പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്ത് തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ്. അടുത്തിടെയായിരുന്നു തന്റെ വീട്ടില്‍ മോഷണം നടക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഐശ്വര്യ പരാതിയുമായി രംഗത്തെത്തിയത്.
സംഭവത്തില്‍ ഐശ്വര്യയുടെ വീട്ടുജോലിക്കാരായ ഈശ്വരിയും വെങ്കടേശനും അറസ്റ്റിലായിരുന്നു. 100 സ്വര്‍ണ്ണനാണയങ്ങളും നാല് കിലോ വെള്ളിയും 30 ഗ്രാമിന്റെ വജ്രാഭരണങ്ങളുമാണ് ഇവര്‍ ഐശ്വര്യയുടെ വീട്ടില്‍ നിന്നും കവര്‍ന്നത്.
പ്രതികളെ പിടികൂടിയതിന് പിന്നാലെ ചോദ്യം ചെയ്യലിനിടെ പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. മോഷ്ടിച്ച സാധനങ്ങള്‍ വിറ്റ് ഒരുകോടി രൂപയുടെ വീട് സ്വന്തമാക്കിയതായി പ്രതികള്‍ തുറന്നുപറഞ്ഞു. ഇതുസംബന്ധിച്ച് ഐശ്വര്യയുടെയും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികളില്‍ നിന്നും പോലീസ് മോഷണ മുതലും വീടിന്റെ രേഖകളുമെല്ലാം കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റ് ഈശ്വരി ഷോളിംഗനല്ലൂരിലാണ് ഒരുകോടി വിലമതിക്കുന്ന കൊട്ടാരം സ്വന്തമാക്കിയിരിക്കുന്നത്.
എന്നാല്‍ ഇത് ഐശ്വര്യയുടെ വീടാണെന്നും താന്‍ ബിനാമി മാത്രമാണെന്നുമാണ് ഈശ്വരി മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ഐശ്വര്യയുടെ വീട്ടില്‍ 18 വര്‍ഷത്തോളമായി ജോലി ചെയ്യുകയാണ് ഈശ്വരി. വീട്ടില്‍ നല്ല സ്വാതന്ത്ര്യമാണ് ഈശ്വരിക്കുള്ളത്, ഇത് മൊതലെടുത്താണ് മോഷണം.