ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ആരാധകരുടെ പ്രിയ നടൻ ആയി മാറിയ താരമാണ് ആസിഫ് അലി. തനിക്ക് കിട്ടിയ എല്ലാ വേഷങ്ങളും നായകനെന്നേ വില്ലെന്നോ നോക്കാതെ വേഷങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ മികച്ചതാക്കി മാറ്റി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ആസിഫ്.
ഋതുവിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ആസിഫലി പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. സിനമ പാരമ്പര്യമില്ലാതെ എത്തി സ്വന്തം കഴിവിലൂടെയാണ് താരം ഇന്നു കാണുന്ന നിലയിൽ എത്തിയത്. യൂത്തിന് ഇടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകരുടെ ഇടയിലും നടന് നിരവധി ആരാധകരാണ് ഉള്ളത്.
ആസിഫലിയുടെ മിക്ക ചിത്രങ്ങളും മിനിസ്‌ക്രീനിൽ ധാരാളം കാഴ്ചക്കാരെ നേടാറുണ്ട്. ആരാധകരോടും സഹ പ്രവർത്തകരോടും വളരെ അടുത്ത ബന്ധമാണ് നടൻ കാത്തു സൂക്ഷിക്കുന്നത്. ഇതിനിടെ താരം മിനിസ്‌ക്രീനിൽ അഭിനയിക്കുമെന്ന പ്രചാരണവും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യവും യാഥാർഥ്യമായിരിക്കുകയാണ്.
ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പര ‘ഗീതാഗോവിന്ദം’ സീരിയലിന്റെ പ്രധാനപ്പെട്ട ഭാഗത്തിലാണ് ആസിഫ് അലി എത്തിയിരിക്കുന്നത്. താരം ഈ പരമ്പരയിൽ നടൻ ആസിഫ് അലി ആയിട്ട് തന്നെയാണ് എത്തിയിരിക്കുന്നത്. അതിഥി വേഷത്തിലാണ് എത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സീരിയലിന്റെ പുതിയ പ്രൊമൊ പുറത്തുവന്നിരിക്കുകയാണ്.
പരമ്പരയിലെ നായകനായ ഗോവിന്ദ് മാധവിന്റെ അനിയത്തിയുടെ പിറന്നാളാഘോഷത്തിനാണ് ആസിഫ് അലി എത്തുന്നത്. ആസിഫ് അലി പിറന്നാൾ ആഘോഷത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
അന്ന് കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഓട്ടോയോടിക്കാൻ തുടങ്ങിയ ആ യുവാവ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസുകാരിൽ ഒരാളാണെന്നും ആ സുഹൃത്ത് ‘ഗോവിന്ദ് മാധവാ’ണ് എന്നും നായകനെ പരിചയപ്പെടുത്തിക്കൊണ്ട് ആസിഫ് അലി സംസാരിക്കുന്നു.
ബിസിനസ്സ് പ്രമുഖനും അവിവിവാഹിതനുമായ 41കാരൻ ‘ഗോവിന്ദ് മാധവി’ന്റെയും ഇരുപത്തിമൂന്നുകാരിയായ ‘ഗീതാഞ്ജലി’യുടെയും കഥ പറയുന്ന പരമ്പരയാണ് ‘ഗീതാഗോവിന്ദം’.
ഫെബ്രുവരി 13നാണ് സംപ്രേക്ഷണം ആരംഭിച്ചത്. സീരിയൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30നാണ് സംപ്രേക്ഷണം ചെയ്യുന്നത്. സാജൻ സൂര്യ, സന്തോഷ് കുറുപ്പ് , ബിന്നി, രേവതി, ശ്വേത, അമൃത, ഉമാ നായർ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. സന്തോഷ് കിഴാറ്റൂരും അതിഥി വേഷത്തിലെത്തുന്നുണ്ട്.
അതേസമയം, ‘മഹേഷും മാരുതിയും’ ആണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. മംമ്ത മോഹൻദാസ് നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതു ആണ്.