മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് എന്ന നടനെ മലയാളികൾ ശ്രദ്ധിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച വച്ച് മലയാളികൾക്ക് പ്രിയങ്കരൻ ആയി മാറി. പിന്നീട് ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ എന്ന ചിത്രത്തിലെ കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി മാറി. അടുത്തിടെ ആയിരുന്നു നടന്റെ വിവാഹം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിയ്ക്കപ്പെടുന്നത്.
Also read
വിജിലേഷിന്റെ പോസ്റ്റ്!
‘അമ്മ ഇന്നും അംഗനവാടിയിൽ പോകാനുള്ള ഒരുക്കത്തിലാണ്, മുപ്പത്തിഏഴ് വർഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അൻപത് രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്, അതിന്നും മുടക്കമില്ലാതെ തുടരുന്നു. എത്രയോ തലമുറയ്ക്ക് ഭക്ഷണം വച്ചുവിളമ്പി ഊട്ടിയ ശീലത്തിന്റെ ചാരിതാർഥ്യം ഉണ്ട് ആ മുഖത്ത്. അന്നാരും അൻപത് രൂപക്കൊന്നും ഏറ്റെടുക്കാൻ മടിച്ച,കുഞ്ഞുങ്ങളെ നോക്കാൻ മടിച്ച ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്, അതുതന്നെയാണ് അമ്മയുടെ സന്തോഷവും, ഊർജ്ജവും.
പുലർച്ചെ നാലെ മുപ്പതിനെഴുന്നേറ്റ് വീട്ടുജോലികളൊക്കെ തീർത്ത് തിരക്ക് പിടിച്ച് അംഗനവാടിയിലേക്കോടുന്ന അമ്മയെയാണ് ഞാൻ കണ്ടു വളർന്നത്. എന്റെ ഡിഗ്രികാലഘട്ടത്തിൽ ഞാൻ തിരഞ്ഞെടുത്തത് സംസ്‌കൃതമായിരുന്നു, തുടർന്ന് പി.ജിയ്ക്ക് തീയേറ്റർ പഠനമായിരുന്നു, തിയേറ്റർ പഠിച്ചിട്ട് എന്തുചെയ്യാനാണെന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ ഇന്നും കൂടെയുണ്ട്.
Also read
മൂന്നാറിലെ ഹണിമൂൺ വിശേഷങ്ങളുമായി യുവ കൃഷ്ണയും മൃദുല വിജയും
വളരെ തുച്ഛമായ വരുമാനത്തിനാണിന്നും അംഗനവാടി ജീവനക്കാർ ജോലി ചെയ്യുന്നത്. സർക്കാറിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയോ, ആനുകൂല്യങ്ങളോ ലഭിക്കാത്ത മേഖലയാണിത്, എന്നാൽ അവരുടെ ജോലി ഉത്തരവാദിത്വം നിറഞ്ഞതും, ഭാരിച്ചതുമാണ്. എന്നിരുന്നാലും ഇന്നും ഒരു മടുപ്പും കൂടാതെ അംഗനവാടിയിലേക്കു പോകുന്ന അമ്മ എനിക്കെന്നും പ്രചോദനവും, ആശ്ചര്യവുമാണ്’, വിജിലേഷ് പറയുന്നു.