ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. സോഷ്യൽമീഡിയയിൽ സജീവമായ താരം ആരാധകരുമായി പങ്കിടുന്ന വിശേഷങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്.
നായികയായി എത്തുന്ന മേഘ്ന വിൻസെന്റിന്റെ അനുജത്തിയായിട്ടാണ് ആലീസ് സീരിയലിൽ എത്തുന്നത്. ഇപ്പോൾ, ഹാക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനൽ തിരിച്ച് പിടിച്ച സന്തോഷത്തിലാണ് നടി ആലീസ് ക്രിസ്റ്റി. ആ സന്തോഷം ചാനലിലെ പുതിയ വീഡിയോയിലൂടെയാണ് നടി ആരാധകരുമായി പങ്കുവെച്ചത്.
ചാനൽ കൈവിട്ടു പോയി എന്നറിഞ്ഞപ്പോൾ തനിക്കുണ്ടായ വേദനയെ കുറിച്ചും ആ അവസ്ഥയിൽ കൂടെ നിന്നവരെ കുറിച്ചും ഒക്കെയാണ് വീഡിയോയിൽ ആലീസ് ക്രിസ്റ്റി വെളിപ്പെടുത്തുന്നത്. കൂടെ ഉണ്ടാവും എന്ന് കരുതിയ ആരും എന്നെ മൈന്റ് പോലും ചെയ്തില്ല എന്ന് നടി പറയുന്നു.
ആലീസ് ക്രിസ്റ്റിയുടെ വാക്കുകളിലേയ്ക്ക്:
ചാനൽ പോയപ്പോഴുള്ള എന്റെ വിഷമത്തെ കുറിച്ച് പങ്കുവയ്ക്കാനായിട്ടാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത്. എന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞപ്പോൾ പലരും നിസ്സാരമായി തള്ളിക്കളഞ്ഞു. അതില്ല എങ്കിൽ മറ്റൊന്ന് ഉണ്ടാക്കണം എന്ന് പറഞ്ഞവരും ഉണ്ട്. പക്ഷെ എട്ട് ഒൻപത് മാസം ഞാൻ കഷ്ടപ്പെട്ട് നേടിയത് ഒന്ന് വിരൽ ഞൊടിയ്ക്കുമ്പോഴേക്കും പോയി എന്ന് പറയുമ്പോൾ എത്ര വിഷമമായിരിയ്ക്കും.
എന്റെ ജീവിതത്തിലെ പല നല്ല മഹൂർത്തങ്ങളും വ്ളോഗിൽ ഉണ്ട്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന എത്രമാത്രമാണെന്ന് മറ്റുള്ളവർക്ക് മനസ്സിലാവില്ല. ആ സമയത്ത് എന്നെ കൂടെ നിന്ന് ആശ്വസിപ്പിച്ച ആൾ ഇച്ചായനാണ്. ഇച്ചായന് എന്റെ ചാനലിനോട് ഇത്രയും സ്നേഹം ഉണ്ടെന്ന് മനസ്സിലായതും അപ്പോഴാണ്. പോട്ടഡീ സാരമില്ല എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിയ്ക്കും.
ചാനൽ തിരിച്ച് കിട്ടാൻ വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു. മാതാവിന് നേർച്ച ഇട്ടു. അവസാനം ഫലം കണ്ടു. പിന്നെ ഈ ഒരു സാഹചര്യത്തിൽ ഞാൻ പ്രതീക്ഷിച്ച ഒരാൾ പോലും തിരിഞ്ഞ് നോക്കിയില്ല. എന്നെ മൈന്റ് പോലും ചെയ്തില്ല. പക്ഷെ അത് ഞാൻ കാര്യമാക്കുന്നില്ല. എന്നാൽ പ്രതീക്ഷിക്കാത്ത പലരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. ദൈവത്തിന്റെ നിമിത്തം പോലെയാണ് ഞാൻ അതിനെ കാണുന്നത്.
സീരിയൽ സംഘടനയായ ആത്മയുടെ സപ്പോർട്ട് വലിയ തോതിൽ എനിക്ക് ലഭിച്ചു. പിന്നെ എന്റെ അഡ്വക്കേറ്റ്സ് അനന്തപത്മനാഭൻ സാറും ഉണ്ണികൃഷ്ണൻ സാറും വളരെ അധികം സഹായിച്ചു. വീട്ടുകാരോട് ആരോടും ചാനൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞിട്ടില്ല. വെറുതെ എന്തിനാണ് അവരെ ടെൻഷൻ അടിപ്പിയ്ക്കുന്നത് എന്ന് കരുതി.
ചാനൽ എല്ലാം ഓകെയായി, പഴയത് പോലെ എന്റെ കൈയ്യിൽ കിട്ടിയപ്പോഴാണ് എല്ലാം പറഞ്ഞത്. അപ്പോൾ ഒന്നും പറയാതിയിരുന്നതിന് വഴക്ക് പറഞ്ഞു. ചാനൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം അറിഞ്ഞപ്പോൾ എന്റെ യൂട്യൂബ് കുടുംബാഗങ്ങൾ എല്ലാം വളരെ പോസിറ്റീവ് ആയ അപ്രോച്ച് ആയിരുന്നു. എല്ലാം ശരിയാവും പ്രാർത്ഥിയ്ക്കാം എന്നൊക്കെ പറഞ്ഞു.
എന്നാൽ ഫേസ്ബുക്കിൽ ഞാനൊരു വീഡിയോ പോസ്റ്റ് ചെയ്തപ്പോഴേക്കും അതിന് താഴെ വന്ന കമന്റുകളെ കുറിച്ച് പുറത്ത് പറയാൻ പറ്റില്ല. ഫേസ്ബുക്കിലെ അമ്മച്ചിമാരെ കൊണ്ട് വലിയ ശല്ല്യമാണ്. ചേട്ടന്മാരാണ് കുറച്ച് കൂടെ നല്ലത്. സ്വന്തം ഐഡി വച്ചുള്ള ഒറിജിനൽ പ്രൊഫൈലിൽ നിന്ന് ഇങ്ങനെ തെറി കമന്റുകൾ ഇടാനുള്ള ധൈര്യം കാണിച്ച അമ്മച്ചിമാരെ സമ്മതിക്കുന്നു. എന്തായാലും എന്റെ ചാനൽ തിരിച്ചു കിട്ടി, ഞാൻ ഹാപ്പിയാണ്