തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി മൂന്ന് ജീവചരിത്ര സിനിമകള്‍ തെന്നിന്ത്യയിലും ബോളിവുഡിലുമായി ഒരുങ്ങുകയാണ്.
അതിനിടയിലേക്ക് ഇതാ തമിഴകത്തിന്റെ അമ്മയുടെ മറ്റൊരു ചിത്രം കൂടി എത്തുന്നു. ഇതില്‍ ജയലളിത മാത്രമല്ല അവരുടെ ഉറ്റ തോഴിയും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്ന ശശികലയും തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു.
സിനിമയുടെ പേരിലുമുണ്ട് ഈ തുല്യത. ശശിലളിതയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെ ജഗദീശ്വര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇരുവരുടെയും മുഖത്തിന്റെ പാതിചേര്‍ത്ത ലുക്കാണ് പോസ്റ്ററിലുള്ളത്.
ചിത്രത്തില്‍ ബോളിവുഡ് താരം കജോളാകും ജയലളിതയായി എത്തുക. ശശികലയായി തെന്നിന്ത്യന്‍ താരസുന്ദരി അമലാ പോളും. ഇരുവരുമായി ആദ്യവട്ട ചര്‍ച്ച നടത്തിയെന്നാണ് സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ജയലളിതയുടെയും ശശികലയുടെയും ഇതുവരെ കാണാത്ത ജീവിതവും ചിത്രത്തിലുണ്ട്. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ അവസാന 75 നാളുകളും ചിത്രത്തിലുണ്ടാകുമെന്നും പിന്നണിക്കാര്‍ അറിയിക്കുന്നു.
ഇരുവരും പരസ്പരം ജീവിതത്തില്‍ എങ്ങനെയായിരുന്നുവെന്ന് തിരിച്ചറിയാന്‍ തന്റെ ചിത്രം ഉപകരിക്കുമെന്നാണ് ജഗദീശ്വര റെഡ്ഡി പറയുന്നത്.
ജയം മൂവീസാണ് സിനിമ നിര്‍മ്മിക്കുന്നത്. താരനിര്‍ണയം പൂര്‍ത്തിയായാല്‍ അടുത്ത മാസം തന്നെ ചിത്രീകരണം തുടങ്ങും.
എ.എല്‍ വിജയ് ഒരുക്കുന്ന തലൈവിയില്‍ ജയലളിതയായി എത്തുന്നത് കങ്കണ റണാവത്താണ്. ചിത്രം ഹിന്ദിയില്‍ ജയ എന്ന പേരിലാണ് എത്തുക.
പ്രിയദര്‍ശിനി ഒരുക്കുന്ന ദ അയണ്‍ ലേഡിയില്‍ നിത്യാ മേനോനാണ് ജയലളിതയാകുന്നത്. ഇനിയും പേരിടാത്ത മറ്റൊരു ചിത്രത്തില്‍ ജയയായി എത്തുക നയന്‍താരയാണെന്നും റിപ്പോര്‍ട്ടണ്ട്. ഇത്തരത്തില്‍ നിരവധി ജയലളിത ചിത്രങ്ങളാണ് ശശിലളിതയ്‌ക്കൊപ്പം ഒരുങ്ങുന്നത്.