മലയാള സിനിമയെ പിടിച്ചുകുലുക്കാന്‍ ഒടിയനും ലൂസിഫറും മരയ്ക്കാറും എത്തുന്നു: ലാലേട്ടന്‍ ചിത്രങ്ങളുടെ റിലീസ് തീയതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍

34

മലയാളത്തിന്റെ താരരാജാവ്‌ മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ റിലീസ് തീയതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍. ഒടിയന്‍ ഡിസംബര്‍ 14നും ലൂസിഫര്‍ മാര്‍ച്ച് 24നും കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത ഓണത്തിനും തീയേറ്ററുകളിലെത്തും. മൂന്നു സിനിമകളും 50 കോടിയിലേറെ നിര്‍മാണച്ചിലവുള്ളവയാണ്. ഒടിയന്‍ 50 കോടിയും ലൂസിഫര്‍ 60 കോടിയും മരയ്ക്കാര്‍ 75 കോടിയുമാണു ബജറ്റ്. ഒടിയന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ജോലികള്‍ മുംബൈയില്‍ പുരോഗമിക്കുന്നു.

Advertisements

ലൂസിഫര്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. നവംബര്‍ ഒന്നിനു മരയ്ക്കാര്‍ ചിത്രീകരണം തുടങ്ങും. 70 ദിവസംകൊണ്ടാണു മരയ്ക്കാര്‍ പൂര്‍ത്തിയാക്കുക.ഒടിയന്റെ ട്രെയിലര്‍ അടുത്ത മാസം തിയറ്ററുകളിലെത്തും. നേരത്തെ ഒടിയന്‍ ഒക്ടോബര്‍ 11ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്.

ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ് സംവിധായകനാകുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷമാണ് മോഹന്‍ലാലിന് . ഈ സിനിമയില്‍ യുവ നായകന്‍ ടോവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്.

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.

Advertisement