സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കുന്നതിന്റെ സന്തോഷം ഒന്നുവേറെ തന്നെയാണ് എന്ന് തുറന്നു പറയുന്ന ആളാണ് ആര്യ. ബഡായി ബംഗ്ലാവിലെ പൊട്ടിപ്പെണ്ണായ ആര്യയായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യ പക്ഷെ ജീവിതത്തില്‍ വളരെ ബോള്‍ഡാണ്.
സ്വന്തം കാലില്‍ നില്ക്കാന് ആഗ്രഹിക്കുന്ന ആര്യ ആങ്കറിംഗും മോഡലിംഗും ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ചുമൊക്കെയാണ് ജീവിതത്തില്‍ മുന്നേറുന്നത്. ഇപ്പോള്‍ താരം യൂട്യൂബ് ചാനലും ആരംഭിച്ചിരിക്കുകയാണ്.
താന്‍ ജീവിതത്തില്‍ നേരിട്ട തിരിച്ചടികള്‍ പറയാന്‍ മടി കാണിക്കുന്ന ആളല്ല ആര്യ. തന്റെ അച്ഛന്റെ അപ്രതീക്ഷിത വിയോഗം ജീവിതത്തിലുണ്ടാക്കിയ ശൂന്യതയെക്കുറിച്ചും അച്ഛന്റെ ആഗ്രഹത്തിന് അനുസരിച്ച് സഹോദരിയുടെ വിവാഹം മനോഹരമായി നടത്തിയതിനെ കുറിച്ചും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ അടുത്ത സുഹൃത്തായ ഫറ ഷിബ്ലയ്ക്കൊപ്പമെത്തി വിശേഷങ്ങള്‍ പങ്കിടുന്നതിനിടെയിലും ആര്യ അച്ഛനെക്കുറിച്ച് സംസാരിക്കുകയാണ്. എന്നെ എഞ്ചീനിയറാക്കണം എന്നായിരുന്നു അച്ഛന് ആഗ്രഹിച്ചത്. എന്നാല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ എന്റെ മാര്‍ക്ക് കണ്ടതോടെയാണ് അച്ഛന്റെ ആ മോഹം പൊലിഞ്ഞു.
തനിക്ക് കോളേജില്‍ എങ്ങനെ അഡ്മിഷന് കിട്ടുമെന്നോര്‍ത്ത അച്ഛന് വലിയ് ആശങ്കയുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ എനിക്ക് കോളേജില്‍ പോവണ്ടെന്ന് പറഞ്ഞത്. ആ സമയത്ത് ഞാന്‍ ആങ്കറിംഗും മോഡലിംഗുമെല്ലാം ചെയ്ത് തുടങ്ങിയിരുന്നു. പ്രൈവറ്റായി പഠിക്കുമോയെന്നായിരുന്നു അച്ഛന് ചോദിച്ചത്. അങ്ങനെയാണ് ബിഎ ലിറ്ററേച്ചര്‍ പ്രൈവറ്റായി ചെയ്യുന്നത്. അതും എനിക്ക് കംപ്ലീറ്റാക്കാനായില്ല. പിന്നീട് 18ാമത്തെ വയസിലായിരുന്നു എന്റെ വിവാഹം. ഇതിനെ ഇനി പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന് അച്ഛന് മനസിലായെന്ന് തോന്നുന്നുവെന്നാണ് കല്യാണത്തെ കുറിച്ച് താരം പറയുന്നത്.
തന്റെ അച്ഛന് തന്നെയാണ് കല്യാണം തീരുമാനിച്ചത്. അത്ര നേരത്തെ വിവാഹം ചെയ്യുന്നത് എനിക്കിഷ്ടമായിരുന്നില്ല. എന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് കല്യാണത്തിന് സമ്മതിക്കുകയായിരുന്നു. എന്‍ട്രന്‍സ് പോയതോടെ അച്ഛനെ ബുദ്ധിമുട്ടിക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തിയിരുന്നു. എന്റെ കാര്യങ്ങളെല്ലാം ചെയ്യാനുള്ള പണം സ്വന്തമായുണ്ടാക്കിയിരുന്നു. എന്നാല്‍, വീട്ടിലേക്ക് കൊടുക്കാനും മാത്രമുള്ള പൈസയൊന്നും എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല എന്നാണ് ആര്യ പറയുന്നത്.
ഇപ്പോള്‍, ആങ്കേഴ്സിന്റെ സാലറി എന്നൊക്കെ കണ്ട് ഞാന്‍ അന്തം വിട്ടിരുന്നു. ഇതൊന്നും കണ്ട് നിങ്ങള്‍ വിശ്വസിക്കരുത്. ആര്യയുടെ ആര്‍ഭാട വീട്, ബംഗ്ലാവ് എന്ന് പറഞ്ഞൊരു വീഡിയോയുണ്ട് യൂട്യൂബില്‍. അത് മമ്മൂക്കയുടെ വീടാണ്. 15 വര്‍ഷമായി ഞാന്‍ ഈ മേഖലയില്‍. ഇപ്പോഴും എനിക്കൊരു വീടില്ല, അതിനുള്ള ശ്രമത്തിലാണ്. ആകെപ്പാടെ ഞാന്‍ മേടിച്ചത് ഒരു കാറാണെന്നും ആര്യ പറയുന്നുണ്ട്.
എന്നും ഫിനാന്‍ഷ്യലി ഇന്ഡിപെന്ഡന്റായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇനി എന്തൊക്കെ സംഭവിച്ചാലും എനിക്ക് വേണ്ടി ഞാന്‍ സ്വന്തമായി സമ്പാദിക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്തെങ്കിലും കണ്ടിഷ്ടപ്പെട്ടാല്‍ സ്വന്തം കാശ് കൊണ്ട് മേടിക്കുന്നതിലൊരു സുഖമുണ്ട്. എനിക്കത് മേടിച്ച് തരുമോയെന്ന് ചോദിച്ച് വേറൊരാളോട് ചോദിക്കരുത് എന്ന് എനിക്ക് എന്നുമുണ്ടായിരുന്നു. സ്വന്തം കാലില്‍ത്തന്നെ നില്‍ക്കണമെന്നുള്ളത് എന്റെ തീരുമാനമായിരുന്നു എന്നും ആര്യ പറയുന്നുണ്ട്.