തമിഴിലെ പ്രശസ്ത നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. തെന്നിന്ത്യയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. അമ്മയിൽ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് ഐശ്വര്യ. ഇപ്പോഴിതാ സിനിമയിലെ തന്റെ നിലനില്പ്പ് അത്ര സുഖകരമായിരുന്നില്ല എന്നാണ് ഐശ്വര്യ പറയുന്നത്. ഇന്ത്യാഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ; കയ്യിൽ കാശ് ഉണ്ടെങ്കിൽ സുഹൃത്തുക്കൾ അടക്കം എല്ലാവരും ഉണ്ടാവും. ഇല്ലെങ്കിലോ ആരും ഉണ്ടാവില്ല. എന്റെ ജീവിതത്തിൽ നല്ല സുഹൃത്തുക്കൾ ആവും എന്ന് കരുതിയവരൊക്കെ പോയിട്ടുണ്ട്. എനിക്കതൊരു പാഠമാണ്. ബിസിനസ് ആശയങ്ങളുമായി വരുന്നവരെ വിശ്വസിക്കരുതെന്നാണ് ഞാൻ പറയുക. അവരെ വിശ്വസിച്ച് അവരുടെ എക്‌സ്പീരിയൻസിനെ വിശ്വസിച്ച് നമ്മൾ എല്ലാത്തിനും നിന്നു കൊടുക്കും. പക്ഷെ അവസാനം നമ്മൾ മണ്ടന്മാരാകും.
നമ്മുടെ ബെസ്റ്റ് ഫ്രണ്ടിനെ ഒരിക്കലും ഔട്ട്ഡൂർ ഷൂട്ടിനു പോകുന്നതിന് മുന്ന് കാമുകനെ പരിചയപ്പെടുത്തി കൊടുക്കരുത്. ബെസ്റ്റ് ഫ്രണ്ട് ആയിരുന്നവൾ അങ്ങനെയൊരു പണി എനിക്ക് തന്നിട്ടുണ്ട്. എനിക്ക് വിശ്വാസം ഇല്ലാതായത് മനുഷ്യന്മാരിൽ നിന്നാണ്. 50 വർഷമായി ഞാൻ സിനിമയിലേക്ക് വന്നിട്ട്.
രണ്ട് സിനിമ ചെയ്ത് അമേരിക്കയിലേക്ക് പോകാം എന്ന് കരുതിയ ഞാൻ ഇവിടെ തന്നെ നിന്ന് പോയി. സിനിമയിൽ അല്ലാതെ മറ്റേത് മേഖലയിൽ ആയിരുന്നെങ്കിലും ഞാൻ വിജയിക്കുമായിരുന്നു. സിനിമയിൽ നിന്ന ഒരുപാട് അധിക്ഷേപങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. ഒന്നാമത്തെ കാര്യം എന്റെ രൂപത്തെ കുറിച്ച് പറഞ്ഞാണ്.
ഞാൻ എന്റെ അമ്മയെപ്പോലെ സുന്ദരിയല്ല എന്ന് പറഞ്ഞ് താരതമ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാവരും അച്ഛനും അമ്മയും ചെയ്തപോലെ ചെയ്താൽ വിജയിക്കണമെന്നില്ല. താരങ്ങളുടെ മക്കൾക്ക് സിനിമയിലേക്ക് കയറി ചെല്ലാൻ എളുപ്പമായിരിക്കും. പക്ഷെ നിലനില്ക്കാൻ എളുപ്പമായിരിക്കില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു