ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി അനു സിത്താര. സ്‌കൂള്‍ കലോല്‍സവ വേദിയില്‍ നിന്നും സിനിമയില്‍ എത്തിയാണ് അനു സിത്താര മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അഭിനയ രംഗത്തേക്ക് ഒരു ശാലീന സുന്ദരിയായി എത്തി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടുക ആയിരുന്നു അനു സിത്താര.
മലയാളത്തിന്റെ സൂപ്പര്‍ നായികാ നടി കാവ്യാ മാധവന് ശേഷം മലയാള സിനിമയില്‍ ശാലീന സുന്ദരികള്‍ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താരയുടെ കടന്നു വരവ്. ആരാധകര്‍ രണ്ട് കൈയ്യും നീട്ടി അനു സിത്താരയെ സ്വീകരിക്കുക ആയിരുന്നു. 2013 ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു സിത്താര അഭിനയ രംഗത്തേക്ക് എത്തിയത്.
പിന്നീട് ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയിലും സച്ചി പൃഥ്വിരാജ് ചിത്രം അനാര്‍ക്കലിയിലും ചെറിയ വേഷങ്ങളില്‍ എത്തി. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളില്‍ എത്തയതോടെയാണ് അനു സിത്താരയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി മാറുകയായിരുന്നു അനു സിത്താര. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മാമാങ്കം, കുട്ടനാടന്‍ ബ്ലോഗ്, താരരാജാവ് മോഹന്‍ലാലിനൊപ്പം ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങളിലും അനു സിത്താര അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ കുഞ്ഞുന്നാളില്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കള്ളങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അനു സിത്താര. മമ്മൂക്കയെ നേരില്‍ കണ്ടിരുന്നു, കറുത്ത കാറില്‍ നിന്നും ഇറങ്ങി വന്നിരുവെന്നൊക്കെ താന്‍ ചെറുപ്പത്തില്‍ പറഞ്ഞിരുന്നുവെന്നും തനിക്ക് കുഞ്ഞുന്നാളിലേ മമ്മൂക്കയെ ഒത്തിരി ഇഷ്ടമായിരുന്നുവെന്നും താരം പറയുന്നു.
ചെറുപ്പത്തില്‍ തന്റെ ഇഷ്ട നടന്‍ ആരാണെന്ന് ചോദിച്ചാല്‍ താന്‍ മമ്മൂക്ക എന്നാണ് പറയുന്നത്. മമ്മി ഡാന്‍സറായതുകൊണ്ട് പരിപാടികള്‍ക്കൊക്കെ പോയിരുന്നു. താനും മമ്മിക്കൊപ്പം പോകാറുണ്ടായിരുന്നുവെന്നും തിരിച്ച് വന്നാല്‍ അടുത്ത വീട്ടുകാരൊക്കെ വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ മമ്മൂക്കയെ കണ്ടു എന്നും ഞെട്ടിപ്പോയി എന്നുമൊക്കെ കള്ളം പറഞ്ഞിരുന്നുവെന്നും ശരിക്കും മമ്മൂക്കയെ കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നു അങ്ങനെ പറഞ്ഞതെന്നും അനു സിത്താര പറയുന്നു.