അല്ലു അർജ്ജുൻ സിനിമ ‘പുഷ്പ’ യോടൊപ്പം വൈറലായായതാണ് ചിത്രത്തിലെ താരത്തിന്റെ പ്രത്യേക ‘ആക്ഷനും’. താടിയിലൂടെ കൈ ഉരസി പോകുന്ന അല്ലുവിന്റെ സ്റ്റൈൽ വൻഹിറ്റായിരുന്നു. ചിത്രത്തിലെ ‘ശ്രീവല്ലി’ എന്ന പാട്ടിൽ കാൽപാദം നിലത്തൂടെ നിരക്കി കൈ താടിയിലുരസുന്നതിൽ അവസാനിക്കുന്ന അല്ലുവിന്റെ ആക്ഷൻ സിനിമക്ക് പുറത്തുള്ള പ്രശസ്തരും അനുകരിച്ചിരുന്നു.
അല്ലുവിനെ അനുകരിക്കുന്ന ഡേവിഡ് വാർണറുടെയും രവീന്ദ്ര ജഡേജയുടെയും വീഡിയോ വൈറലായതാണ്.
ALSO READ
ഒരു പാട്ടിന്റെ ഷൂട്ടിനിടയിൽ താൻ ചെയ്ത ആ ആക്ഷൻ സംവിധായകൻ സുകുമാറിന് ഇഷ്ടപ്പെടുകയും അത് കഥാപാത്രത്തിന്റെ ഭാഗമാക്കാൻ അദ്ദേഹം ആവശ്യപ്പെടുയായിരുന്നു എന്നും അല്ലു അർജുൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ALSO READ
എന്നാൽ പുറകോട്ടൊന്നു ചികഞ്ഞുനോക്കിയാൽ അല്ലുവിനും മുൻപേ ഈ ആക്ഷൻ സായ് പല്ലവി അവതരിപ്പിച്ചിരുന്നു എന്ന് കാണാനാകും. ധനുഷ് നായകനായി 2018 ൽ പുറത്തിറങ്ങിയ ‘മാരി ടു’വിലെ ‘റൗഡി ബേബി’ എന്ന പാട്ട് സിനിമപ്രേമികൾ മറക്കാനിടയില്ല.
ധനുഷിനെ കടത്തിവെട്ടി തന്റെ ഡാൻസിലൂടെ തെന്നിന്ത്യയെ സായ് പല്ലവി ഞെട്ടിച്ച വർഷമായിരുന്നു 2018. ഇന്ന് ‘ഊ അണ്ടവാ’ ഉണ്ടാക്കിയ ഓളം അന്ന് റൗഡി ബേബിയും ഉണ്ടാക്കിയിരുന്നു.
റൗഡി ബേബിയിൽ അല്ലുവിന്റെ പുഷ്പയിലെ അതേ ആക്ഷൻ സായ് പല്ലവി ഡാൻസിനിടയിൽ കാണിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ പാട്ടിന്റെ നാല് മിനിട്ട് 44ാം സെക്കന്റിലാണ് സായി പല്ലവിയുടെ ആക്ഷൻ. അല്ലുവിന്റെ പുഷ്പ ഹിറ്റായതോടെ സായ് പല്ലവിയുടെ ആക്ഷനും തേടി ആളുകൾ യുട്യൂബിലെത്തുന്നുണ്ട്.
എന്തായാലും പുഷ്പ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ലോകമെമ്പാടും 300 കോടിയിലേറെ രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി രൂപ കളക്ഷൻ നേടിയിരുന്നു.
തെലുങ്ക് സിനിമയ്ക്കും അല്ലു അർജുന്റെ കരിയറിനും വൻ വഴിത്തിരിവായി മാറിയിരിക്കുകയാണ് പുഷ്പ. പുഷ്പയുടെ രണ്ടാംഭാഗത്തെയും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഫഹദ് ഫാസിൽ വില്ലനായ് എത്തുന്ന രണ്ടാം ഭാഗത്തിന്റെ വിതരണ അവകാശത്തിനായി 400 കോടിയോളം രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. പുഷ്പ 2ന്റെ ഷൂട്ടിംഗ് ഈ വർഷം മാർച്ചിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.