സിനിമാ പോസ്റ്റ്പ്രോഡക്ഷൻ ഘട്ടത്തിൽ ഒരുപാട് വിവാദങ്ങൾ കേൾക്കുകയും പതിയെ ചിത്രത്തെ തന്നെ എല്ലാവരും മറക്കുകയും ചെയ്ത ഘട്ടത്തിലാണ് ആർഡിഎക്സ് എന്ന ചിത്രം റിലീസിനെത്തുന്നത്. വൻഹൈപ്പിലെത്തിയ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങളോട് ഏറ്റുമുട്ടാനായി ആർഡിഎക്സ് എത്തുമ്പോൾ പ്രേക്ഷകർക്കും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോഴിതാ വൻതാരനിര ഇല്ലാതിരുന്നിട്ടും ഓണം റിലീസായി എത്തിയ ചിത്രങ്ങളിൽ മികച്ച്രതികരണം ലഭിച്ച് മുന്നേറുകയാണ് ഈ ചിത്രം. നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ആർഡിഎക്സ് പ്രതീക്ഷയ്ക്കും അപ്പുറമുള്ള ഒരു വൻവിജയം നേടുമെന്നാണ് ഇപ്പോഴത്തെ വെർഡിക്ട്.
പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഇടിപ്പടം എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഇതിനോടകം 50 കോടി ക്ലബിൽ കയറിയ ചിത്രം കൂടുതൽ കളക്ഷൻ നേടി മുന്നോട്ട് പോവുകയാണ്. ഇതിനിടെ ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ചിത്രത്തിലെ ആക്ഷൻ കൊറിയോഗ്രഫിയാണ്.
തെന്നിന്ത്യൻ ആക്ഷൻ കൊറിയോഗ്രാഫർമാരിൽ മുൻനിരയിലുള്ള അൻപ്അറിവ് എന്ന ഫൈറ്റ് മാസ്റ്റർ കോംബോയാണ് ആർഡിഎക്സിന് വേണ്ടി ഫൈറ്റ് രംഗങ്ങൾ ചിട്ടപ്പെടുത്തിത്. രോമാഞ്ചം ഉയർത്തുന്ന ഈ രംഗങ്ങൾ പടച്ച അൻപറിവ് എന്ന് അറിയപ്പെടുന്ന അൻപുമണിയും അറിവുമണിയും ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്.
ഇരട്ടകളായ ഈ ഫൈറ്റ് മാസ്റ്റർമാരുടെ പ്രതിഭ കബാലി, കെജിഎഫ്, വിക്രം. ലിയോ, സലാർ, ലിയോ, പ്രോജക്റ്റ് കെ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർ അനുഭവിച്ചറിഞ്ഞതാണ്. അമൽ നീരദിൻറെ ബാച്ചിലർ പാർട്ടി മുതൽ മലയാളത്തിലും നിരവധി ചിത്രങ്ങൾ ഇവർ ചെയ്തിട്ടുണ്ട്.
ഇപ്പോൾ ആർഡിഎക്സിലൂടെ വീണ്ടും മലയാളത്തിലെത്തുമ്പോൾ മുൻപ് ഒന്നും ലഭിക്കാതിരുന്ന തരത്തിലുള്ള കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആർഡിഎക്സ് ചിത്രത്തിലൂടെ തങ്ങൾക്ക് ലഭിച്ച പ്രോത്സാഹനത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അൻപറിവ്.
‘മാധ്യമങ്ങൾക്കും നിരൂപകർക്കും പ്രേക്ഷകർക്കും ഞങ്ങളുടെ ഹൃദയം തൊടുന്ന നന്ദി. ആർഡിഎക്സിലെ വർക്കിന് ഇത്രയും സ്നേഹവും പ്രചോദനവും നൽകുന്നതിൽ ഒരുപാട് സന്തോഷം. മലയാള സിനിമയിൽ വീണ്ടും പ്രവർത്തിക്കാൻ ഞങ്ങൾക്ക് അവസരം നൽകിയ സോഫിയ പോളിന് പ്രത്യേകം നന്ദി. ഈ സിനിമയുടെ ചിത്രീകരണഘട്ടത്തിലെ ഓരോ അംശവും ഞങ്ങൾ ആസ്വദിച്ചു’,-സിനിമയുടെ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് അൻപറിവ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
ഷെയ്ൻനിഗം, ആന്റണി വർഗീസ്, നീരജ് ടീമിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒപ്പം പ്രണയവും ഇമോഷനും എല്ലാം ചിത്രത്തിന്റെ മാറ്റ് കൂട്ടുകയാണ്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരുമായി വൈകാരികമായി കണക്റ്റ് ചെയ്തു എന്നാണ് ഓരോരുത്തരും അഭിപ്രായപ്പെടുന്നത്.
ണ്ട് ചിത്രം.