ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം കാറിന്റെ ഡോര്‍ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത നാട്ടുകാരനെ മര്‍ദിച്ച കേസിലെ പ്രതിായയ സിനിമാ സീരിയല്‍ നടന്‍ സുധീര്‍ സ്ഥിരം ജീവിതത്തിലും പലപ്പോഴും വില്ലന്‍ റോളില്‍.
പണ്ട് ഡ്രാക്കുള സിനിമയില്‍ ഒപ്പം അഭിനയിച്ച നടിയെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച കേസാണ് അതില്‍ പ്രധാനം. ഇതില്‍ കുറച്ചുനാള്‍ ഒളിവില്‍ നടന്നശേഷം ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഈ സംഭവത്തിനുശേഷം കാര്യമായ അവസരമില്ലാതിരുന്ന സുധീര്‍ കഴിഞ്ഞദിവസമാണ് ആലപ്പുഴയില്‍ നാട്ടുകാരുമായി പ്രശ്നമുണ്ടാക്കിയത്.
ആലപ്പുഴ എസ്എല്‍ പുരത്തുവെച്ച് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. നടന്‍ സുധീറും സുഹൃത്തുക്കളുമെത്തിയ ആഢംബര കാര്‍ ബാറിന് സമീപമുള്ള ദേശീയ പാതയോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
കാറിന്റെ വാതില്‍ തുറക്കുന്നതിനിടെ അതിനു സമീപത്തുകൂടി നടന്നു പോവുകയായിരുന്ന പഴയതോപ്പ് സ്വദേശിയായ അനൂപിന്റെ ദേഹത്ത് മുട്ടി. ഇത് ചോദിച്ചതിനെ തുടര്‍ന്ന് സുധീറിന്റെ സുഹൃത്തുക്കള്‍ അനൂപിനെ ആക്രമിക്കുകയായിരുന്നു.
വിഷയത്തില്‍ നാട്ടുകാരും ഇടപെട്ടതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. പീന്നീട് മാരാരിക്കുളം പോലീസ് സ്ഥലതെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവത്തില്‍ അനൂപിനും മറ്റൊരാള്‍ക്കും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
2012ലായിരുന്നു ഡ്രാക്കുളയിലെ നടിയായ പ്രിയയ്ക്കുനേരെ ഇയാള്‍ അതിക്രമം നടത്തിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പ്രിയ പരാതിയില്‍ പറയുന്നു.
തന്നെ വിവാഹം കഴിയ്ക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടിരുന്നുവത്രേ. ശല്യം വര്‍ദ്ധിച്ചതോടെ നടിയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിവരം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് തല്ലില്‍ കലാശിച്ചത്. അന്നും രാത്രിയായിരുന്നു സംഭവം നടന്നത്.
കടവന്ത്രയിലെ ഡാന്‍സ് ക്ലാസ് കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന പ്രിയയെ പിന്തുടര്‍ന്ന സുധീര്‍ കാറിന് കുറുകെ വണ്ടി നിര്‍ത്തി നടിയെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കടവന്ത്ര പോലീസിന് കൈമാറുകയായിരുന്നു.
ഇതിനിടെ നടിയുടെ സഹോദരന്‍ തന്നെ മര്‍ദിച്ചുവെന്നു കാണിച്ച് സുധീറിന്റെ ഭാര്യ പ്രിയ സുധീര്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രാഥമികാന്വേഷണത്തില്‍ ഇതു വ്യാജമാണെന്നു കണ്ടെത്തി.