ആ ചീത്തപ്പേര് താൻ ആവോളം ആസ്വദിക്കാറുണ്ട് : വെളിപ്പെടുത്തലുമായി ശാലിൻ സോയ

2758

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലിൻസോയ. യാത്രകളോട് അടങ്ങാത്ത പ്രണയമുള്ളയാളാണ് നടി ശാലിൻ സോയ. സമ്പാദ്യം മുഴുവനും യാത്ര ചെയ്തു ചെലവാക്കുകയാണെന്ന ചീത്ത പേരുണ്ടെന്നും ശാലിൻ തുറന്നു പറയുകയാണ്. എങ്കിലും ആ ചീത്തപ്പേര് താൻ ആവോളം ആസ്വദിക്കാറുണ്ട്. ലോകം കണ്ടില്ലെങ്കിൽ പിന്നെ എന്തു ജീവിതം. യാത്രകൾ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഇനിയും കുറെയേറെ യാത്രകൾ ചെയ്യണമെന്നുമാണ് ശാലിൻ സോയ പറയുന്നത്.

എല്ലാവരും വിഡിയോകളിലൂടെയും റീൽസിലൂടെയും യാത്ര ആരംഭിക്കുന്നതു മുതൽ തിരിച്ചു വീട്ടിലെത്തുന്നതുവരെയുള്ള കാര്യങ്ങൾ ഇടതടവില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരാണ്. സമൂഹമാധ്യമത്തിൽ സജീവമാണെങ്കിലും ശാലിൻ യാത്രയുടെ ഒരുപാട് ചിത്രങ്ങൾ പങ്കുവയ്ക്കാറില്ല.

Advertisements

നമ്മുടെ കണ്ണുകൾ കൊണ്ട് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും ഒരു ക്യാമറയിലൂടെ പകർത്തിയെടുക്കാനാവില്ല. നേരിട്ട് കണ്ട് ആസ്വദിക്കുന്നതിനോടാണ് എനിക്ക് ഇഷ്ടം. പോകുന്ന സ്ഥലം എത്ര മനോഹരമാണെന്ന് തിരിച്ചറിയണമെങ്കിൽ അത് സ്വയം കണ്ടു തന്നെ അനുഭവിക്കണം.

Also Read
അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വൈറൽ

ആ സമയം കയ്യിൽ ക്യാമറയും മൊബൈലും പിടിച്ച് നടന്നാൽ പലതും കാണാതെയും അറിയാതെയും പോകും. എനിക്ക് ഒട്ടും താൽപര്യമില്ലാത്ത ഒരു കാര്യമാണത്. എന്റെ സുഹൃത്തുക്കൾ പലരും പറയാറുണ്ട് ഒത്തിരി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും ചിലപ്പോൾ തെളിവു ഉണ്ടാകില്ല നിന്റെ കയ്യിൽ എന്ന്, കാരണം നീ അങ്ങനെ ഫോട്ടോയും വിഡിയോയും ഒന്നും എടുക്കില്ലല്ലോ, അവർ പറയുന്നത് സത്യമാണെന്ന് ചിലപ്പോൾ എനിക്കും തോന്നാറുണ്ട്.

പക്ഷേ അതിൽ സങ്കടമൊന്നുമില്ല. നമ്മൾ ജീവിതത്തിൽ നടത്തുന്ന യാത്രകളാണ് ഏറ്റവും വലിയ സമ്പാദ്യം. ഞാൻ അറിഞ്ഞിട്ടുള്ളതും കണ്ടിട്ടുള്ളതുമായ കാര്യങ്ങൾ എന്നും എന്റെ മനസ്സിൽ ഒരു കോട്ടവും തട്ടാതെയുണ്ട്. ക്യാമറയിൽ എത്ര പകർത്തിയാലും ആ യാത്രാനുഭവം കിട്ടണമെന്നില്ല.

ദുബായ് എനിക്ക് അമ്മ വീടുപോലെയാണ്. ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരാറുള്ളത് കൊണ്ട് അവിടം സുപരിചിതമാണ്. ദുബായ് എക്‌സ്‌പോ കാണാനും പോയിരുന്നു. അവിടെ വന്ന ഭൂരിഭാഗം ആളുകളും മൊബൈലും പിടിച്ച് നടക്കുന്ന കാഴ്ച സത്യം പറഞ്ഞാൽ എനിക്ക് അരോചകമായിട്ടാണ് തോന്നിയത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. എല്ലാവർക്കും ഓരോ നിമിഷവും മൊബൈലിലും ക്യാമറയിലും പകർത്താനാണ് താല്പര്യം കൂടുതൽ. അതുമാത്രമല്ല അത്രയും തിരക്കും ബഹളവുമുള്ള സ്ഥലങ്ങൾ എനിക്ക് അത്ര ഇഷ്ടവുമല്ല.

പലപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കൊണ്ടാകാം കുറച്ചുകൂടി ശാന്തതയും സമാധാനവും ഒക്കെയുള്ള സ്ഥലങ്ങളാണ് തിരഞ്ഞെടുക്കാറുള്ളതും. തിരക്കേറിയ സ്ഥലങ്ങൾ ഇഷ്ടമല്ല, എന്നല്ല ഞാൻ പറഞ്ഞത്. വാരണാസി, പുഷ്‌കർ പോലെയുള്ള ഇടങ്ങൾ ഉണ്ടല്ലോ. അവിടെയുള്ള ആ തിരക്ക് നമുക്ക് ആസ്വദിക്കാവുന്നതുകൂടിയാണ്. കാരണം ആ തിരക്കിലുള്ള മനുഷ്യർ എല്ലാവരും ഒരേ മനസ്ഥിതി ഉള്ളവരായിരിക്കും. നമ്മളും ഒരു ഓളത്തിലെന്നപോലെ ആ തിരക്കിൽ അലിഞ്ഞുചേരും.

കൊറോണ കാലത്തിനു മുമ്പ് ഞാൻ പുഷ്‌കറിൽ പോയിരുന്നു. നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരമായ യാത്രകളിൽ ഒന്നായിരുന്നു അത്. യാത്രകളെ സ്‌നേഹിക്കുന്നവർ ഒരിക്കലെങ്കിലും പുഷ്‌കർ സന്ദർശിക്കണം. വിശുദ്ധ ഭൂമിയാണ്. ഭക്തിയുടെ,പ്രാർത്ഥനയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മാന്ത്രികയിടമാണ്.നിങ്ങൾ ഏതു മതസ്ഥരുമായികൊള്ളട്ടെ, അവരവരുടേതായ ആത്മീയ തലങ്ങളിൽ സ്വയം മറന്നിരിക്കാം. ഒരിക്കൽക്കൂടി പുഷ്‌കർ സന്ദർശിക്കണമെന്നാണ് എന്റെ ആഗ്രഹംമെന്നും ശാലിൻ പറയുന്നുണ്ട്.

പപ്പയുടെ പിറന്നാളിന് ഞങ്ങൾ രണ്ടുപേരും കൂടി എല്ലാവർഷവും യാത്രകൾ പോകാറുണ്ട്. ഞാൻ പപ്പയ്ക്ക് കൊടുക്കുന്ന സമ്മാനം ആണ് ആ യാത്ര എന്ന് വേണമെങ്കിൽ പറയാം. ഇത്തവണ ഞങ്ങൾ പോകാൻ തീരുമാനിച്ചത് വയനാട് ആയിരുന്നു. വണ്ടി എടുത്തിട്ട് കുറച്ചായെങ്കിലും പപ്പയെകൊണ്ട് ഞാൻ വാഹനമോടിച്ച് അങ്ങനെ യാത്ര പോയിട്ടില്ല.

ഇത്തവണ പപ്പ പറഞ്ഞു എന്നോട് ഡ്രൈവ് ചെയ്യാൻ. വയനാട്, താമരശ്ശേരി ചുരം കയറി വേണമല്ലോ പോകാൻ. പോളോയാണ് നമ്മുടെ സാരഥി. ചുരം കയറണമല്ലോ എന്നൊരു ചിന്തയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ പപ്പ പറഞ്ഞു ഒന്നും നോക്കണ്ട നീ ഓടിച്ചാൽ മതി, ഇവിടെ വരെ എത്തിയില്ലേ ഇനി ചുരം കൂടി അങ്ങ് കയറി ഇറങ്ങിക്കോ. മനസ്സിൽ ആദ്യമൊരു വെള്ളിടിയാണ് പാഞ്ഞത്.

നമ്മുടെ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും ഏത് പ്രതിസന്ധിഘട്ടത്തിലും താങ്ങും തണലുമായി ഒപ്പം നിൽക്കുന്നവർ. ഡ്രൈവിങ് സീറ്റിൽ പേടിച്ചിരുന്ന എന്നെ ചുരത്തിന്റെ വളവുകൾ ഓരോന്നും വളച്ചൊടിക്കാൻ സഹായിച്ചത് പപ്പയെന്ന ശക്തിയാണ്. വീട്ടിൽ നിന്നു ഷൂട്ടിങ് സൈറ്റിലേക്കും ടൗണുകളിലുമെല്ലാം ഡ്രൈവ് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഹൈറേഞ്ച് പിടിക്കുന്നത്. കുറച്ച് വഴക്കൊക്കെ കിട്ടിയെങ്കിലും എന്നിലെ ഡ്രൈവർ ഫുൾ ടെസ്റ്റ് പാസായെന്നും ശാലിൻ പറയുന്നുണ്ട്.

ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് ഒരു സുഖമുള്ള കാര്യമാണ്. പ്രത്യേകിച്ച് നൈറ്റ് ഡ്രൈവ്. എഫ് എമ്മിലെ പാട്ടൊക്കെ കേട്ട് നല്ല സുഖമുള്ളൊരു യാത്ര. ഞാൻ ആകാശവാണിയുടെ വലിയൊരു ആരാധികയാണ്. എന്റെ വണ്ടിയിൽ മിക്കവാറും അതിലെ ഗാനങ്ങളാകും.

