വികെ ശ്രീകുമര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന താരരാജാവ് മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ അനീഷ് ജി മേനോന്‍. ഒരിക്കലും മറക്കാത്ത ത്രില്ലിംഗ് അനുഭവമാണ് ഒടിയന്‍ സമ്മാനിച്ചതെന്ന് അനീഷ് പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അനീഷ് വിശേഷങ്ങള്‍ പങ്കുവച്ചത്. സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തീകരിച്ചെന്നും ഓരോ നിമിഷവും ത്രില്ലടിച്ചായിരുന്നു ചെയ്തതെന്നും അനീഷ് പറയുന്നു.
ദൃശ്യം, ദ് ഗോഡ്ഫാദര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ട അനീഷ് കൂടുതലായും കൈകാര്യം ചെയ്തിരിക്കുന്നത് സൈഡ് കിക്ക് കഥാപാത്രങ്ങളാണ്.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.
അനീഷിന്റെ വാക്കുകള്‍
ഒടിയന്‍ ഡബ്ബിങ് പൂര്‍ത്തീകരിച്ചു. ഈ ഒന്‍പത് കൊല്ലത്തെ ചെറിയ സിനിമ ജീവിതത്തിനിടയില്‍ രാത്രി ഷൂട്ടിങ്ങ് കുറെ ഉണ്ടായിട്ടുണ്ട്. ആദ്യമായിട്ടാ, ഒരു മിഡ്‌നൈറ്റ് ഡബ്ബിങ്.
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ക്യാപ്റ്റന്‍സിയില്‍ പുലര്‍ച്ചെ 4 മണിക്ക് ഡബ്ബിങ് മുഴുവന്‍ തീര്‍ന്നു ഒരു നിമിഷം പോലും ഉറങ്ങണം എന്ന് ആരും ചിന്തിച്ചതേ ഇല്ല. അത്രയും രസകരം ആയിരുന്നു..
ഓരോ നിമിഷവും ത്രില്ലടിച്ചാണ് ഞങ്ങള്‍ ഡബ്ബിങ്ങ് പൂര്‍ത്തികരിച്ചത്. സിനിമാ പ്രേമി എന്ന നിലക്ക് ഒന്ന് ഉറപ്പിച്ചു പറയുന്നു… ‘രാത്രിയുടെ രാജാവിന്റെ ഒടിവിദ്യ കാണാന്‍’ ..2018 ലെ ലാലേട്ടന്റെ മരണമാസ് മെഗാ ഹിറ്റ് കാണാന്‍…സന്തോഷത്തോടെ തയാറായിക്കൊള്ളു.
കൊച്ചിന്‍ വിസ്മയ സ്റ്റുഡിയോയില്‍ സഹ സംവിധായകന്‍ കൃഷ്ണകുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സജി ഏട്ടന്‍, റെക്കോര്‍ഡിസ്റ്റ് സുബൈര്‍, ബിനു തോമസ്, സഹതാരങ്ങളായ ചാള്‍സ്, ശരത് സഭ, അഭിനവ് എന്നിവരോടൊപ്പം ഒരു സെല്‍ഫി.