ഹിറ്റ്മേക്കർ ദിലീഷ് പോത്തൻ മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപർണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റുകയായിരുന്നു അപർണ.
മഹേഷിന്റെ പ്രതികാരത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറാൻ അപർണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്. സൂരറൈ പോട്ര് സിനിമയിലൂടെ ദേശീയ പുരസ്‌കാരത്തിനും താരം അർഹയായി. അപർണ ഇപ്പോൾ തെന്നിന്ത്യയിൽ തന്നെ പ്രശസ്തയായിരിക്കുകയാണ്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തിയപ്പോൾ സംഘടിപ്പിച്ച പരിപാടിയിലും അപർണ ബാലമുരളി ഭാഗമായിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ച് സ്വയം ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കിയിട്ടുണ്ടെന്ന് പറയുകയാണ് അപർണ ബാലമുരളി. ഓഡിഷന് പോവുമ്പോൾ നേരത്തെ ചെയ്ത സിനിമകൾ ഏതാണെന്ന് നോക്കാനാണ് അങ്ങനെ ചെയ്യുന്നതെന്നും ചിലപ്പോൾ തെറ്റായ വിവരങ്ങളും കാണാറുണ്ടെന്നും അപർണ റെഡ് എഫ്.എമ്മിനോട് പറഞ്ഞു.
തന്നെ പറ്റി താൻ തന്നെ ഗൂഗിൾ ചെയ്തിട്ടുണ്ട്. ഡീറ്റെയ്ൽസ് അയക്കേണ്ട എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ ഓഡിഷന് പോവുമ്പോൾ നേരത്തെ ഏതൊക്കെ വർക്ക് ചെയ്തിട്ടുണ്ട് എന്നോ നോക്കണമെങ്കിൽ വിക്കിപീഡിയയിൽ ഉണ്ടാവും. തെറ്റായ ഇൻഫർമേഷൻസും കാണാറുണ്ടെന്നും അപർണ പറയുന്നു.
അപർണ ബാലമുരളിക്ക് പ്രൈവറ്റ് ജെറ്റ് ഉണ്ടോ എന്ന് അപർണയെ പറ്റി ഒരു ഗൂഗിൾ സെർച്ചുണ്ടെന്ന് അവതാരകൻ പറഞ്ഞപ്പോൾ അയ്യോ പിന്നെ ഞാൻ ആരായി എന്നായിരുന്നു അപർണ തിരിച്ചുപറയുന്നത്.
താൻ ഒരു ബെൻസ് വാങ്ങിച്ചതിന്റെ ലോൺ അടച്ചുതീരുന്നേയുള്ളൂ. പ്രൈവറ്റ് ജെറ്റ് ആവുന്നേയുള്ളൂ. ഇത് കേട്ടപ്പോൾ ഞെട്ടി. ഇങ്ങനെ ഞാൻ കണ്ടിട്ടില്ലെന്നും അപർണ പറഞ്ഞു. ഒരു സിനിമാ പേര് സ്വന്തം പേരിനൊപ്പം ചേർക്കാൻ ഓപ്ഷൻ കിട്ടിയാൽ ഏതായിരിക്കും എന്ന ചോദ്യത്തിന് മഹേഷിന്റെ പ്രതികാരം എന്നായിരുന്നു അപർണ പറഞ്ഞത്.
അപർണയുടെ ഉടനെ റിലീസിനെത്തുന്ന ചിത്രം പവൻ കുമാർ സംവിധാനം ചെയ്യുന്ന ധൂമമാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിൽ റോഷൻ മാത്യു, വിനീത്, അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും എത്തുന്നു.