ബോളിവുഡിന്റെ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവര്‍ക്കും തൈമൂര്‍ എന്ന ഒരു മകനുമുണ്ട്. മൂവരും എപ്പോഴും ബോളിവുഡ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവരാണ്.
സെയ്ഫിന്റെ ആദ്യ ഭാര്യ അമൃതയെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും തനിക്ക് അവരോട് ബഹുമാനം മാത്രമാണെന്ന് കരീന പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇപ്പോള്‍ കരീന വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. താരത്തിന്റെ ഗര്‍ഭവാര്‍ത്തയാണ് ചൂട് പിടിക്കുന്നത്.
മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ ഗുഡ് ന്യൂസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അല്‍പം വീര്‍ത്ത വയറുമായി നടക്കുന്ന കരീനയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് താരം ഗര്‍ഭിണിയാണെന്ന നിലയില്‍ ചിത്രങ്ങള്‍ വൈറലായത്. ചിത്രത്തിന്റെ ആദ്യകുറേ ഭാഗങ്ങള്‍ ചിത്രീകരിച്ചത് അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ്.
അവിടുത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പുറത്തായിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങളില്‍ വയര്‍ ഒട്ടും തോന്നിക്കുന്നുമില്ല. പക്ഷേ, മുംബൈയില്‍ നിന്നുള്ള ചിത്രങ്ങള്‍ കണ്ടാല്‍ താരം ഗര്‍ഭിണിയല്ലെന്നു പറയുകയുമില്ല. ഇതാണ് സംശയത്തിനും ആശയക്കുഴപ്പത്തിനും കാരണമായത്.
കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് കരീനയുടെ ജോഡി. വാടകഗര്‍ഭധാരണമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുട്ടിയുണ്ടാകാന്‍ വേണ്ടി കാത്തിരിക്കുന്ന ദമ്പതികളുടെ കഥ.
ഈ കഥയ്ക്ക് അനുയോജ്യമായ വേഷം ധരിക്കുകയും വയര്‍ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തതാണ് പെട്ടെന്ന് ബോളിവുഡില്‍ ഗര്‍ഭവാര്‍ത്ത പ്രചരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പ്രതികരിക്കാതെ ചിത്രീകരണ തിരക്കുകളിലാണ് കരീന.