ലോകം മുഴുവനുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാർ 2’. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ചിത്രം ‘അവതാറി’ന്റെ രണ്ടാം ഭാഗമാണ് അവതാർ 2. 2009 ലാണ് ചിത്രം പുറത്തിറങ്ങിയത്.
പാൻഡോറിലെ അന്യഗ്രഹജീവികളുടെ കഥ പറഞ്ഞ ചിത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഫിയോക്. വിതരണക്കാർ കൂടുതൽ തുക ചോദിക്കുന്നതുമൂലമാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അറുപത് ശതമാനമാണ് റിലീസ് ചെയ്യുന്ന് ആദ്യ ആഴ്ചയിൽ തിയ്യറ്റർ വിഹിതമായി വിതരണക്കാർ ചോദിക്കുന്നത്. എന്നാൽ 55 ശതമാനത്തിന് മുകളിൽ വിഹിതം നല്കാനികില്ലെന്ന നിലപാടിലാണ് തിയ്യറ്റർ ഉടമകൾ. ഡിസംബർ 16 ന് ലോകം മുഴുവൻ പ്രദർശനത്തിനെത്തുന്ന ചിത്രം ഡിസ്‌നി കമ്പനിയാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
മെറ്റ്കയിന പാറകളിൽ വസിക്കുന്ന നവിയുടെ പുതിയ വംശത്തെയാണ് രണ്ടാം ഭാഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അവതാറിന്റെ ആദ്യ ഭാഗത്തിൽ വനനശീകരണത്തെക്കുറിച്ചാണ് പരാമർശിച്ചതെങ്കിൽ രണ്ടാം ഭാഗത്തിൽ ഉഷ്ണമേഖലാ ബീച്ചുകളെയും പാൻഡോറ തീരങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നു.
വർഷങ്ങളോളം നീണ്ട ഗവേഷണത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രം വെള്ളത്തിനടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.