യുവനടന് ആര്യയും നടി സയേഷ സൈഗാളും തെന്നിന്ത്യന്‍ സിനിമയിലെ പുതിയ താരദമ്പതികളാണ്. മാർച്ച് ഒമ്പതിന് ഹൈദരാബാദിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.
സിനിമാമേഖലയിലുള്ളവരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ അതിഥികളായി എത്തിയിരുന്നു. വിവാഹ തിരക്കുകൾക്ക് ശേഷം മധുവിധു ആഘോഷിക്കുകയാണ് ഇരുവരും.
ഇതിനിടെയെടുത്ത പുതിയ ചിത്രങ്ങൾ സയേഷയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. സയേഷ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഫെബ്രുവരി 14 ന് പ്രണയദിനത്തിലാണ് ആര്യ തന്റെ വിവാഹ വാർത്ത പുറത്തു വിടുന്നത്. അതുവരെ ഇവരുടെ വിവാഹത്തെ സംബന്ധിച്ച് ധാരാളം ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു.
ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരിൽ ആര്യ നടത്തിയ എങ്ക വീട്ടു മാപ്പിളൈ എന്ന ഷോ വലിയ വിവാദമാണ് സൃഷ്ടിച്ചത്. രണ്ട് മലയാളി പെണ്‍കുട്ടികളടക്കം 16 പേരാണ് ഷോയിൽ പങ്കെടുത്തത്.
എന്നാൽ ഫൈനലിൽ താൻ ആരെയും വിവാഹം കഴിക്കുന്നില്ലെന്ന് ആര്യ പ്രഖ്യാപിക്കുകയായിരുന്നു. മലയാളിയായ ആര്യ തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.
നടൻ ദീലീപ്കുമാറിന്റെ സഹോദരിയുടെ പേരക്കുട്ടിയാണ് സയേഷ. സയേഷയുടെ പിതാവ് സുമീത് സൈഗാളും മാതാവ് ഷഹീൻ ബാനുവും സിനിമാതാരങ്ങളാണ്.
ഗജനികാന്ത് എന്ന സിനിമയിലാണ് ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയും മോഹൻലാലും പ്രധാനവേഷത്തിലെത്തുന്ന കാപ്പാൻ എന്ന ചിത്രത്തിലും ഇരുവരും വേഷമിടുന്നുണ്ട്.