മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ഇളയദളപതി വിജയിയുടെ പുതിയ ചിത്രമായ ബിഗിൽ. അറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വനിത ഫുട്ബോൾ ടീമിനെ പ്രമേയമാക്കിയുള്ള ഈ ചിത്രത്തിൽ ഫുട്ബോൾ കോച്ച് ആയിട്ടാണ് വിജയ് എത്തിയത്.
ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് നടി അനു സിത്താര. സിനിമയുടെ ആത്മാവ് രണ്ടാം പകുതിയിലാണെന്നും എല്ലാ സ്ത്രീകൾക്കും പ്രചോദനമാവുന്ന ചിത്രമാണ് ബിഗിലെന്നും താരം പറയുന്നു. എല്ലാ വനിതകൾക്കുമായിട്ടാണ് സിനിമ സമർപ്പിച്ചിരിക്കുന്നത്.
അനുസിത്താര തന്റെ പോസ്റ്റിലൂടെ സംവിധായകനായ അറ്റ്ലിക്കും ഇളയദളപതി വിജയ്ക്കും ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ജീവിതത്തിൽ വിജയിച്ച എല്ലാ സ്ത്രീകൾക്കും പിന്നിൽ ഒരു പുരുഷൻ ഉണ്ടെന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.
പ്രത്യേകിച്ച് വിവാഹം കഴിച്ച ഒരാളുടെ വിജയത്തിന് പിന്നിൽ അവളുടെ ഭർത്താവുണ്ടാകുമെന്ന് ഭർത്താവ് വിഷ്ണു പ്രസാദിനെ ടാഗ് ചെയ്തുകൊണ്ട് അനു സിത്താര കുറിച്ചു. സിനിമയിൽ അഭിനയിച്ച റീബ മോണിക്ക ജോൺ, വർഷ ബൊലമ്മ, ഇന്ദ്രജ ശങ്കർ തുടങ്ങി മറ്റു താരങ്ങളെയും താരം തന്റെ പോസ്റ്റിൽ അഭിനന്ദിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തെറി,മെർസൽ തുടങ്ങിയ സിനിമകൾക്ക് പിന്നാലെ ബിഗിലും ഹിറ്റായതോടെ ഹാട്രിക്ക് വിജയം സ്വന്തമാക്കിയിരിക്കുകയാണ് വിജയ്-അറ്റ്ലീ കൂട്ടുകെട്ട്. എജിഎസ് എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.