ഏതാണ്ട് 44 വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ അശോകൻ. നായകനായും വില്ലനായും കോമേഡിയനായും സ്വഭാവ നടൻ ആയും എല്ലാം അശേകൻ മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ക്ലാസ്സിക് കലാകാരൻ പി പത്മരാജന്റെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലെ വാണിയൻ കുഞ്ചുവിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ അഭിനയം ആരംഭിച്ചത്.
പിന്നീട് മലയാള ചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അശോകൻ അഭിനയിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ചി ട്ടുള്ള ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളേയും അദ്ദേഹം മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത പ്രണാമം, അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം, ഹരികുമാർ സംവിധാനം ചെയ്ത ജാലകം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിന് ഉദാഹരണങ്ങളാണ്.
അശോകൻ മഹാനടൻ മമ്മൂട്ടിയോടൊപ്പം യവനിക,അമരം തുടങ്ങി ഏറ്റവും ഒടുവിലിറങ്ങിയ നൽപകൽ നേരത്ത് മയക്കം എന്ന ചിത്രങ്ങളിലെല്ലാം വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ താരം താൻ ആദ്യമായി മമ്മൂട്ടിയെ അനുഭവം പങ്കുവെക്കുകയാണ്.
മമ്മൂക്ക ആദ്യമായി സെറ്റിലേക്ക് വന്ന ദിവസമൊക്കെ തനിക്ക് ഇപ്പോഴും ഓർമയുണ്ടെന്ന് പറയുകയാണ് അശോകൻ. മമ്മൂട്ടി എന്ന നടൻ സിനിമയിൽ പേരെടുത്ത് വരുന്ന സമയമായിരുന്നു അന്ന്. അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്.
താനിങ്ങനെ റിസപ്ഷനിൽ നിൽക്കുമ്പോഴാണ് ഒരു മഞ്ഞ കളർ ടാക്‌സിയിൽ അദ്ദേഹം വന്ന് ഇറങ്ങുന്നത്. ഉള്ളിലേക്ക് കയറുമ്പോൾ തന്നെ കണ്ടിട്ട് അദ്ദേഹം ചോദിച്ചു, ‘പെരുവഴിയമ്പലത്തിലെ രാമൻ അല്ലേ? എന്നെ അറിയുമോ’- എന്ന്. പെട്ടെന്ന് ചോദ്യം കേട്ടപ്പോൾ താനൊന്ന് ഞെട്ടിയെന്നും അശോകൻ പറയുന്നു.
അദ്ദേഹം എല്ലാ നല്ല സിനിമകളും കാണുന്ന ഒരു വ്യക്തിയാണ്. അതിനെക്കുറിച്ചെല്ലാം വളരെ കൃത്യമായി നമ്മളോട് പറയുകയും നമ്മളെ അഭിനന്ദിക്കാൻ ഒന്നും യാതൊരുവിധ മടിയുമില്ലാത്ത ആളുമാണ്.
ഇനി അഥവാ അത് ഇഷ്ടമായില്ലെങ്കിൽ അങ്ങനെ പറയുകയും ചെയ്യും. അത്തരത്തിൽ ഒരുപാട് പോസിറ്റീവ്‌സ് ഉള്ള വ്യക്തിയാണ് അദ്ദേഹം. ഷൂട്ടിങ് കഴിഞ്ഞിട്ടുള്ള ഒഴിവുവേളകളിൽ പല ഭാഷയിലുള്ള ചിത്രങ്ങൾ കാണുകയും എല്ലാ ഭാഷയിലെയും ന്യൂസുകൾ കണ്ട് അതെല്ലാം അപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യുന്ന ആളുകൂടിയാണ് മമ്മൂക്കയെന്നും താരം പറയുന്നു.
പിന്നെ, പണ്ടൊക്കെ നല്ല മുൻകോപം ഉണ്ടായിരുന്നു മമ്മൂക്കയ്ക്ക്. ഇപ്പോഴും ഉണ്ടെങ്കിലും അത് പോലും ഒരുപാട് മാറി പോയി. അന്ന് അദ്ദേഹം പറയുന്ന പല കാര്യങ്ങളും കേട്ടാൽ നമുക്ക് ഇഷ്ടമാവില്ലായിരുന്നു. അറിയാത്തവരൊക്കെ ആണെങ്കിൽ തെറ്റിദ്ധരിക്കുകയും ചെയ്യും.
പക്ഷെ അത് അറിഞ്ഞു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ശുദ്ധത കൊണ്ടാണെന്ന് നമുക്ക് മനസിലാവും. തന്നോടൊക്കെ ഒരുപാട് വട്ടം ദേഷ്യപ്പെട്ടിട്ടുണ്ടെന്നും അശോകൻ വെളിപ്പെടുത്തി.