തന്നെ അടിച്ചമര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമം നടക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രമ്യാ നമ്പീശന്‍

7

തന്നെ അടിച്ചമര്‍ത്താന്‍ ചിലയിടങ്ങളില്‍ നിന്ന് ശ്രമം നടക്കുന്നുണ്ടെന്ന് രമ്യാ നമ്പീശന്‍. എഎംഎംഎയില്‍ നിന്നും രാജിവെച്ച ശേഷം വരുന്ന അവസരങ്ങളെല്ലാം ഇല്ലാതാക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് രമ്യാ നമ്പീശന്‍ ആരോപിച്ചു. ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതെല്ലാം പരിഹരിക്കണം. നിരുത്തരവാദപരമായ സമീപനം ഉണ്ടായ ശേഷമാണ് എഎംഎംഎയില്‍ നിന്നും രാജി വെച്ചത്.

പുരുഷന്മാര്‍ക്ക് എതിരെയുള്ള സംഘടനയല്ല ഡബ്ലുസിസി എന്നും രമ്യ നമ്പീശന്‍ പറഞ്ഞു. ദിലീപിനെ സംഘടനയിലെയ്ക്ക് തിരിച്ചെടുക്കാനുള്ള എഎംഎംഎയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്‍ ഉള്‍പ്പെടെ നാലു നടിമാര്‍ എഎംഎംഎയില്‍ നിന്നും രാജിവെച്ചത്. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാതെ ആക്രമണം നടത്തിയ ആള്‍ക്കൊപ്പം സംഘടന നില്‍ക്കുന്നു എന്നായിരുന്നു രാജിവെച്ച നടിമാര്‍ പ്രധാനമായും ആരോപിച്ചിരുന്നത്.

Advertisements

അതേസമയം, താരസംഘടനയായ എഎംഎംഎയുടെ പിന്തുണ തനിക്കാവശ്യമില്ലെന്ന് ആക്രമണത്തെ അതിജീവിച്ച നടി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ രണ്ടു നടികള്‍ അപേക്ഷ നല്‍കിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മറ്റുള്ളവരുടെ പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആക്രമണത്തെ അതിജീവിച്ച നടി രംഗത്തെത്തിയിരിക്കുന്നത്.

നടി സിനിമാസംഘടനയുടെ ഭാഗമല്ലെന്നും, ഈ സാഹചര്യത്തില്‍ പിന്തുണയുടെ ആവശ്യമില്ലെന്നുമാണ് നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കേസ് എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണമെന്നറിയാം. സിനിമയിലെന്ന പോലെ ആളുകള്‍ കൂടിയാല്‍ അത് കേസിന്റെ പുരോഗതിക്ക് നല്ലതാവില്ലെന്നും അഭിഭാഷകന്‍ പറയുന്നു.

നടിമാരായ ഹണിറോസ്, രചന നാരായണന്‍കുട്ടി എന്നിവരാണ് ഹര്‍ജിയില്‍ കക്ഷിചേരാനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താരസംഘടന എന്ന് സ്ഥാപിക്കാനും, നടന് പിന്തുണ നല്‍കുന്നു എന്ന വിമര്‍ശനം ഇല്ലാതാക്കാനുമാണ് ഈ നീക്കമെന്നായിരുന്നു സൂചന.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യവും ഇന്നാണ് പരിഗണിക്കുന്നത്. വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക അതിവേഗ കോടതിയും വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

അതേസമയം ഈ അവശ്യം മുന്‍നിര്‍ത്തി നടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയിരുന്നു. ജില്ലയിലെ സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ന്യായാധിപന്‍മാരില്ലാത്തതാണ് ആവശ്യം തള്ളാന്‍ കാരണം. എന്നാല്‍ പ്രൊസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

Advertisement