മലയാളികളുടെ പ്രിയപ്പെട്ട യുവസംഗീത സംവിധായകനാണ് കൈലാസ് മേനോൻ. തീവണ്ടി എന്ന ഒറ്റചിത്രത്തിലൂടെയാണ് കൈലാസ് മേനോൻ മലയാളികളുടെ മനസിൽ ചേക്കേറിയത്. ടൊവിനോ തോമസ് നായകനായ തീവണ്ടി ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം കൈലാസിന്റെ കരിയറിൽ വഴിത്തിരിവായി മാറുകയായിരുന്നു.
തീവണ്ടിക്ക് പിന്നാലെ കൈലാസ് ചെയ്ത നിരവധി സിനിമകളിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. എടക്കാട് ബറ്റാലിയൻ, മെമ്പർ രമേശൻ 9-ാം വാർഡ്, വാശി, കൊത്ത് എന്നീ സിനിമകളുടെയും സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോനാണ്.
അതേസമയം കൈലാസ് മാത്രമല്ല ഇദ്ദേഹത്തിന്റെ ഭാര്യ അന്നപൂർണ്ണ ലേഖ പിള്ളയും മലയാളികൾക്ക് സുപരിചിതയാണ്. നിരവധി സ്റ്റേജ്, അവാർഡ് ഷോകളിലും ടെലിവിഷൻ പരിപാടികളും അവതാരകയായി എത്തിയ അന്നപൂർണ്ണ മിനിസ്‌ക്രീനിൽ സജീവമാണ്.
2014-ലായിരുന്നു ഇരുവരുടെയും പ്രണയവിവാഹം. സമന്യു രുദ്രയെന്ന മകനും ദമ്പതികൾക്ക് കൂട്ടായി എത്തിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കൈലാസ് മേനോൻ ഇപ്പോൾ. ഏറെക്കാലം അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായികുന്നു.
കൈലാസ് മേനോൻ പ്രണയത്തെ കുറിച്ച് മഴവിൽ മനോരമയിലെ നടൻ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പറഞ്ഞത്. ഭാര്യ അന്നപൂർണ്ണയും കൂടെ അതിഥിയായി എത്തിയിരുന്നു.
പ്രണയവിവാഹത്തെക്കുറിച്ച് കൈലാസ് മേനോൻ പറഞ്ഞത്: ‘സൗഹൃദം പ്രണയത്തിലേക്കും പിന്നീട് ദാമ്പത്യത്തിലേക്കു മാറിയ അനുഭവമായിരുന്നു ഞങ്ങളുടേത്. എല്ലാ കാര്യങ്ങളും അന്നുമുതലേ പറയുമായിരുന്നു. കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പത്തിലായിരുന്നു. പക്ഷെ, ഞങ്ങൾ തമ്മിൽ പ്രണയമാണെന്നോ ഇഷ്ടമാണെന്നോ തരത്തിൽ അന്നു വരെ സംസാരിച്ചിട്ടേയില്ല. അതുകൊണ്ട് ഇക്കാര്യം അവതരിപ്പിക്കാനും കുറച്ച് പേടിച്ചിരുന്നു.
‘പ്രണയം തോന്നിയ സമയത്ത് ഞാൻ സിനിമകളൊന്നും ചെയ്തിട്ടില്ലായിരുന്നു. പരസ്യചിത്രങ്ങൾ മാത്രമായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെയൊരു പ്രൊഫഷനിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ കുടുംബം എന്ത് പറയും എന്ന ആശങ്കയായിരുന്നു. വിവാഹം കഴിച്ചാലുള്ള ഗുണദോഷങ്ങളെക്കുറിച്ചൊക്കെ എഴുതിവെച്ച് പഠിച്ചാണ് കാര്യം അവതരിപ്പിച്ചത്. അന്നപൂർണ്ണ അന്ന് ലോയ്ക്ക് പഠിക്കുകയാണ്. ഞാൻ സംഗീതം എന്നു പറഞ്ഞ് നടക്കുന്നു. വീട്ടുകാർ ഇതെങ്ങനെ എടുക്കും എന്ന് നല്ല ഭയം ഉണ്ടായിരുന്നു.’ താനാണ് വിവാഹക്കാര്യം ആദ്യം അവതരിപ്പിച്ചതെന്നും കൈലാസ് പറയുന്നു.
അതേസമം, കൈലാസ് പ്രണയം പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് അന്നപൂർണ്ണ പറയുന്നത്. ‘എനിക്ക് ശരിക്കും ഷോക്കിങ്ങും സർപ്രൈസുമായിരുന്നു ഇക്കാര്യം. ഒരു ദിവസം അസൈൻമെന്റ് എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ചാറ്റ് ബോക്സിൽ ഇക്കാര്യം പറയുന്നത്. വീട്ടിൽ ചോദിച്ചിട്ട് പറയാം എന്നായിരുന്നു എന്റെ ആദ്യ മറുപടി. കാരണം അച്ഛനുമമ്മയുമായി അടുത്ത ബന്ധമായതിനാൽ അവരോട് ചോദിച്ചിട്ട് തീരുമാനിക്കാം എന്നായിരുന്നു എന്റെ മനസ്സിൽ.’-അന്നപൂർണ്ണ പറയുന്നു.
അതേസമയം, പിന്നീട് അന്നപൂർണ്ണയുടെ അച്ഛൻ തന്നെ ഒന്നു കാണണം എന്ന് പറയുകയായിരുന്നു എന്ന് കൈലാസ് പറയുന്നു. അന്നപൂർണ്ണയ്ക്ക് വേണ്ടത്ര വിദ്യാഭ്യാസം കൊടുത്തിട്ടുണ്ടെന്നും അവൾ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് ശരിയാണെന്നായിരുന്നു അച്ഛൻ അന്ന് പറഞ്ഞത്. അതോടെ എല്ലാ ടെൻഷനും പോയെന്നും കൈലാസ് വ്യക്തമാക്കുന്നു. |
വിവാഹത്തിന് മുമ്പും ശേഷവും ബന്ധത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും കൈലാസ് മേനോൻ പ്രതികരിക്കുന്നുണ്ട്. ‘സാധാരണ പ്രണയവിവാഹങ്ങളിൽ വിവാഹം കഴിഞ്ഞു കഴിയുമ്പോഴാണല്ലോ നമ്മുടെ നെഗറ്റീവ് സൈഡിനെക്കുറിച്ചും മനസ്സിലാക്കുക. പക്ഷെ, ഞങ്ങൾ വിവാഹത്തിനു മുമ്പ് സുഹൃത്തുക്കൾ ആയിരുന്നതിനാലാകണം മിക്കപ്പോഴും വഴക്കും തർക്കവും ആയിരുന്നു. എന്നാൽ കല്യാണത്തിനു ശേഷം ഞങ്ങൾക്ക് ആശയപരമായി വലിയ കുഴപ്പങ്ങൾ തോന്നിയിട്ടില്ല.
അഭിപ്രായവ്യത്യാസങ്ങളെല്ലാം നേരത്തെ തന്നെ പറഞ്ഞുതീർത്തിരുന്നതുകൊണ്ട് ഇപ്പോൾ പ്രശ്നങ്ങളില്ല. നമ്മുടെ നെഗറ്റീവുകളെല്ലാം നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതും കൂടി മനസ്സിലാക്കി ഒരാളെ വിവാഹം കഴിയ്ക്കുകയാണെങ്കിൽ അത് വളരെ നല്ലൊരു കാര്യമാണ്.’- താരം മനസ് തുറന്നു.