ചലച്ചിത്ര പിന്നണി രംഗത്ത് പ്രശസ്തയായ ഗായികയാണ് അഖില ശ്യാം സായി. അഖില ആനന്ദ് എന്ന പേരിലാണ് തുടക്കകാലത്ത് ആരാധകര്‍ക്ക് ഈ ഗായികയെ പരിചയം പിന്നീട് ശ്യാം സായിയെ വിവാഹം ചെയ്യുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ അഖിലജയരാജ് സംവിധാനം ചെയ്ത അശ്വാരൂഢന്‍ എന്ന ചിത്രത്തിലെ അഴകാലില എന്നു തുടങ്ങുന്ന പാട്ടിലൂടെയാണ് പിന്നണിസംഗീത ലോകത്ത് തിരക്കിലേക്ക് എത്തിയത്. വിവിധ മലയാള സിനിമകള്‍ക്കായി നാല്‍പ്പതിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
സീ കേരളം ചാനലിലെ 2021 ലെ മല്‍സര പരിപാടിയായ സരിഗമപ കേരളം ലിറ്റില്‍ ചാംസിന്റെ 12 ജൂറി മെമ്പര്‍മാറില്‍ ഒരാളുമായിരുന്നു അഖില. ഇപ്പോഴിതാ ആനീസ് കിച്ചണില്‍ എത്തിയ അഖിലയും ശ്യാമും തങ്ങളുടെ പ്രണയ കഥ തുറന്നുപറഞ്ഞതാണ് വൈറലായിരിക്കുന്നത്.
പഠനകാലത്താണ് പ്രണയത്തിന് തുടക്കമെന്ന് ശ്യാം പറയുന്നു. എംജി കോളേജിലാണ് പഠിച്ചിരുന്നത്. അവിടെ പ്രണയിക്കാന്‍ ഒന്നും പറ്റിയിരുന്നില്ല. ഫുള്‍ ടൈം ക്രിക്കറ്റ് കളിയും സിനിമ കാണലും ആയിരുന്നു. പക്ഷെ ടാന്‍ഡം കോളേജിലേക്ക് വരുമ്പോള്‍ എന്റെ ഉദ്ദേശം തന്നെ ആരെയെങ്കിലും പ്രണയിക്കണം എന്ന് തന്നെ ആയിരുന്നു .
പിന്നീട് ക്ലാസില്‍ ഇരിയ്ക്കുമ്പോഴാണ് അടുത്തിരുന്ന കുട്ടി അഖിലയെ ചൂണ്ടി, ‘ആ പുള്ളിക്കാരി ഏഷ്യനെറ്റില്‍ ഒക്കെ പാട്ട് പാടുന്ന ആളാണ്’ എന്ന് പറഞ്ഞത്.ആ സംയം തൊട്ടാണ് അഖിലയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പുറകെ നടക്കലായിരുന്നു പിന്നെ പണി.
ബസില്‍ അഖില എവിടെ പോകുവാണെങ്കിലും ഞാനും പുറകെ കയറി അഖിലയ്ക്ക് കൂടെ ടിക്കറ്റ് എടുക്കലൊക്കെ ചെയ്യുമായിരുന്നു. തന്റെ അടുത്ത് തന്നെ ബസിന് കാശ് ഉണ്ടാവില്ല, അമ്മയുടെ കാശ് എടുത്ത് കൊണ്ട് വന്നാണ് അഖിലയുടെ മുന്നില്‍ ആളാവുന്നതെന്നാണ് ശ്യാം പറയുന്നത്.
പിന്നീട് പതിയെ പതിയെ അടുത്തസുഹൃത്തുക്കളായി. അവസാനം പ്രണയം തുറന്ന് പറഞ്ഞു. അന്ന് ഇഷ്ടമാണ് എന്ന് മാത്രമാണ് പറഞ്ഞത്, കല്യാണം കഴിക്കാന്‍ താത്പര്യം ഉണ്ട് എന്നൊന്നും അപ്പോള്‍ പറഞ്ഞിരുന്നില്ല. ഫസ്റ്റ് ഡേ മുതല്‍ താനും ശ്യാമിനെ ശ്രദ്ധിച്ചിരുന്നു എന്നായിരുന്നു അപ്പോള്‍ അഖില പറഞ്ഞത്.
അത്രയധികം ബഹളം ഉണ്ടാക്കുകയായിരുന്നു ക്ലാസിലിരുന്ന്. അത് പെണ്‍കുട്ടികളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി ശബ്ദം ഉണ്ടാക്കിയതാണെന്നാണ് ശ്യാം പറയുന്നത്. അതേസമയം, ജീവിതത്തില്‍ ഒട്ടും സീരിയസ് അല്ലാത്ത ആളാണ് ശ്യാം എന്നും അഖില പറയുന്നുണ്ട്. വളരെ സീരിയസ് ആയ കാര്യങ്ങളും ലാഘവത്തോടെയാണ് പറയുന്നത്.
ഒരു കാര്യത്തെയും ഗൗരവത്തോടെ സമീപിക്കാനുള്ള പക്വത ഇപ്പോഴും ശ്യമിന് വന്നോ എന്ന് അറിയില്ലെന്നും അഖില പറയുന്നു. അതേസമയം, പെട്ടന്ന് ദേഷ്യം വരും, അത് പോലെ തന്നെ കൂളാകലും ശ്യാമിന്റെ സ്വഭാവമാണെന്നും അഖില വിശദീകരിക്കുന്നുണ്ട്.