‍ണ ചിലപ്പോഴൊക്കെ കുട്ടിയെ ലൊക്കേഷനില്‍ കൊണ്ടുവരാറുണ്ട്. അവിടെ വെച്ചാണ് അവന്തിക കുട്ടിയെ കാണുന്നതെന്നും അന്നുമുതല്‍ അവള്‍ക്ക് കുട്ടിയെ ഭയങ്കര ഇഷ്ടമാണെന്നും അപര്‍ണയുടെ വിയോഗത്തിന് ശേഷം ഒരു ദിവസം അവന്തിക തന്നെ വിളിച്ച് ആ കുട്ടിയെ താന്‍ വളര്‍ത്തിക്കോട്ടെയെന്ന് ചോദിച്ചുവെന്നും ബീന ആന്റണി പറയുന്നു.
അവന്തികയ്ക്ക് ഒരു മകനാണുള്ളത്. അവന്റെ ചേച്ചിയായി അവളെ വളര്‍ത്താമെന്ന് അവന്തിക പറഞ്ഞു. നിയമപരമായി അതിന് ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അവന്തികയുടെ വാക്കുകള്‍ തന്നെ ശരിക്കും സന്തോഷവതിയാക്കിയെന്നും അപര്‍ണയുടെ വീട്ടില്‍ പോയി ഇക്കാര്യം ചോദിച്ചപ്പോള്‍ അമ്മ അതിന് സമ്മതിച്ചില്ലെന്നും അവരുടെ അവസ്ഥ പരിതാപകരമാണെന്നും എന്നാലും അവന്തികയുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ടുണ്ടെന്നും ബീന ആന്റണി പറഞ്ഞു.