മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയങ്കരിയായ നടിയാണ് ജയഭാരതി. ഇന്നും നടിയുടെ പഴയ ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിത ജയഭാരതിയുമായി ബന്ധപ്പെട്ട ഒരു സംഭവം പങ്കുവെയ്ക്കുകയാണ് കലൂർ ഡെന്നീസ്. മനോരമ ഓൺലൈന് വേണ്ടി സിനിമയിലെ കാണാകാഴ്ചകൾ എന്ന ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കല്യാണ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് കലൂർ ഡെന്നീസ് വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…” ചിത്രപൗർണമി സിനിമാവാരിക തുടങ്ങുന്ന സമയമായിരുന്നു. അതിന്റെ ജോലികളുമായി ഓടി നടക്കുമ്പോഴാണ് ഒരു എക്സ്‌ക്ലൂസീവായ വാർത്ത കിട്ടുന്നത്. പ്രശസ്ത നായകനാടൻ വിൻസന്റും ജയഭാരതിയുടെ അനുജത്തിയും തമ്മിൽ വിവാഹിതരാവുന്നു എന്നതായിരുന്നു ആ വാർത്ത. ഞങ്ങളുടെ സുഹൃത്തും സാഹിത്യകാരനും, പത്രപ്രവർത്തനുമൊക്കെയായ വിജയൻ കരോട്ടാണ് ആ വാർത്ത അയച്ചു തന്നത്.
ALSO READ
മറ്റു വാരികകളിൽ വരുന്നതിന് മുൻപു തന്നെ ഫ്രണ്ട് പേജിൽ തന്നെ ഞങ്ങളത് കൊടുക്കുകയും ചെയ്തു. മറ്റാർക്കും കിട്ടാത്ത ആ വാർത്ത എവിടുന്നു കിട്ടിയെന്ന ചർച്ചയായിരുന്നു അന്ന് സിനിമാ ലോകത്തു നടന്നത്. ആ വാർത്ത വന്നു കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ മദ്രാസിൽ നിന്ന് ഞങ്ങൾക്ക് ഒരു വക്കീൽ നോട്ടീസ് വന്നു. രജിസ്ട്രേഡ് ലെറ്ററാണ്. ഞങ്ങളത് പൊട്ടിച്ചു വായിച്ചപ്പോഴാണ് പ്രശസ്ത നടിയായ ജയഭാരതിയുടെ വക്കീൽ നോട്ടീസാണെന്ന് മനസ്സിലായത്. ജയഭാരതിയുടെ അനിയത്തിയും സിനിമാ നടൻ വിൻസെന്റുമായുള്ള വ്യാജ വിവാഹവാർത്ത കൊടുത്തതിന്റെ പേരിലുള്ള വക്കീൽ നോട്ടീസായിരുന്നു അത്. ഒരു വിവാഹവാർത്ത വന്നതിന് എന്തിനാണ് ഇങ്ങനെ വക്കീൽ നോട്ടീസയക്കുന്നത്? അതുകൊണ്ടു തന്നെ അതത്ര സീരീയസ്സായി ഞങ്ങൾ എടുത്തില്ല.
മാസങ്ങൾക്ക് ശേഷം കലിയുഗം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ജയഭാരതിയെ കണ്ടിരുന്നു. അന്ന് ഒപ്പം കെപിഎസി ലളിതയും ഉണ്ടായിരുന്നു. ഞാനും സെബാസ്റ്റ്യൻ പോളും ഉണ്ടായിരുന്നു. ഞങ്ങൾ അവരുടെ അടുത്തു ചെന്ന് സ്വയം പരിചയപ്പെടുത്താൻ തന്നെ തീരുമാനിച്ചു. ജയഭാരതി പാലസ്സിന്റെ താഴത്തെ മുറിയിലേക്ക് പോകാനായി നടന്നപ്പോൾ ഞങ്ങൾ അടുത്തു ചെന്നു. ഞങ്ങളെ കണ്ടപ്പോൾ ജയഭാരതി അപരിചിത ഭാവത്തിൽ നോക്കുന്നുണ്ട്.
ചിത്രപൗർണമി എന്നു കേട്ടപ്പോൾ ഭൂമികുലുക്കവും ഉരുൾപൊട്ടലും ഒന്നിച്ചുണ്ടാകുന്നതു പോലുള്ള ഒരു പ്രത്യേക സ്വരമാണവരിൽ നിന്ന് ഉണ്ടായത്. അവർ ദേഷ്യത്തിൽ നടന്നുകൊണ്ടു എന്തൊക്കെയോ പറഞ്ഞു കൊണ്ടു മുറിയിലേക്ക് നടന്നു. ഞങ്ങൾ പിന്നാലെ പോയി. ഞങ്ങൾ മുറിയിലേക്ക് ചെല്ലുന്നതു കണ്ടപ്പോൾ അവർക്ക് ദേഷ്യം വന്നു. ഒരനുനയത്തിൽ ഉണ്ടായ സത്യാവസ്ഥ ഞങ്ങൾ നിരത്തിയപ്പോൾ ജയഭാരതി അൽപം ഒന്നു തണുത്തു.
എന്നിട്ട് പറഞ്ഞു’എന്നെപ്പറ്റി നിങ്ങൾ എന്തു വേണമെങ്കിലും എഴുതിക്കോളൂ. ഞാനൊരു ആർട്ടിസ്റ്റായതുകൊണ്ട് അതു കേൾക്കാൻ വിധിക്കപ്പെട്ടവളാണ്. പക്ഷേ വീട്ടിലിരിക്കുന്ന എന്റെ സിസ്റ്ററെക്കുറിച്ച് എഴുതാൻ നിങ്ങളോട് ആരാണ് പറഞ്ഞത്. ഇങ്ങനെയുള്ള ഫേക്ക് ന്യൂസ് കിട്ടുമ്പോൾ നിങ്ങൾ എന്നെ വിളിച്ചു ചോദിക്കണം. അതൊന്നും ചോദിക്കാതെ ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്ന വിധത്തിലുള്ള ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കുന്നത് വളരെ തെറ്റാണ്.
ALSO READ
അവർ പറഞ്ഞതിൽ സത്യമുണ്ടെന്നു തോന്നിയപ്പോൾ തനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ‘ഇങ്ങനെയുള്ള ഗോസിപ്പുകൾ പലതും വരും, എന്നെപ്പറ്റിയാണെങ്കിൽ എന്നെ വിളിച്ചു ചോദിക്കണം. ഏതായാലും ഞാൻ ഇപ്പോൾ കേസിനൊന്നും പോകുന്നില്ല. അടുത്ത ലക്കത്തിൽ തന്നെ നല്ലൊരു തിരുത്തു കൊടുത്താൽ മതി. ‘ എന്ന് ജയഭാരതി പറഞ്ഞു. ഈ സംഭവത്തോടെ പുതിയൊരു സൗഹൃദത്തിനു തുടക്കം കുറിക്കുക കൂടിയായിരുന്നു” എന്ന് കലൂർ ഡെന്നീസ് എഴുതുന്നുണ്ട്.