ദിലീപിനെ നായകനാക്കി ഒരുക്കിയ രാമലീല എന്ന തന്റെ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റര്‍ ആക്കിയ സംവിധായകന്‍ ആണ് അരുണ്‍ ഗോപി. ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി.
അതിനു ശേഷം ഇപ്പോള്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവുമായി എത്തുകയാണ് അരുണ്‍ ഗോപി. ഈ വരുന്ന ജനുവരി ഇരുപത്തിയഞ്ചിന് ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യാന്‍ പോകുന്നത്.
അരുണ്‍ ഗോപി തന്നെ രചന നിര്‍വഹിച്ച ഈ ചിത്രവും നിര്‍മ്മിച്ചിരിക്കുന്നത് രാമലീല നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടം ആണ്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രം ഏതാണെന്നും അരുണ്‍ ഗോപി ഒരു മാധ്യമ അഭിമുഖത്തില്‍ വെളിപ്പെടുത്തി കഴിഞ്ഞു.
മലയാളത്തിന്റെ താര ചക്രവര്‍ത്തി മോഹന്‍ലാല്‍ നായകനായ ചിത്രമായിരിക്കും താന്‍ അടുത്തതായി ഒരുക്കുക എന്നും ആ ചിത്രം ഈ വര്‍ഷം തന്നെ ഉണ്ടാകും എന്നും അരുണ്‍ ഗോപി പറഞ്ഞു.
ടോമിച്ചന്‍ മുളകുപാടം തന്നെയാണ് ഈ മോഹന്‍ലാല്‍- അരുണ്‍ ഗോപി ചിത്രവും നിര്‍മ്മിക്കുക. നൂറ്റിയമ്പകോടി ക്ലബ്ബില്‍ എത്തിയ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം മോഹന്‍ലാല്‍- ടോമിച്ചന്‍ മുളകുപാടം ടീം ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ചിത്രവുമായിരിക്കും ഇത്.
താന്‍ തന്നെയാണ് ഈ ചിത്രം രചിക്കാന്‍ പോകുന്നത് എന്നും ഇതിന്റെ കഥ പൂര്‍ത്തിയായതായും അരുണ്‍ ഗോപി പറഞ്ഞു.
കഥാപാത്രങ്ങളെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും ചര്‍ച്ച നടത്തി അതിന്റെ എഴുത്തുപരിപാടികളിലേക്കു ഉടനെ കടക്കുമെന്നും അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ സ്വഭാവത്തെ കുറിച്ചൊന്നും പറയാറായിട്ടില്ല എന്നും അരുണ്‍ ഗോപി വെളിപ്പെടുത്തി.