അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായ അരങ്ങേറിയത്. ഇപ്പോൾ പദ്മ, കമല എന്നീ രണ്ട് പെൺമക്കളുമായി ജീവിതത്തിലും കരിയറിലും തിരക്കിലാണ് താരം.
സോഷ്യൽമീഡിയയിൽ സജീവമായ അശ്വതി തന്റെ അമ്മയെന്ന നിലയിലുള്ള അനുഭവങ്ങളും ചെറിയ ടിപ്‌സുകളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്ന വീഡിയോയും ഇത്തരത്തിൽ മക്കളെ വളർത്തുന്ന മാതാപിതാക്കൾക്കുള്ള ഒരു ടിപാണ്.
അശ്വതി ഒരു ഷൂട്ടിങ് ദിവസം വീട്ടിൽ നിന്നും പോകാൻ ഇറങ്ങുമ്പോൾ താരത്തിന് മുന്നെ, ഇളയമകൾ കമല ഇറങ്ങി ഓടി ഡോറിന് അടുത്ത് പോയി നിൽക്കുകയാണ്, അമ്മ പോകേണ്ട എന്ന മട്ടിൽ. ‘അമ്മയ്ക്ക് ജോലിയ്ക്ക് പോകണം, പെട്ടെന്ന് തിരിച്ചുവരാം, ഇന്നും കൂടെ പോയിക്കോട്ടെ’- എന്ന് ചോദിച്ച് അശ്വതി കുഞ്ഞിനെ സമാധാനിപ്പിക്കുകയാണ്. അപ്പോൾ കുഞ്ഞ് മാറി നിൽക്കുകയും, ഇത്തിരി നേരം പോയിട്ട് വാ എന്ന് പറയുന്നുമുണ്ട്.
അശ്വതി കുഞ്ഞിനോട് സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകുന്നതാണ് പങ്കുവച്ച വീഡിയോയിലെ കാഴ്ച. അതേസമയം, തനിക്ക് മൂത്ത മകൾ പദ്മയുടെ കാര്യത്തിൽ ഇക്കാര്യം പാലിക്കാൻ കഴിഞ്ഞില്ല, അത് അവളെ ഇൻസെക്യുർ ആക്കി എന്ന് അശ്വതി പറയുകയാണ്.
ALSO READ- വീണ്ടും ഹിറ്റായി ഒരു മോഹൻലാൽ സെൽഫി! നേര് പ്രമോഷനിടയിലെ താരസെൽഫി വൈറൽ
‘പദ്മ കുഞ്ഞായിരിക്കുമ്പോൾ ഒളിച്ചും പാത്തുമാണ് വീട്ടിൽ നിന്ന് ഞാൻ പുറത്തു കടന്നിരുന്നത്. കണ്ടാൽ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാൻ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാൻ വീട്ടിൽ ഉള്ളവർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാൻ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മാറ്റും.’
എന്നാൽ, സത്യത്തിൽ അത് കുഞ്ഞിന്റെ ഇൻസെക്യൂരിറ്റി കൂട്ടിയതേയുള്ളൂവെന്നും പിന്നെ തന്നെ കാണുമ്പോൾ അവൾ കൂടുതൽ വഴക്കാളിയാവുകയായിരുന്നു എന്നും അശ്വതി പറയുന്നു. താൻ അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവൾ കൂടുതൽ കൂടുതൽ ഒട്ടിപ്പിടിച്ചു.
അത് കൊണ്ട് രണ്ടാമത്തവൾ വന്നപ്പോൾ സ്ട്രാറ്റജി മാറ്റി. പോകുമ്പോൾ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും. തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കുമെന്നും അശ്വതി പറയുന്നു.
താൻ ഇപ്പാൾ എവിടെ പോയാലും തിരിച്ചു വരുമെന്ന് അവൾക്ക് ഉറപ്പാണ്. താൻ വീട്ടിലുള്ളപ്പോഴും തന്റെ അടുത്ത് നിന്ന് മാറാൻ അവൾക്ക് വിശ്വാസക്കുറവില്ല. എന്നാൽ പത്തു വയസ്സുള്ള പദ്മ ഇപ്പോഴും കുളിക്കാൻ പോകുമ്പോൾ പോലും പറയും ‘അമ്മ ഞാൻ വന്നിട്ടേ പോകാവൊള്ളേ’ എന്ന്. – അശ്വതി വിശദീകരിക്കുന്നു.
കമ്യൂണിക്കേഷൻ വളരെ പ്രധാനമാണെന്ന് അശ്വതി പറയുന്നു. നമ്മുടെ മക്കൾക്ക് സുരക്ഷിതത്വം തോന്നുന്നതിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് വിശ്വാസം. ഈ വിശ്വാസ ബോധം പഠനം, സാമൂഹിക കഴിവുകൾ, പൊരുത്തപ്പെടുത്തൽ, വൈകാരിക വികസനം എന്നിവയ്ക്ക് അടിത്തറയിടുന്നു എന്നും അശ്വതി വിശദമാക്കി.