ട്രിപ് പോകുന്നത് ജയ്പൂരിലേക്കാണെങ്കിൽ സുഹൃത്തുക്കൾ വഴി ചോദിച്ച് വിളിക്കുന്നത് എന്നെയാണ്. തമാശയ്ക്ക് പറയുന്നതാണെങ്കിലും പല പ്രാവശ്യം പോയിട്ടുള്ളതു കൊണ്ട് അവിടുത്തെ കുറേയേറെ സ്ഥലങ്ങളും കാര്യങ്ങളും എനിക്കറിയാം. ഒരിക്കലും നമുക്ക് മടുപ്പ് തോന്നാത്ത, വീണ്ടും കാണണമെന്ന് മനസ്സ് തോന്നിപ്പിക്കുന്ന ചില ഇടങ്ങളുണ്ടാകും. അങ്ങനെയൊരു സ്ഥലമാണ് ജയ്പൂർ. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരിടം.

Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ

പിങ്ക് സിറ്റി എന്ന് ലോകം മുഴുവനും അറിയപ്പെടുന്ന രാജസ്ഥാന്റെ തലസ്ഥാന നഗരി, പൈതൃകവും സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഒരു ജനതയെ ഉൾക്കൊള്ളുന്നതാണ്. മിക്ക രാജസ്ഥാൻ യാത്രാമാർഗങ്ങളുടെയും തുടക്കം ജയ്പൂരാണ്. രാജസ്ഥാൻറെ പൈതൃകത്തിനൊപ്പം ചേർന്നു നിൽക്കുന്ന അതേ പ്രൗഢിയുമായി നിൽക്കുന്ന നഗരമാണ് ജയ്പൂർ.

രാജസ്ഥാൻ കാഴ്ചകളിൽ ഒരിക്കലും മാറ്റി നിർത്തുവാൻ സാധിക്കാത്ത ജയ്പൂർ പേരുകേട്ടിരിക്കുന്നത് ഇവിടുത്തെ കൊട്ടാരങ്ങളാലാണ്. വാസ്തുശാസ്ത്രം അനുസരിച്ച് കെട്ടിയുയർത്തിയ ഇന്ത്യയിലെ ആദ്യ നഗരം കൂടിയാണ് ജയ്പൂർ. ഹവാ മഹൽ, ജന്ദർ മന്ദർ, ആംബർ ഫോർട്ട് തുടങ്ങി ഇവിടെ നിരവധി സ്ഥലങ്ങളിലൂടെ യാത്രചെയ്യാം. രണ്ട് തവണയിൽ കൂടുതൽ ഞാൻ രാജസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. പുഷ്‌കറും മറക്കാനാവാത്തതാണ്. പുഷ്‌കറിലെത്തിയാൽ നമ്മൾ ഒറ്റയ്ക്കാണെങ്കിലും അങ്ങനെ തോന്നില്ല. അവിടുത്തെ അന്തരീക്ഷം നമ്മെ ചേർത്തു നിർത്തും.

കഴിഞ്ഞ രണ്ടു വർഷവും കുറേ പ്ലാനുകൾ ചെയ്തതായിരുന്നു. പക്ഷേ ആകെ ബാലി, മാലദ്വീപ്,ആലപ്പുഴ അങ്ങനെ കുറച്ച് യാത്രകൾ മാത്രം സാധ്യമായുള്ളൂ. അതുകൊണ്ട് ഈ വർഷം കുറച്ചധികം യാത്രകൾ നടത്തണമെന്ന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഷെങ്കൻ വീസ എടുത്തു സഞ്ചരിക്കാൻ സാധിക്കുന്ന രാജ്യങ്ങൾ മുഴുവനും പോകണം.

സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലൻഡ് എന്നിവയുൾപ്പെടെ യൂറോപ്പിലെ എന്നാൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളടക്കം 26 രാജ്യങ്ങൾ ഈ വീസയിലൂടെ സന്ദർശിക്കാം. മാത്രമല്ല ഷെങ്കൻ ഏരിയയിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കാനും കൂടുതൽ ഔപചാരികതകളില്ലാതെ ആഭ്യന്തര അതിർത്തികൾ കടക്കാനും ഈ വിസയിലൂടെ സാധ്യമാകും.

കുറേ രാജ്യങ്ങളിലൂടെ സഞ്ചരിക്കാം എന്നുമാത്രമല്ല കുറെയേറെ സംസ്‌കാരങ്ങളും ആളുകളെയും കാഴ്ചകളും എല്ലാം അനുഭവിക്കാൻ സാധിക്കും. അതുകൊണ്ടാണ് ഷെങ്കൻ വീസ എടുത്തു ഒരു ട്രിപ്പ് എന്ന പ്ലാൻ ഞാൻ മനസിൽ കരുതി വച്ചിരിക്കുന്നത്. പിന്നെ തായ്ലൻഡ്, ഭൂട്ടാൻ, അങ്ങനെ വേറെയും പ്ലാനുണ്ട്. കാണണം, അറിയണം, ആസ്വദിക്കണം അങ്ങനെ യാത്രകളിലൂടെ ജീവിക്കണം എന്നാണ് ശാലിന്റെ വാക്കുകൾ.

 

 

Advertisement