സ്ത്രീവിരുദ്ധത സിനിമയില്‍ മഹത്വവല്‍ക്കരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന രംഗങ്ങളെ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് നടി അപര്‍ണ ബാലമുരളി. തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.
‘സിനിമയില്‍ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങള്‍ ആവശ്യമായി വരും. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം.
സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാല്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും നടി പറഞ്ഞു.
നേരത്തെ നടന് പൃഥ്വിരാജും നടി പാര്‍വതിയും സിനിമയില്‍ സ്ത്രീവിരുദ്ധത ആഘോഷമാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സമാന അഭിപ്രായവുമായി തിരക്കഥകൃത്ത് ശ്യാം പുഷ്കറും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയ സ്ഥാനം നേടിയ നടിയാണ് അപര്‍ണ.
പിന്നണി ഗായിക കൂടിയായ താരം നായികയായ അള്ള് രാമേന്ദ്രനും തമിഴ് ചിത്രം സര്‍വം താള മയവും ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.