നടന് കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.
ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രം ‘അടി’ അണിയറയില്‍ ഒരുങ്ങുകയാണ്. അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. താരത്തിന്റെ പിറന്നാള്‍ ദിനം കൂടിയാണ് ഇന്ന്. പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുകയായിരുന്നു.
അഹാനയുടെയും ഷൈനിന്റെയും കഥാപാത്രങ്ങളെയാണ് പോസ്റ്ററില്‍ കാണാനാവുക. അഹാനയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതോടൊപ്പം അഹാനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖറും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ‘പിറന്നാള്‍ ആശംസകള്‍ അഹാന. ഞാനും വേഫെറര്‍ ടീമും ചേര്‍ന്ന് നല്കുന്ന ഒരു ചെറിയ സമ്മാനമാണിത്. അടിയിലെ ഗീതികയെ ഗംഭീരവും ജീവസ്സുറ്റതുമാക്കിയിട്ടുണ്ട് അഹാന. എല്ലാവരും അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായ ഒരു വര്‍ഷമാകട്ടെ മുന്നിലുള്ളത്’- ദുല്‍ഖര്‍ കുറിച്ചു.
അതേസമയം, ദുല്‍ഖറിന്റെ ആശംസയ്ക്ക് അഹാന നന്ദിയും അറിയിച്ചിട്ടുണ്ട്. ഒരുപാട് നന്ദി ദുല്‍ഖര്‍. ഇത് എനിക്ക് ഏറെ മൂല്യമുള്ളതാണ്. എന്നെ ഇത് ഒരുപാട് സന്തോഷിപ്പിക്കുന്നു. നമ്മുടെ സിനിമ ലോകം കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഇപ്പോഴെന്നാണ് താരം പറഞ്ഞത്.
ചിത്രത്തില്‍ ധ്രുവന്, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്.