മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഈ സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് ആനന്ദ് നാരായണൻ. കുടുംബവിളക്കിനെക്കാൾ ആനന്ദിന് ഇപ്പോൾ യൂത്തന്മാരായ ആരാധകരെയും സമ്പാദിക്കാൻ കഴിഞ്ഞത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്.
മലയാള ടെലിവിഷൻ സീരിയൽ ലോകത്തെ നമ്പർ വൺ വ്‌ളോഗർമാരിൽ ഒരാളായ ആനന്ദ് ഏറ്റവും ഒടുവിൽ പങ്കുവച്ചത് ക്യു ആന്റ് എ എന്ന വീഡിയോ ആണ്. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു. സീരിയൽ ലോകത്ത് തന്നെയുള്ള സെലിബ്രിറ്റികളുടെ വിശേഷങ്ങളും, അവരുമായുള്ള ചാറ്റിങും കുറച്ച് തന്റെ കുടുംബ വിശേഷങ്ങളുമൊക്കെയാണ് ആനന്ദ് തന്റെ യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത്.
ഒരു സീരിയലിൽ അഭിനയിക്കാൻ ചെന്നപ്പോഴുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് ആനന്ദ് നാരായണൻ പറയുന്നത്. കുടുംബവിളക്ക് എന്ന സീരിയലിലെ സുമിത്രയുടെ മൂത്ത പുത്രനാണ് ഡോക്ടർ അനിരുദ്ധ്. കഥാപാത്രത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ട്, അനിരുദ്ധ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കുന്ന നടൻ ആനന്ദ് നാരായണന് ആരാധകരും കൂടുതലാണ്. എന്നാൽ ഒരു സീരിയൽ സെറ്റിൽ വച്ച് അഭിനയം അറിയില്ല എന്ന് പറഞ്ഞ് സംവിധായകൻ ഇറക്കിവിട്ട അനുഭവമാണ് ആനന്ദിനെ ഇപ്പോഴും വിഷമിപ്പിക്കുന്നത്. സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ആ അനുഭവം ആനന്ദ് തുറന്ന് പറഞ്ഞു.
കുടുംബവിളക്കിൽ അനിരുദ്ധ് എന്ന കഥാപാത്രം നെഗറ്റീവ് ഷേഡുള്ള സമയത്ത് പുറത്ത് പോകുമ്പോൾ അമ്മമാരും അമ്മൂമ്മാരും എല്ലാം പ്രാകുമായിരുന്നു. അമ്മയെ ഒരുപാട് വെറുക്കുന്ന മകനായിരുന്നു അനിരുദ്ധൻ. പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും അമ്മയോട് അങ്ങനെയൊന്നും സംസാരിക്കാത്ത ആളാണ് ഞാനെന്നും വളരെ സങ്കടത്തോടെയാണ് അത്തരം രംഗങ്ങൾ എല്ലാം ചെയ്തിരുന്നതെന്നും ആനന്ദ് പറയുന്നു. ആനന്ദും അനിരുദ്ധുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് താരത്തിന്റെ വാക്കുകൾ.
അഭിനയിക്കണം എന്ന മോഹവുമായിട്ട് തന്നെയാണ് ആങ്കറിങ് ഫീൽഡിലേക്ക് വരുന്നത്. ആ സമയത്ത് ഒരുപാട് പ്രൊഡക്ഷൻ കൺട്രോളറെയും സംവിധായകരെയും എല്ലാം പോയി കാണുമായിരുന്നു. അങ്ങനെ ഒരു സംവിധായകന്റെ മുന്നിലെത്തി. ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ച ‘സ്റ്റാർട്ട് ക്യാമറ ആക്ഷൻ’ കേട്ടു. ഉടനെ കട്ട് പറഞ്ഞു, അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചു. ഒരു സീരിയലിൽ അഭിനയിക്കാൻ ചെന്നപ്പോഴായിരുന്നു ആ അനുഭവം. രണ്ട് മൂന്ന് തവണ അദ്ദേഹം ശ്രമിച്ചു. പക്ഷെ സാധിച്ചില്ല. നിന്റെ മുഖത്ത് എക്സ്പ്രഷനൊന്നും വരില്ല, നിനക്ക് അഭിനിയക്കാൻ അറിയില്ല എന്ന് പറഞ്ഞ് അദ്ദേഹം പാക്കപ്പ് വിളിച്ചു. തുടർന്ന് എന്നെ പറഞ്ഞുവിടുകയായിരുന്നു. വളരെ വിഷമത്തോടെയാണ് അന്ന് ഞാൻ അവിടെ നിന്നും ഇറങ്ങിയത്.-ആനന്ദ് നോവോടെ പറയുന്നു.
അന്ന് വീട്ടിലെത്തി അമ്മയോടും അമ്മൂമ്മയോടും, ഷൂട്ട് ചെയ്തിട്ടുണ്ട് അവർക്ക് ഇഷ്ടമാണെങ്കിൽ ടെലികാസ്റ്റ് ചെയ്യും എന്നാണ് കള്ളം പറഞ്ഞത്. പക്ഷെ ഭാര്യയോട് സത്യങ്ങൾ തുറന്ന് പറഞ്ഞുിരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്. അത്രയധികം ആളുകളുടെ മുന്നിൽ വച്ച് ‘നിനക്ക് അഭിനയിക്കാൻ അറിയില്ല’ എന്ന് പറഞ്ഞ് ഇറക്കി വിട്ടത് സഹിക്കാൻ പറ്റാത്ത സങ്കടമായി. പക്ഷെ ഭാര്യ ആശ്വാസിപ്പിച്ചു. സാരമില്ല, നമുക്കൊരു ഷോർട്ട് ഫിലിം എങ്കിലും ചെയ്യാം എന്ന് പറഞ്ഞപ്പോഴാണ്, ഓകെ നമുക്ക് ഇനിയും അവസരങ്ങളുണ്ട് എന്ന് മനസ്സിലാവുന്നത്. അന്ന് തീരുമാനിച്ചതാണ് നടനാവണം എന്നെന്നും താരം പറയുന്നു.
‘എന്നെക്കാൾ കഴിവും സൗന്ദര്യവും ഉള്ള ഒരുപാട് പേരുണ്ട്. പക്ഷെ അവരിൽ നിന്ന് നമുക്ക് സ്വപ്രയത്നം കൊണ്ട്, ഇന്ന് ഒരു പ്രൈം ചാനലിലെ ടോപ് സീരിയൽ ചെയ്യാൻ പറ്റുന്നുണ്ട് എങ്കിൽ അത് ദൈവാനുഗ്രഹം തന്നെയാണ്. അല്ലാതെ ഞാൻ വലിയ സംഭവം ആയത് കൊണ്ടല്ല.’
‘ആദ്യമായി സീരിയൽ ചെയ്ത്, അത് ടെലികാസ്റ്റ് ചെയ്ത ദിവസം അച്ഛൻ പറഞ്ഞതാണ്, എത്ര ഉയരങ്ങളിൽ പോയാലും സഹജീവികളോടുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടാവരുത് എന്ന്. അന്ന് അച്ഛന് കൊടുത്ത വാക്ക് ഇന്നും പാലിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്’- ആനന്ദ് നാരായണൻ പറഞ്ഞു