ഏഷ്യാനെറ്റിൽ വിജയകരമായി പൂർത്തിയായ ബിഗ്ബോസ് മലയാളം സീസൺ നാലിലെ മൽസരാർത്ഥി ആയിരുന്നു ശാലിനി നായർ. ഷോയിൽ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്ബോസ് ഹൗസിൽ ബാലാമണി എന്നാണ് ശാലിനി നായർ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകൾ വന്നിരുന്നു. എന്നാൽ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താൻ, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്.
സാധാരണക്കാരിയായ ഒരു നാട്ടിൻപുറത്തുകാരിയിൽ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നിൽക്കുകയാണിപ്പോൾ. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നു പറഞ്ഞിരുന്നു. പല മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ടെലിവിഷൻ അവതാരക എന്ന മേൽവിലാസത്തെയാണ് ശാലിനി തന്നോട് കൂടുതൽ ചേർത്ത് നിർത്തുന്നത്. വിജെ ശാലിനി നായർ എന്നാണ് തൻറെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ശാലിനി നൽകിയിരിക്കുന്ന പേര്.
കഷ്ടപ്പാടിലൂടെ കടന്നുവന്ന ശാലിനി ഇന്ന് പ്രമുഖ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളുടെയും ചാനൽ അവാർഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിക്കുകയാണ്. ഇതിനിടെ അഭിനയരംഗത്തും ഒരു കൈ നോക്കി. എന്നാൽ ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ എത്തി എങ്കിലും വീട്ടിൽ അധിക നാൾ നിൽക്കാൻ കഴിഞ്ഞില്ല. കുറഞ്ഞ സമയത്തിനുള്ളിൽ തനിക്ക് വേണ്ട ആരാധകരെ ശാലിനി സമ്പാദിച്ചിരുന്നു.
ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ പഴയ ഓർമകൾ പൊടി തട്ടിയെടുത്ത് ശാലിനി നായർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ‘ചില ഓർമ്മകൾ ഇടക്കൊന്ന് പൊടി തട്ടി എടുക്കുന്നത് നല്ലതല്ലേ.. ഒരു കുഞ്ഞു ഫ്‌ലാഷ് ബാക്ക്.. ചിങ്ങ മാസത്തിലെ അശ്വതി നക്ഷത്രത്തിൽ ജനിച്ച കുട്ടി… ഗവണ്മെന്റ് ഉദ്യോഗം ണ്ട് ജാതകത്തില്…. അന്നത്തെ എംബ്രാന്തിരി ഗണിച്ച് നോക്കി പറഞ്ഞതാത്രേ… പലകേല് കണ്ട യോഗൊന്നും ഇണ്ടായില്ല്യ ജാതകക്ക്.’- ശാലിനി പറയുന്നു.
‘പക്ഷെ എവിടെയോ ഒരു തിരി നാളം അണയാതെ ഉണ്ടെന്ന പ്രതീക്ഷയിൽ അവൾ തുഴഞ്ഞുകൊണ്ടേയിരുന്നു. അര മണിക്കൂർ നേരമുള്ള ഒരു ചെറിയ പ്രോഗ്രാമിന് അവസരം ചോദിച്ച് വിളിച്ചവൾക്ക് കിട്ടിയത് സ്വപ്നം പോലും കാണാൻ കഴിയാത്ത അത്ര വലിയ അവസരമായിരുന്നു. ഒരിക്കലെങ്കിലും തലയുയർത്തി പിടിച്ച് നിൽക്കാനുള്ള അവസരം.’
‘പതിനേഴ് വയസിൽ കുഴിച്ച് മൂടേണ്ടി വന്ന സ്വപ്നങ്ങളുടെ പുനർജന്മം…. തന്നിലൂടെ കുഞ്ഞും കുടുംബവും കൂടപ്പിറപ്പും രക്ഷപ്പെടാൻ പോവുന്നതിന്റെ സന്തോഷം. എല്ലാം മുറുകെ ചേർത്ത് പിടിച്ച് പെട്ടി എടുത്ത് യാത്ര തിരിച്ചു.’ ‘നമ്മൾ നമ്മളായി നിൽക്കേണ്ടത് വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ. സ്വപ്നങ്ങളുടെ ഭാരം താങ്ങിയുള്ള യാത്രക്കിടയിൽ വന്ന് ചേർന്ന ഭാഗ്യം കൈ വഴുതി വീണുപോയി. പക്ഷെ അതും ഒരു പാഠമായിരുന്നു.’
‘ഇനി ഒരു ശാലിനി നിങ്ങളിൽ നിന്നുണ്ടാവുമെങ്കിൽ തരാൻ ഒരേ ഒരു ഉപദേശം മാത്രം നിങ്ങൾ നിങ്ങളായിരിക്കേണ്ടത് നിങ്ങളിൽ മാത്രമാവണം. മുഖം മൂടി നല്ലതാണ് പല കാഴ്ചകളേയും കണ്ണുകളേയും മറക്കാൻ… അതേസമയം ഞാനിപ്പോൾ ഹാപ്പിയാണ്.’ ‘കരുതലും കരുത്തും തന്ന് കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി’ ശാലിനി കുറിച്ചു.