നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.
പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.
സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഫഹദ് ഫാസില്‍ നായകനായി എത്തിയ അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് അഹാന കൃഷ്ണയെ ആയിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് ആന്‍ഡ്രിയ ആയിരുന്നു. ഇപ്പോഴിതാ ആ വിഷയത്തില്‍ സംസാരിക്കുകയാണ് അഹാന. അച്ഛനും അമ്മയുമാണ് തന്നോട് പറഞ്ഞത് ആ ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നുവെന്ന് അഹാന പറയുന്നു.
എന്നാല്‍ ലുക്ക് ടെസ്റ്റ് നടത്താന്‍ പോയാല്‍ തനിക്ക് അത് വര്‍ക്കൗട്ട് ആവില്ലായിരുന്നു. അന്ന് തനിക്ക് 15 വയസ്സാണ് പ്രായമെന്നും ആന്‍ഡ്രിയ അവതരിപ്പിച്ച കഥാപാത്രം തനിക്ക് ചേരുന്നതെല്ലെന്നും അവര്‍ എന്തിനാണ് തന്നെ ആ സിനിമയിലേക്ക് വിളിച്ചതെന്ന് അറിയില്ലെന്നും അഹാന പറഞ്ഞു.