മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയും നർത്തകിയുമാണ് ആശ ശരത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ആശ ശരത് സിനിമാ ലോകത്തേയ്ക്ക് ചേക്കേറിയത്. നിഴലും നിലാവും എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ ആശ ശരത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. ഈ പരമ്പരയിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രം നടിയുടെ സിനിമാ ജീവിതത്തിന്റെ ടേണിംഗ് പോയിന്റ് ആവുകയായിരുന്നു.
2012ൽ പുറത്തിറങ്ങിയ ഫ്രൈഡേയായിരുന്നു ആശാ ശരത്തിന്റെ ആദ്യത്തെ സിനിമ. പിന്നീട് വന്ന സക്കറിയയുടെ ഗർഭിണികൾ, ദൃശ്യം എന്നീ സിനിമകളിലൂടെ താരം മലയാളത്തിൽ സജീവമാവുകയായിരുന്നു. ദൃശ്യത്തിലെ പോലീസ് വേഷം താരത്തിന് കൂടുതൽ ജനശ്രദ്ധ നേടികൊടുത്തു. ചിത്രത്തിന്റെ തമിഴ് പതിപ്പിലും ആശ തന്നെയായിരുന്നു എത്തിയത്. പിന്നീട് വർഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും ആശ അഭിനയിച്ചു.
ഇന്ന് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളുമായി സജീവമാണ് ആശ. അടുത്തിടെയാണ് നൃത്തം അഭ്യസിപ്പിക്കാനായി ആപ്പ് തയ്യാറാക്കിയത്. കുറഞ്ഞ ഫീസ് കൊണ്ട് കഴിയുന്നത്രയും നൃത്തം പഠിപ്പിക്കുക എന്നത് മാത്രമായിരുന്നു നടി ലക്ഷ്യമിട്ടത്. മികച്ച പ്രതികരണമാണ് നടിയുടെ പുതിയ സംരംഭത്തിന് ലഭിച്ചിരിക്കുന്നത്.
അതേസമയം, പാപ്പനാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ആശാ ശരത്ത് സിനിമ. ഇപ്പോൾ പീസ് എന്ന സിനിമയാണ് ആശാ ശരത്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻഫീർ. കെ സംവിധാനം ചെയ്ത സിനിമയാണ് പീസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ഒരു സറ്റയർ മൂവിയാണ് പീസ്.
കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് പീസിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ദയാപരനാണ്. ജോജു ജോർജിന് പുറമെ സിദ്ധിഖ് അനിൽ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം, വിജിലേഷ്, അർജുൻ സിങ്, രമ്യാ നമ്പീശൻ, അതിഥി രവി, പൗളി വത്സൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ALSO READ- വൻ തിരിച്ചുവരവിന് ഒരുങ്ങി ദിലീപ്; പിന്നിൽ സുരേഷ് ഗോപി; ആരാധകർ ആഘോഷത്തിൽ
ഇപ്പോഴിതാ പീസ് സിനിമയുടെ വിശേഷങ്ങൾ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ആശാ ശരത്ത്. ‘ജീവിതം ആസ്വദിച്ച് നടക്കുന്ന ജലജ എന്ന കഥാപാത്രത്തെയാണ് പീസിൽ അവതരിപ്പിച്ചിരിക്കുന്നത്.’ എന്നാണ് താരം പറയുന്നത്.
‘ഇതുവരെ ഞാൻ ഇത്തരമൊരു കഥാപാത്രം ചെയ്തിട്ടില്ല. ചിത്രത്തിൽ സിഗരറ്റ് വലിക്കുന്ന രംഗങ്ങളുണ്ട്. സിഗരറ്റ് വലിക്കുന്നവരുടെ അടുത്ത് നിന്നാൽ ചുമയ്ക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ഭർത്താവും സിഗരറ്റ് വലിക്കില്ല. അതുകൊണ്ട് ആക്ഷൻ പറയുന്നതിന് മുമ്പ് പുകയെടുത്ത് വായിൽ സൂക്ഷിക്കും.’ ‘ശേഷം ആക്ഷൻ പറയുമ്പോൾ അത് സ്‌റ്റൈലായി പുറത്തേക്ക് കളയും. ഇറക്കിയാലാണ് ചുമ വരിക. ജോജു ചേട്ടനാണ് സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത്.’
‘സെറ്റിലുള്ളവരെല്ലാം എന്നെ സിഗരറ്റ് വലിക്കാൻ പഠിപ്പിക്കാൻ തയ്യാറായി വന്നിരുന്നു. സിദ്ദിഖ് ഇക്ക എനിക്ക് വല്യേട്ടനെപ്പോലെയാണ്. പ്രശ്‌നം വന്നാൽ അത് അദ്ദേഹത്തോട് ധൈര്യപൂർവം പറയാം.’
‘സിബിഐ5ലെ കഥാപാത്രം ഞാൻ ചെയ്തത് പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ജയറാമേട്ടൻ വെറുതെ പറയുന്ന കഥയാണ് എന്റെ പുറകെ നടന്നുവെന്നത്. ജയറാമേട്ടൻ തമാശയ്ക്ക് പറഞ്ഞ കഥയാണ്.’ ‘ജയറാമേട്ടൻ എന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു താമസം. ഞങ്ങളുടെ നാട്ടിലെ നായകനായിരുന്നു. ജയറാമേട്ടൻ ഞങ്ങളുടെ നാടിന്റെ രോമാഞ്ചമായിരുന്നു. ജയറാമേട്ടന്റെ അനിയത്തി എന്റെ കോളജ് മേറ്റായിരുന്നു. ഞാൻ കോളജിൽ പഠിക്കുമ്പോൾ ജയറാമേട്ടൻ നായകനാണ്.’
‘പിന്നെ എങ്ങനെയാണ് അദ്ദേഹം പുറകെ നടക്കുക. പുറകെ നടന്ന് ചെരുപ്പ് തേഞ്ഞ് തീർന്നുവെന്നൊക്കെ ചുമ്മ അദ്ദേഹം പറഞ്ഞതാണ്. വെറുതെ പറയുന്നതാണ്. മക്കളെ എന്തെങ്കിലുമാക്കണം എന്ന് പറഞ്ഞ് നടക്കുന്ന അമ്മയായിരുന്നില്ല ഞാൻ. അവരെന്താവണമെന്ന് അവർ തീരുമാനിക്കണം. പഠിക്കണം എന്ന് മാത്രമെ ഞാൻ മക്കളോട് ഇതുവരെ പറഞ്ഞിട്ടുള്ളു. അവർക്ക് വേണ്ടി വഴിയൊരുക്കി കൊടുക്കുന്ന ഒരു അമ്മയുമാണ് ഞാൻ’ ആശാ ശരത്ത് പറയുന്നു.