മലയാള സിനിമാ ലോകത്ത് 40 വര്‍ഷം തികച്ച് നിന്ന് പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു മുഖം സമ്മാനിച്ച നടനാണ് ബാബു നമ്പൂതിരി. അഭിനയ മികവുകൊണ്ട് പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണുകളില്‍ മറയുന്ന നടന്‍ കൂടിയാണ് അദ്ദേഹം. മലയാള സിനിമായ ലോകത്തിനും അത്ര പെട്ടെന്ന് ഒന്നും ഈ താരത്തെ മറക്കാനും കഴിയില്ല.
വര്‍ഷങ്ങളോളം സിനിമാ രംഗത്ത് നിറഞ്ഞു നിന്ന നടന്‍ ഇപ്പോള്‍ അഭിനയ ലോകം വിട്ട് നില്‍ക്കുകയാണ്. ഇതുവരെ 215 സിനിമകളിലാണ് ബാബു നമ്പൂതിരി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വലിയ തിരുമേനി അഥവാ മേല്‍ശാന്തിയെന്ന പേരിലും അറിയപ്പെടുന്ന നടനാണ് ബാബു നമ്പൂതിരി. ഇത് ചെയ്ത സിനിമയിലെ കഥാപാത്രങ്ങളിലൂടെ ലഭിച്ച പേര് അല്ല. മറിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം തിരുമേനി തന്നെയാണ്.
ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിലുണ്ടായ മറക്കാന്‍ കഴിയാത്ത ഒരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ബാബു നമ്പൂതിരി. നിറക്കൂട്ട് എന്ന ചിത്രത്തില്‍ തനിക്കുണ്ടായ ഒരു അബദ്ധമായിരുന്നു അദ്ദേഹം തുറന്നുപറഞ്ഞത്.
ചിത്രത്തില്‍ നായികയായ സുമലതയെ താന്‍ ഉപദ്രവിക്കുന്ന ഒരു സീനുണ്ട്. സുമലതയെ ബലമായി പിടിച്ച് തോളില്‍ എടുത്തുകൊണ്ടുപോകുന്നതായിരുന്നു സീനെന്നും അത് ചെയ്തുകൊണ്ടിരിക്കവെ തന്റെ തോളിലിരുന്ന സുമലതയുടെ നെറ്റി മുറിയുടെ കട്ടിളയില്‍ തട്ടി മുറിഞ്ഞുവെന്നും ചോര വന്നുവെന്നും ബാബു നമ്പൂതിരി പറയുന്നു.
ഇതോടെ സെറ്റില്‍ വലിയ ബഹളമായി. താന്‍ പുതിയ ആളായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പലരും പറഞ്ഞു. പലരും തന്നെ കുറ്റപ്പെടുത്തിയെന്നും സുമലതയും ആക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണ് തന്റെ ഓര്‍മ്മയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പരിക്ക് പറ്റിയ സുമലതയുമായി ആശുപത്രിയില്‍ പോകുന്നതിന് പകരം നിര്‍മ്മാതാവ് പോയത് ജ്യോത്സ്യന്റെ അടുത്തേക്കായിരുന്നു. അദ്ദേഹം മുറിവ് കണ്ടപ്പോള്‍ പറഞ്ഞത് അത് ചോരയല്ല, ശുഭലക്ഷണമാണ്, സിനിമ വിജയിക്കുമെന്നായിരുന്നുവെന്നും അത് കേട്ടപ്പോള്‍ തനിക്കും സമാധാനമായെന്നും ബാബു നമ്പൂതിരി പറയുന്നു.